Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിരോധം ശക്തമാക്കാൻ എംആർ വാക്സിൻ പദ്ധതി

vaccination

2020ന് അകം മീസിൽസ്(അഞ്ചാംപനി), റൂബെല്ല അസുഖങ്ങൾ പൂർണമായി തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് എംആർ വാക്സിൻ പദ്ധതി. കേരളത്തിൽ നിലവിൽ നൽകിവരുന്ന വാക്സിനേഷൻ തന്നെ, കേന്ദ്രസർക്കാരിന്റെ പുതിയ നിർദേശമനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തുമെന്നുമാത്രം. മറ്റു സംസ്ഥാനങ്ങൾ പുതുതായി നടപ്പാക്കും.

 കേരളത്തിൽ നിലവിൽ നൽകുന്നത്:

1. ഒൻപതാം മാസത്തിൽ അഞ്ചാംപനിക്കുള്ള വാക്സിൻ (മീസിൽസ് വാക്സിൻ)

2. അതിന്റെതന്നെ രണ്ടാം ഡോസ് എംഎംആർ (മീസിൽസ്, മംസ്, ആൻഡ് റൂബെല്ല) വാക്സിൻ എന്നപേരിൽ ഒന്നര വയസ്സിൽ.

(എംഎംആർ വാക്സിൻ നാഷനൽ ഇമ്യൂണൈസേഷൻ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടില്ല; കേരളത്തിലെ ആരോഗ്യവകുപ്പ് പ്രത്യേകമായി ഏർപ്പെടുത്തിയിരിക്കുന്നത്).

റൂബെല്ല വാക്സിൻ നിലവിൽ നൽകുന്നതു കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾക്കു മാത്രം (പത്താം ക്ലാസ് വിദ്യാർഥിനികൾക്കു സ്കൂൾ വഴി).

പുതിയ മാറ്റം: ഒൻപതാം മാസത്തിൽ തന്നെ അഞ്ചാം പനിക്കുള്ള വാക്സിനൊപ്പം റൂെബല്ല വാക്സിനും (എംആർ-MEASLES and RUBELLA വാക്സിൻ) എല്ലാ കുട്ടികൾക്കും നൽകുന്നു.

പ്രാരംഭമായി, ഒൻപതു മാസം മുതൽ പതിനഞ്ചു വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും എംആർ വാക്സിൻ നൽകും. ഇതിനായി സെപ്റ്റംബർ - ഒക്ടോബർ മാസത്തിൽ സ്കൂളുകളിൽ ക്യാംപെയ്നുകൾ നടത്തും. മുൻപ് ഇതേ വാക്സിൻ എടുത്തിട്ടുള്ളവർക്കും ബാധകം - എല്ലാവരിലും ഉറപ്പുവരുത്തുക ലക്ഷ്യം.

 കേരളത്തിൽ 76 ലക്ഷത്തോളം കുട്ടികൾക്കു പ്രതിരോധ കുത്തിവയ്പ് നൽകുന്ന ക്യാംപെയ്ൻ ഒരു മാസംകൊണ്ട് പൂർത്തിയാക്കും. (കർണാടക, തമിഴ്‍നാട്‍, ഗോവ, ലക്ഷദ്വീപ് എന്നിവിടങ്ങളിലും ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ക്യാംപെയ്‍ൻ പൂർത്തിയായി).

ഏതു കുത്തിവയ്പിനുമെന്നപോലെ അലർജി സാധ്യത. വിദഗ്ധ പരിശീലനം നേടിയവർ മാത്രം കുത്തിവയ്പ് നൽകും. കുത്തിവയ്പിനു ശേഷം അര മണിക്കൂർ കുട്ടിയെ നിരീക്ഷിക്കും. അലർജിയുണ്ടായാൽ പ്രതിവിധിക്കായുള്ള മരുന്നും എല്ലാ സ്കൂളുകളിലും സൂക്ഷിക്കും. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്കായി പൾസ് പോളിയോ മാതൃകയിൽ അങ്കണവാടികൾ കേന്ദ്രീകരിച്ച് ക്യാംപെയ്ൻ നടത്തും.

മുന്നോടിയായി വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ ഉൾപ്പെടെയുള്ളവർക്കു ബോധവൽക്കരണ ക്യാംപുകൾ നടത്തിത്തുടങ്ങി. മറ്റു സർക്കാർ ഉദ്യോഗസ്ഥർക്കും നൽകും. എല്ലാ സ്കൂളിലും പിടിഎ യോഗങ്ങൾ വിളിച്ചു രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകും.

ഡോ. വ്യാസ് സുകുമാരൻ

ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ (കോട്ടയം), 

നാഷനൽ ഹെൽത്ത് മിഷൻ.