Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തം ഊറ്റി ജീവൻ അപഹരിക്കുന്ന കൊലയാളി

mosquito Mosquito sucking blood on human skin with nature background

ഓഗസ്റ്റ് 20– ഇന്ന് ലോക കൊതുകു ദിനം. മൂളിപ്പാട്ടു പാടി നമുക്കു ചുറ്റും വട്ടമിട്ടു പറക്കുന്ന ഇവൻ നിസ്സാരക്കാരനല്ലെന്ന് നമുക്ക് അറിയാം. ഏതു നിമിഷം വേണമെങ്കിലും ആരുടെയും ജീവൻ അപഹരിക്കാൻ പറ്റുന്ന കൊലയാളിയായി ഇവൻ നമുക്കു മുന്നിൽ പ്രത്യക്ഷപ്പെടാം. അതുകൊണ്ട് പരിസര ശുചിത്വം ഉൾപ്പടെ പാലിച്ച് ഇവയെ നിർമ്മാർജ്ജനം ചെയ്യാൻ വേണ്ട നടപടികളെല്ലാം നമ്മൾതന്നെ സ്വീകരിച്ചേ മതിയാകൂ.

1987 ഓഗസ്റ്റ് 20നാണ് മലേറിയ പരത്തുന്ന പ്ലാസ്മോഡിയം എന്ന രോഗാണു കൊതുകിലൂടെയാണ് മനുഷ്യരിലെത്തുന്നതെന്നു കണ്ടെത്തിയത്. ഇന്ത്യയിൽ സേവനം ചെയ്തിരുന്ന ബ്രിട്ടീഷ് ഡോക്ടർ സർ റൊണാൾഡ് റോസായിരുന്നു ഈ കണ്ടെത്തലിനു പിന്നിൽ. അദ്ദേഹത്തിന്റെ സ്മരണയ്ക്കാണ് എല്ലാവർഷവും ഓഗസ്റ്റ് 20 ലോക കൊതുകുദിനമായി ആചരിക്കുന്നത്. 

കൊതുകും രോഗങ്ങളും

മലമ്പനി, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി, ജപ്പാൻ ജ്വരം, മന്ത് എന്നിങ്ങനെ നീളുന്നു കൊതുകു പരത്തുന്ന രോഗങ്ങളുടെ പട്ടിക. ക്യൂലക്സ്, അനോഫിലെസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് പ്രധാനമായും അപകടകാരികളായിട്ടുള്ളത്. ആയിരം കൊതുകുകളെ എടുത്താൽ ഒരു കൊതുക് അപകടകാരിയായ രോഗാണുക്കളെ വഹിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. രോഗമുള്ള ഒരാളെ കടിക്കുമ്പോൾ രോഗിയുടെ രക്തത്തിലൂടെ രോഗാണുക്കൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളിനെ കടിക്കുമ്പോൾ ഉമിനീർ വഴി രക്തത്തിൽ കലർന്ന് രോഗമുണ്ടാകുകയും ചെയ്യും. കൊതുകിന്റെ ഉമിനീർഗ്രന്ഥിയിൽ ഈ രോഗാണുക്കൾ ഒന്നു മുതൽ മൂന്നാഴ്ചവരെ ഉണ്ടാകും.

കൊതുകുകൾ മുട്ടയിട്ടു െപരുകാനുള്ള സാഹചര്യം കുറയ്ക്കുക എന്നതുതന്നെയാണ് കൊതുകു നിർമാർജ്ജനത്തിനുള്ള മികച്ച പോംവഴി. കൊതുകു ലാർവകളെ ഭക്ഷിക്കുന്ന ഗാംബുസിയ പോലുള്ള മത്സ്യങ്ങളെ കുളങ്ങളിൽ വളർത്തി കൊതുകു പെരുകുന്നതു തടയാം. കൊതുകുവലകൾ ഉപയോഗിച്ച് ജനലും വാതിലുകളും മൂടുക വഴി ഇവ വീടിനുകത്തു പ്രവേശിക്കുന്നതും തടയാം. കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രരീതി, കൊതുകു തിരികൾ, തൊലിപ്പുറമേ പുരട്ടുന്ന ഡൈഈതൈൽ ടൊളുവാമെഡ് കലർന്ന ക്രീമുകൾ എന്നിവയെല്ലാം കൊതുകു കടിയിൽ നിന്ന് ഒരു പരിധിവരെ സംരക്ഷണം നൽകും.