Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇമോജി കാണുമ്പോൾ തലച്ചോറിൽ സംഭവിക്കുന്നത്?

emoji

സോഷ്യൽ നെറ്റ്‌വർക്കിങിന്റെ പുതിയ കാലത്ത് ടെക്സ്റ്റിങ് പോലും ഓൾഡ് ഫാഷനായിട്ടുണ്ട്. ചോദ്യങ്ങൾക്ക് പ്രതികരണങ്ങളും ഉത്തരങ്ങളുമെല്ലാം നൽകുന്നത് വിവിധ ഇമോജികളിലൂടെയാണ്. പറഞ്ഞോ ടൈപ്പ് ചെയ്തോ സോഷ്യൽ മീഡിയയിൽ അറിയിക്കാൻ പറ്റാത്തത് പോലും ഇമോജി മെസ്സേജുകളിലൂടെ കൈമാറാനാകും. ആശയവിനിമയത്തിൽ വാക്കുകളും ദൃശ്യങ്ങളും തമ്മിലുള്ള വിടവിനെ നികത്താനാണ് ഇമോജികൾ സഹായിക്കുന്നതെന്ന് ഭാഷാവിദഗ്ധനായ ഭരത് ദിവാന്‍ അഭിപ്രായപ്പെടുന്നു.

സന്ദേശങ്ങളിൽ ഇമോജികള്‍ ഉൾപ്പെടുത്തുന്നത് മുഖാമുഖമുള്ള സംസാരത്തിന് തുല്യമാണെന്നാണ് പഠനങ്ങള്‍ വിലയിരുത്തുന്നത്. ഓൺലൈനിൽ ഒരു സ്മൈലി കാണുമ്പോള്‍ മനുഷ്യ മുഖം കാണുമ്പോഴുള്ളതിന് സമാനമായ പ്രവര്‍ത്തനങ്ങളാണ് തലച്ചോറിൽ നടക്കുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇമോജികൾക്ക് സമാനമായ വികാരം അത് കാണുന്നവർക്കും ഉണ്ടാകുന്നു. ഇമോജികളില്ലാതെ വെറുതെ സന്ദേശങ്ങള്‍ അയക്കുന്നതിന് ഡിജിറ്റൽ‌ കമ്യൂണിക്കേഷനിൽ ഇനി സ്ഥാനമില്ലെന്ന് ഡിജിറ്റൽ മീഡിയ വിദഗ്ദനായ ചേതൻ ദേശ്പാണ്ഡെ വിലയിരുത്തുന്നു. 2015ൽ ഓക്സ്ഫോർഡ് ഡിക്ഷ്ണറി വേഡ് ഓഫ് ദ് ഇയറായി തിരഞ്ഞെടുത്ത് ഒരു ഇമോജിയെ ആണെന്നിരിക്കെത്തന്നെ മനസ്സിലാക്കാവുന്നതാണ് ഇമോജികള്‍ വാക്കുകളെക്കാളും ഏറെ ശക്തമാണെന്നത്. ടോക് ടോക് മൊബൈൽ 18നും 25നും ഇടയിൽ പ്രായമുള്ളവരിൽ നടത്തിയ സർവ്വെയിൽ 72 ശതമാനവും അഭിപ്രായപ്പെട്ടത് വാക്കുകളെക്കാൾ മികച്ചത് ഇമോജികളാണെന്നാണ്.

ലണ്ടനിലെ പ്രശസ്തമായ ഒരു റസ്റ്ററന്റിലെ മെനു കാർഡ് ഇമോജികള്‍ കൊണ്ട് മാത്രം നിർമിച്ചതാണത്രെ. ഇമോജികൾകൊണ്ട് സിനിമവരെ പുറത്തിറക്കുന്നതിലേക്കെത്തി നിൽക്കുന്നുണ്ട് കാര്യങ്ങൾ. സ്നേഹം, പേടി, അസൂയ തുടങ്ങി ഹൃദയം തകരുന്ന അവസ്ഥ വരെ നമുക്ക് ഇമോജികളിലൂടെ പ്രകടിപ്പിക്കാം. സൂപ്പർ സ്റ്റാർ സരോജ് കുമാറിനായി ഗുരു സ്വന്തമായി കണ്ടുപിടിച്ചതും അല്ലാതെയുമുള്ള വികാരങ്ങളെക്കാൾ പലമടങ്ങാണ് ഇമോജികളുടെ ഇന്നത്തെ വ്യാപ്തി.