Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

18 തവണ കുഞ്ഞിനെ നഷ്ടപ്പെട്ടിട്ടും കരഞ്ഞില്ല, 48–ാം വയസ്സിൽ അവൻ വന്നു, നീല കണ്ണുകളുമായി

william

നീലക്കണ്ണുള്ള കുഞ്ഞുരാജകുമാരൻ വില്യംസിനെ നോക്കി ഒരിക്കൽ ഒരു സ്ത്രീ ലൂയിസിനോടു പറഞ്ഞു, നിങ്ങളുടെ ചെറുമകൻ എന്തൊരു വികൃതിയാ, എങ്ങനെയാ ഇവനെ നോക്കുന്നേ... ഒട്ടും വികാരാധീനയാകാതെ ലൂയിസ് മറുപടിയും കൊടുത്തു, അവൻ ഞങ്ങളുെട ചെറുമകനല്ല, മകനാണ്. പിന്നെ ഒന്നും കേൾക്കാൻ നിൽക്കാതെ ആ സ്ത്രീ അപ്പോഴേ സ്ഥലം വിട്ടു. ഇതു കുഞ്ഞ് വില്യംസിന്റെയും അവനു വേണ്ടി നീണ്ട വർഷങ്ങൾ കാത്തിരിക്കേണ്ടി വന്ന ലൂയിസ് വാൻഫോർഡ് എന്ന അമ്മയുടെയും മാർക് എന്ന അച്ഛന്റെയും കഥയാണ്.

20 വർഷത്തിനുള്ളിൽ 18 ഗർഭമലസലുകൾ.  ഒരു കുഞ്ഞ് വേണമെന്ന ലൂയിസ് വാൻഫോർഡിന്റെ അതിയായ ആഗ്രഹത്തെ തളർത്താൻ  ഇതിനൊന്നും സാധിച്ചില്ല. ഒടുവിൽ 4 8–ാം വയസ്സിൽ ആ അമ്മ ഒരാൺകുഞ്ഞിനു ജൻമം നൽകി. നീലക്കണ്ണുള്ള ആ രാജകുമാരനാണ് ഇവരുടെ വില്യംസ്.

ശരീരത്തിലെ കില്ലർ സെല്ലുകൾ ഭ്രൂണങ്ങളെ നശിപ്പിക്കുന്ന അപൂർവ രോഗമായിരുന്നു ലൂയിസിന്. 20 വർഷത്തിനുള്ളിൽ വന്ധ്യതാചികിത്സയ്ക്കായി ഇവർ ലക്ഷങ്ങൾ ചെലവഴിച്ചു. ഇതിനിടയിൽ 18 കുഞ്ഞുങ്ങളെ നഷ്ടമാകുകയും ചെയ്തു. 

william1

കുഞ്ഞു വേണമെന്ന മോഹം ഉപേക്ഷിക്കാനുള്ള തീരുമാനവും ഇതിനിടയിൽ മാർക് എടുത്തു. എന്നാൽ ലൂയിസ് ആകട്ടെ, തന്റെ മോഹം സാധിക്കാനായി അവസാനമായി ഒരു അവസരം കൂടി നൽകണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ 2015–ൽ ദമ്പതികൾ ചെക്ക് റിപ്പബ്ലിക്കിൽ എംബ്രിയോ ഡൊണേഷൻ ചെയ്തു. 18 വർഷത്തെ ശ്രമങ്ങൾക്കൊടുവിൽ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ജൂണിൽ ലൂയിസ് വീണ്ടും ഗർഭവതിയായി. 

ഓരോ പ്രാവശ്യവും ഗർഭത്തിന്റെ 14–ാമത്തെ ആഴ്ച ആകുമ്പോഴായിരുന്നു തന്റെ കുഞ്ഞിനെ നഷ്ടമായിരുന്നതെന്ന് ലൂയിസ് ഓർക്കുന്നു. ഓരോ തവണയും കുഞ്ഞിനെ നഷ്ടപ്പെടുമ്പോൾ ഞാൻ കരഞ്ഞില്ല, മറിച്ച് ഇതെനിക്ക് വീണ്ടും വീണ്ടും പ്രതീക്ഷകൾ നൽകുകയായിരുന്നു. ഞാൻ ആഗ്രഹിച്ച പോലുള്ള കുടുംബം കെട്ടിപ്പെടുക്കണമെന്ന അതിയായ ആഗ്രഹവും– ലൂയിസ് ഓർക്കുന്നു. ഇടയ്ക്ക് എഗ് ഡോണറെ സമീപിച്ചെങ്കിലും അതും നടക്കാതെ പോയി.

william-parents

വില്യമിന്റെ ഗർഭകാലയളവിൽ ഉയർന്ന രക്തസമ്മർദം, പ്ലാസന്റയിൽ രക്തസ്രാവം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും ലൂയിസിന് ഉണ്ടായി. ഒടുവിൽ 37 ആഴ്ച പ്രായമായപ്പോൾ ശസ്ത്രക്രിയയിലൂടെ കുഞ്ഞ് വില്യംസിനെ പുറത്തെടുത്തു. കുഞ്ഞിനെ കണ്ട നിമിഷം സന്തോഷം കൊണ്ട് ഞാനും മാർകും കരയുകയായിരുന്നു. ഞങ്ങളുടെ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയാതെ വിഷമിക്കുകയായിരുന്നു– പുറത്ത് കളിച്ചുകൊണ്ടിരുന്ന വില്യംസിനെ ഒരിക്കൽക്കൂടി ചേർത്തുപിടിച്ച് നിറകണ്ണുകളോടെ നെറുകയിൽ ഉമ്മവച്ച് സ്നേഹം പ്രകടിപ്പിക്കുന്നു ലൂയിസ്. 

Read More : Health News