Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറക്കക്കുറവ് വൃക്കരോഗം ഗുരുതരമാക്കും

sleep-apnea

വൃക്കരോഗം ബാധിച്ചവരിൽ ഉറക്കക്കുറവ് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നു പഠനം. വൃക്കയുടെ പ്രവർത്തനം ക്രമേണ തകരാറിലാകും. കുറെ നാൾ കഴിയുമ്പോൾ രോഗം മൂർഛിച്ച് ഡയാലിസിസ് അല്ലെങ്കിൽ വൃക്ക മാറ്റിവയ്ക്കൽ മാത്രമാകും പരിഹാരം. പ്രമേഹം, ഉയർന്ന രക്തസമ്മർദം, മറ്റു രോഗങ്ങൾ ഇവയെല്ലാം വൃക്കരോഗത്തിന് കാരണമാകും. ഗുരുതരമായ വൃക്കരോഗം അർബുദസാധ്യതയും കൂട്ടുന്നു.

വൃക്കരോഗം ബാധിച്ചവരിൽ ഉറക്കമില്ലായ്മ സാധാരണമാണ്. രോഗത്തിന്റെ വർധനവിൽ ഉറക്കത്തിനുള്ള പങ്കിനെപ്പറ്റി ഇല്ലിനോയിസ് സർവകലാശാലയിലെയും നോർത്ത് വെസ്റ്റേൺ സർവകലാശാലയിലെയും ഗവേഷകർ പഠനം നടത്തി. ഗുരുതരമായ വൃക്കരോഗം ബാധിച്ച 431 പേരിൽ ഉറക്കത്തിന്റെ സമയവും വൃക്ക രോഗത്തിന്റെ വർധനവും തമ്മിലുള്ള ബന്ധം പഠന വിധേയമാക്കി. ശരാശരി 60 വയസ്സു പ്രായമുള്ളവരാണ് പഠനത്തിൽ പങ്കെടുത്തത്. ഇവരിൽ 48 ശതമാനം പേർ സ്ത്രീകളും പകുതിപേർ പ്രമേഹ രോഗികളും ആയിരുന്നു.

പഠനത്തിൽ പങ്കെടുത്തവർ അഞ്ചു മുതൽ ഏഴു ദിവസം വരെ കൈത്തണ്ടയിൽ ഒരു അക്സലറോമീറ്റർ ധരിച്ചു. അവരുടെ ചലനവും ഉണർന്നിരിക്കുന്നതും ഉറങ്ങുന്നതുമായ സമയവും അളന്നു.

ഗുരുതരമായ വൃക്കരോഗം ബാധിച്ചവർക്ക് ഉറക്കം നഷ്ടപ്പെടുന്നതായി കണ്ടു. രാത്രിയിൽ ശരാശരി ആറര മണിക്കൂർ ആണ് ഇവർ ഉറങ്ങുന്നത്. വൃക്കതകരാറിനുള്ള സാധ്യതയും തടസ്സപ്പെടുന്ന ഉറക്കവും തമ്മിൽ ബന്ധമുണ്ടെന്നു കണ്ടു. അഞ്ചു വർഷത്തെ തുടർ പഠനത്തില്‍ 70 ശതമാനം പേർക്ക് വൃക്ക തകരാർ സംഭവിച്ചു, 48 ശതമാനം പേർ ഈ കാലയളവിൽ മരണമടഞ്ഞു.

ഓരോ മണിക്കൂർ കുറയുന്ന ഉറക്കവും വൃക്കയുടെ പ്രവർത്തനത്തെ ക്രമേണ തകരാറിലാക്കുന്നതായി തെളിഞ്ഞു. ഗുരുതര വൃക്കരോഗം ബാധിച്ചവർക്ക് രക്താതിമർദം, പൊണ്ണത്തടി ഇവയും ഉള്ളതായി കണ്ടു. അമേരിക്കൻ സൊസൈറ്റി ഓഫ് നെഫ്രോളജിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Read More: Health News