Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിളിച്ചിട്ടും മകൾ ഉണർന്നില്ല; ആ അമ്മ നൽകുന്നു എല്ലാവർക്കും ഒരു മുന്നറിയിപ്പ്!

jennifer

‘ഉറങ്ങിക്കിടക്കുന്ന കുഞ്ഞോമനയെ തട്ടിവിളിക്കുമ്പോൾ ഉണരാതിരിക്കുന്നത്രയും ഭീകരമായ മറ്റൊന്നും ഈ ലോകത്തില്ല...’ അമേരിക്കക്കാരിയായ ജെന്നിഫർ ആബ്മ ഇതു പറയുമ്പോൾ ഞെട്ടൽ മാറിയിരുന്നില്ല. കാരണം ആ അവസ്ഥയിലൂടെ ഏതാനും ദിവസങ്ങൾക്കു മുൻപ് കടന്നു പോയതാണവർ. വിളിച്ചപ്പോൾ എണീറ്റില്ലെന്നു മാത്രമല്ല മകളുടെ ദേഹമാകെ വിയർത്തൊലിച്ച് ചുവന്നനിറമായിരുന്നു. തൊട്ടുനോക്കിയപ്പോഴാകട്ടെ ദേഹമാകെ കൊടുംചൂടും! ഉടൻതന്നെ ജെന്നിഫർ ആശുപത്രിയിലേക്കു ഫോൺ ചെയ്തു. മെഡിക്കൽ സംഘം പാഞ്ഞെത്തി. കൃത്യസമയത്ത് ചികിത്സ ലഭിച്ചതോടെ ജെന്നിഫറിന്റെ മൂന്നുവയസ്സുകാരി മകൾ എനസ്തേഷ രക്ഷപ്പെടുകയും ചെയ്തു. 

താപാഘാതം (Heatstroke) ഏറ്റതായിരുന്നു എനസ്തേഷയ്ക്ക്. ഏറെനേരം സൂര്യപ്രകാശമേൽക്കേണ്ടി വരുമ്പോഴാണ് സാധാരണ താപാഘാതം ഉണ്ടാകാറുള്ളത്. ‘സൂര്യാതപവും’(Sunstroke) സമാനമായി സംഭവിക്കുന്നതാണ്. പക്ഷേ അന്നേ ദിവസം വീടിനു പുറത്തിറങ്ങാതിരുന്ന മകൾക്ക് ഇതെങ്ങനെ സംഭവിച്ചു എന്നാണ് ജെന്നിഫറിന് മനസിലാകാത്തത്. അതിനാൽത്തന്നെ മകളുടെ ഉറങ്ങിക്കിടക്കുന്ന ഫോട്ടോ സഹിതം ആ അമ്മ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റുമിട്ടു. കുട്ടികളുടെ മുറിയിലെ ചൂട് എല്ലായ്പ്പോഴും നിരീക്ഷിക്കണമെന്നും വീടിനു പുറത്തിറങ്ങാതെ തന്നെ കുട്ടികൾക്ക് താപാഘാതം ഏൽക്കുമെന്നും മറ്റു മാതാപിതാക്കളെ ഓർമിപ്പിച്ചു കൊണ്ടാണ് ജെന്നിഫറിന്റെ പോസ്റ്റ്. ഫെയ്സ്ബുക്കിലും ഇത് ഷെയർ ചെയ്തതോടെ വൈറലായി. ഒട്ടേറെ പേരാണ് ഈ വിവരം എനസ്തേഷയുടെ ഫോട്ടോസഹിതം ഷെയർ ചെയ്തത്. 

ജൂലൈ 14നായിരുന്നു ജെന്നിഫർ ഇക്കാര്യം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അതിനു തലേന്നായിരുന്നു സംഭവം. വീടിനു മുകളിലുള്ള മുറിയിലേക്ക് ഉറങ്ങാൻ പോയതായിരുന്നു  എനസ്തേഷ. കുറച്ചു കഴിഞ്ഞപ്പോൾ ജെന്നിഫറും മകളുടെ അടുത്തേക്ക് പോയി. പക്ഷേ കാഴ്ചയിൽ എന്തോ പന്തികേട്! കുട്ടിക്ക് അനക്കമില്ല. അപ്പോൾത്തന്നെ ആശുപത്രിയിലേക്ക് വിളിക്കുകയായിരുന്നു. 20 മിനിറ്റോളം തട്ടിവിളിച്ചിട്ടും അനക്കമില്ല. വിവരങ്ങളെല്ലാം ഫോണിൽ കൃത്യമായി പറഞ്ഞിട്ടുണ്ടായിരുന്നതിനാൽ എല്ലാ എമർജൻസി സംവിധാനങ്ങളും മെഡിക്കൽ സംഘം ഒപ്പം കൊണ്ടു വന്നിരുന്നു. ഷുഗർ ലെവൽ പരിശോധിച്ചപ്പോൾ 1.2 മാത്രം. നാലിനു മുകളിൽ വരേണ്ട സ്ഥാനത്താണത്. ഉടനെ തന്നെ കുട്ടിക്ക് സുക്രോസ് നൽകി. അത് പ്രവർത്തിച്ചു തുടങ്ങിയതോടെ മിനിറ്റുകൾക്കകം ബോധം തെളിഞ്ഞ് പേടിയോടെ അലറിക്കരയാൻ തുടങ്ങി എനസ്തേഷ. ബോധം തിരികെ കിട്ടിയപ്പോൾ ചുറ്റിലുമുള്ളവരെ കണ്ട പേടിയിലായിരുന്നു കരച്ചിൽ. പക്ഷേ ജീവിതത്തിലെ ഏറ്റവും ഭയാനകമായ നിമിഷങ്ങളിലൂടെ കടന്നു പോയിരുന്ന ജെന്നിഫറിന് ആശ്വാസമാവുകയായിരുന്നു കുഞ്ഞിന്റെ ശബ്ദം. 

വിചാരിച്ചതിനേക്കാളും നേരത്തേ വീട്ടിലെത്തിയ മെഡിക്കൽ സംഘത്തോടാണ് തന്റെ കുഞ്ഞിനെ രക്ഷിച്ചതിനുള്ള സകല നന്ദിയും ജെന്നിഫർ അറിയിക്കുന്നത്. ഇടയ്ക്ക് മകളെ നോക്കാനായി മുകളിലേക്ക് വന്നില്ലായിരുന്നെങ്കിൽ എന്തായിരുന്നേനെ അവസ്ഥയെന്നോർത്ത് ആ അമ്മയ്ക്ക് ഇപ്പോഴും ഞെട്ടലാണ്. വീടിനു പുറത്തേക്കിറങ്ങാതെ തന്നെ താപാഘാതം ഏറ്റതറിഞ്ഞാണ് ജെന്നിഫർ ഏറെ പേടിക്കുന്നത്. കുട്ടികളുടെ മുറിയിലേക്ക് ഇടയ്ക്കിടെ കയറി പരിശോധിക്കേണ്ടതാണെന്നും അവർ മുന്നറിയിപ്പു നൽകുന്നു. മുതിർന്നവർക്ക് താങ്ങാനാവുമെങ്കിലും പലപ്പോഴും കൊടുംചൂടിൽ കുട്ടികൾ തളർന്നു പോകും. വിയർത്ത് ജലാംശവും നഷ്ടമാകും. വെയിലത്ത് നിർത്തിയിട്ട കാറിനുള്ളിൽ പെടുന്ന അതേ അവസ്ഥയായിരിക്കും അത്തരം ഘട്ടങ്ങളിൽ. 

കൊടുംചൂടിന്റെ കാലാവസ്ഥയിലോ കുറേ നേരം വെയിലത്തു നിൽക്കുമ്പോഴോ ഒക്കെയാണ് താപാഘാതം ഏൽക്കുക പതിവ്. ഏറെ നേരം കഠിനമായി വ്യായാമം ചെയ്താലും ശാരീരികാധ്വാനമുണ്ടായാലും ഈ പ്രശ്നമുണ്ടാകാറുണ്ട്. അതോടൊപ്പം എനസ്തേഷയെപ്പോലെ ഏറെ നേരം ചൂടേറിയ മുറിയിൽ കിടന്നാലും താപാഘാതം ഏൽക്കുമെന്നതാണ് മെഡിക്കൽ സംഘവും നൽകുന്ന മുന്നറിയിപ്പ്. ചൂടേറ്റ് ശരീരത്തിൽ നിന്ന് വെള്ളവും ലവണങ്ങളും നഷ്ടപ്പെടുന്ന Heat exhaustion എന്ന അവസ്ഥ സാധാരണമാണ്. എന്നാൽ ഇതിനു പുറമേ ശരീരത്തിന് സ്വയം തണുപ്പിക്കാൻ സാധ്യമല്ലാതാകുകയും ചെയ്യുന്ന അവസ്ഥയാണ് ‘താപാഘാതം’. മരണത്തിനു വരെ കാരണമാകുന്നതാണിത്.

Read More : ആരോഗ്യവാർത്തകൾ

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.