Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊളസ്ട്രോളിനോടു ഗുഡ്ബൈ പറയാൻ ഇവ ശീലമാക്കിക്കോളൂ

vegetables-eating

ജീവിതശൈലീ രോഗങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് കൊളസ്ട്രോൾ. ഹൃദ്രോഗത്തിന് പ്രധാന കാരണങ്ങളിൽ ഒന്നും കൊളസ്ട്രോൾ‌ ആണ്. നമ്മുടെ ശരീരത്തിലുള്ള വെളുത്ത മെഴുക്കു പോലുള്ള ഒരു പ്രത്യേക തരം കൊഴുപ്പാണ് കൊളസ്ട്രോൾ. വിറ്റമിൻ ഡി യുടെ ഉൽപ്പാദനത്തിനും രോഗപ്രതിരോധ ശേഷി നൽകുന്ന ഹോർമോണുകളുടെയും ലൈംഗിക സ്വഭാവങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകളുടെയും ഉൽപ്പാദനത്തിനും കൊളസ്ട്രോൾ കൂടിയേ തീരൂ.

നാം കഴിക്കുന്ന ആഹാരത്തിൽ നിന്നും കൊളസ്ട്രോൾ ലഭിക്കുന്നു. കൂടൊതെ കരളും കൊളസ്ട്രോൾ ഉൽപ്പാദിപ്പിക്കുന്നു. ആഹാരത്തിൽ നിന്നും ലഭിക്കുന്ന പൂരിത കൊഴുപ്പാണ് രക്തത്തിലെ കൊളസ്ട്രോൾ കൂട്ടുന്നത്. നമ്മുടെ ശരീരത്തിൽ ആവശ്യമുള്ളതിൽ കൂടുതൽ കൊളസ്ട്രോൾ രക്തത്തിൽ ഉണ്ടാകുമ്പോഴാണ് കൊളസ്ട്രോൾ കൂടുതലാണ് എന്നു പറയുന്നത്.

രക്തത്തിലെ കൊളസ്ട്രോളിന്റെ ഭൂരിഭാഗവും എൽഡിഎൽ കൊളസ്ട്രോൾ ആണ്. ഇവ രക്തധമനികളിൽ അടിഞ്ഞു കൂടി രക്തപ്രവാഹത്തിന് തടസ്സം ഉണ്ടാക്കുന്നു. അതിനാൽ ഇവയെ ചീത്ത കൊളസ്ട്രോൾ എന്നും പറയുന്നു. ജീവിത ശൈലിയിൽ വന്ന മാറ്റങ്ങളാണ് കൊളസ്ട്രോൾ കൂടാൻ പ്രധാന കാരണം.

കൊളസ്ട്രോൾ കുറയ്ക്കാന്‍ സസ്യഭക്ഷണത്തിനാകും എന്നാണ് പഠനങ്ങൾ പറയുന്നത്. മിശ്രഭുക്കുകകളുമായി താരതമ്യപ്പെടുത്തുമ്പോൾ പച്ചക്കറികളും പഴങ്ങളും മാത്രം അടങ്ങിയ സസ്യഭക്ഷണ രീതിക്ക് കൊളസ്ട്രോൾ നില കുറയ്ക്കാനാകുമെന്ന് ന്യൂട്രീഷണൽ റിവ്യൂവിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

പച്ചക്കറികൾ, അണ്ടിപ്പരിപ്പുകൾ, പയറുവർഗങ്ങൾ, മുഴുധാന്യങ്ങൾ, പഴങ്ങൾ ഇവയടങ്ങിയതാണ് സസ്യഭക്ഷണം. സസ്യഭക്ഷണത്തോടൊപ്പം മാംസ്യവും മത്സ്യവും ചേർന്നതാണ് മിശ്രഭക്ഷണ രീതി.

ഡെസിലിറ്ററിൽ 29.2 മില്ലി ഗ്രാം ആയ കൊളസ്ട്രോൾ നില, സസ്യഭക്ഷണ രീതി മൂലം ഡെസിലിറ്ററിൽ‍ 12.5 മില്ലി ഗ്രാം ആയി കുറഞ്ഞതായി ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കണ്ടു. കൊളസ്ട്രോളിന്റെ അളവ് കൂടിയാൽ ഹൃദ്രോഗത്തിനു മാത്രമല്ല പക്ഷാഘാതത്തിനും സാധ്യത കൂടുതലാണ്.

കൊളസ്ട്രോൾ നില മെച്ചപ്പെടുത്തുന്നതു കൂടാതെ രക്ത സമ്മർദം, ശരീരഭാരം ഇവ കുറയാനും സസ്യഭക്ഷണ രീതി പിന്തുടരുന്നതു മൂലം സാധിക്കും. ഓട്സ് കഴിക്കുന്നതു മൂലവും കൊളസ്ട്രോൾ നില അഞ്ചു മുതൽ പത്തു ശതമാനം വരെ കുറയ്ക്കാനാകുമെന്നും പഠനത്തിൽ കണ്ടു.

49 പഠനങ്ങൾ ഗവേഷകസംഘം റിവ്യൂ ചെയ്തൂ. വാഷിങ്ടണിലെ ഫിസിഷ്യൻസ് കമ്മിറ്റി ഫോർ റെസ്പോൺസിബിൾ മെഡിസിൻ ആണ് പഠനം നടത്തിയത്. സസ്യഭക്ഷണ രീതി പിന്തുടരുന്നതു മൂലം രക്തസമ്മർദവും ശരീരഭാരവും കുറയ്ക്കാൻ സാധിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

ലിപ്പിഡിന്റെ അളവ് നിയന്ത്രിക്കാൻ സസ്യഭക്ഷണരീതിക്ക് ആവുമോ എന്നറിയുകയായിരുന്നു പഠന ലക്ഷ്യമെന്ന് ഗവേഷകയായ സൂസൻ ലെവിൻ പറയുന്നു. ഹൃദയാരോഗ്യമേകുന്ന സസ്യഭക്ഷണരീതി ദീർഘകാലം പിന്തുടരുന്നത് ഹൃദ്രോഗം, പക്ഷാഘാതം, അകാലമരണം ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കുമെന്നും പഠനം പറയുന്നു.