Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമൂഹമാധ്യമങ്ങളിലൂടെ അപവാദപോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർ അറിയാൻ

സമൂഹമാധ്യമങ്ങളിലെ അപവാദപോസ്റ്റുകൾക്കും അശ്ളീലങ്ങൾക്കും പിന്തുണയേറുന്നതായി  പഠനം. വലിയൊരു വിഭാഗവും പ്രചരണങ്ങൾ നടത്തുന്നത് ബോധപൂർവമെന്നും റിപ്പോർട്ട്

സമൂഹമാധ്യമങ്ങളുടെ പുതിയ കാലത്ത് സ്ഥിരീകരണം പോലുമില്ലാതെ വാർത്തകൾ വൈറലാകുന്നത് പതിവാണ്. അസുഖം ബാധിച്ച് കൊച്ചി മെട്രോയിൽ കിടന്നുറങ്ങിയ ആൾ ''മെട്രോയിലെ ആദ്യത്തെ പാമ്പായത് ''  അടക്കമുള്ള സംഭവങ്ങൾ കേരളത്തിലടക്കം വാർത്തയായത് ആരും മറന്നിരിക്കില്ല. സ്മാർട്ട് ഫോണുകളും ഇന്റർനെറ്റും ഇത്രയേറെ പരിചിതമായതോടെ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഇടപെടലും കൂടി. യുവാക്കളാണ് സമൂഹമാധ്യമങ്ങളിലെ സ്ഥിരം സന്ദർശകർ. 

എന്നാൽ പടരുന്ന സോഷ്യൽ മീഡിയ  കൾച്ചറിനൊപ്പം സഞ്ചരിക്കാനായി ബോധപൂർവ്വം തന്നെയാണ് ഇത്തരം പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നാണ് പുതിയ കണ്ടെത്തൽ.മദ്യപാനത്തിന്റെയും മയക്കുമരുന്നുപയോഗത്തിന്റെയും കാര്യങ്ങൾ വരെ പരസ്യമായി സോഷ്യൽ മീഡിയയിൽ തുറന്ന് പറയുന്നവർ ഇന്ന് സർവസാധാരണമാണ്.അഭിപ്രായപ്രകടനത്തിനായുള്ള മികച്ച മാർഗ്ഗം സോഷ്യൽ മീഡിയ തന്നെയാണെന്ന തിരിച്ചറിവാണ് ഇത്തരം പ്രവണതകൾക്ക് കാരണമെന്ന് പ്ളൈമൌത്ത് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ക്ളെയർ വൈറ്റ് അഭിപ്രായപ്പെടുന്നു.സോഷ്യൽ മീഡിയയിലെ പ്രചരണങ്ങളെ കൃത്യമായി പഠനങ്ങൾക്ക് വിധേയമാക്കിയ ശേഷമാണ് സംഘം ഇത്തരമൊരു വിലയിരുത്തലിലേക്കെത്തിയത്. കൃത്യമായ ബോധത്തോടെയാണ് സമൂഹമാധ്യമങ്ങളിൽ ഇവർ ഇടപെടുന്നതെന്നാണ് നിഗമനം.

സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളെക്കുറിച്ച് പഠിക്കുന്നതിനായി 178 ബ്രിട്ടീഷ്, ഇറ്റാലിയൻ സ്വദേശികളായ വിദ്യാർത്ഥികളിലാണ് സംഘം ഗവേഷണം നടത്തിയത്. ഇവരിൽ ബ്രിട്ടീഷുകാർ മദ്യപാനത്തിന്റെയും മയക്കുമരുന്നിന്റെയും ചിത്രങ്ങളടക്കം പ്രചരിപ്പിക്കാൻ തയാറായപ്പോൾ ഇറ്റാലിയൻ വിദ്യാർത്ഥികൾ തീർത്തും സ്വകാര്യമായ കാര്യങ്ങൾ പോലും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് യാതൊരു മടിയുമില്ലെന്ന് തെളിയിച്ചത്രെ. ഇതിലൂടെ സംസ്കാരവും സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രചരണങ്ങളിൽ നിർണായക പങ്കുവഹിക്കുന്നതായും കണ്ടെത്തി. സമൂഹ മാധ്യമങ്ങൾ ഇത്തരക്കാരെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.