Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുള്ളി കുടിക്കാം തുള്ളിച്ചാടാം

polio-vaccine

ഇന്ന് ലോക പോളിയോ ദിനം. പോളിയോ തുള്ളിമരുന്ന് കുഞ്ഞിന്റെ അവകാശമാണ്. കുഞ്ഞുങ്ങളെ വൈകല്യമില്ലാത്ത നല്ല നാളെയുടെ പൗരന്മാരാകാനുള്ള കൂട്ടായ ശ്രമമാണിത്. 

ഏതാനും വർഷങ്ങൾ മുൻപ് വരെ ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും പോളിയോ ഭീതിയിലായിരുന്നു. 1988ൽ ആഗോള പോളിയോ നിർമാർജന പരിപാടി (ഗ്ലോബൽ പോളിയോ ഇറാഡിക്കേഷൻ ഇനിഷ്യേറ്റീവ്) തുടങ്ങുന്ന ഘട്ടത്തിൽ ലോകമാകെ രോഗം പടരുകയായിരുന്നു. 125 രാജ്യങ്ങളിലെ മുൻനിര പകർച്ചവ്യാധി. ഒരുദിവസം 1000 കുട്ടികൾക്കെന്ന കണക്കിൽ പോളിയോ ബാധിച്ചുകൊണ്ടിരുന്നു. അവിടെനിന്നു തുടങ്ങിയ യത്നം 2011ൽ ആഗോളതലത്തിൽ 620 പോളിയോ ബാധിതർ എന്ന നിലയിൽ എത്തിക്കാൻ കഴിഞ്ഞു. ചില അയൽരാജ്യങ്ങളിൽ പോളിയോ കേസുകൾ ഉള്ളതിനാൽ നാം ഇനിയും ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയെ പോളിയോ വിമുക്‌ത രാജ്യമായി ലോകാരോഗ്യ സംഘടന ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷമായി ഒറ്റ പോളിയോ കേസു പോലും നമ്മുടെ രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിട്ടില്ല. 

പോളിയോ എന്നാൽ? 

പ്രധാനമായും കുഞ്ഞുങ്ങളെ ബാധിക്കുന്ന, മരണത്തിലേക്കോ സ്‌ഥിരമായ അംഗവൈകല്യത്തിലേക്കോ നയിക്കുന്ന ജലജന്യരോഗമാണ് പോളിയോ മയലറ്റിസ് അഥവാ പിള്ളവാതം. കുടലുകളിൽ വളർന്നു പെരുകുകയും നാഡീ വ്യവസ്‌ഥയെ ബാധിക്കുകയും പേശികളെ തളർത്തുകയും ചെയ്യുന്ന വൈറസുകളാണ് രോഗ കാരണം. ഹൃദയ, ശ്വാസകോശ പ്രവർത്തന കേന്ദ്രമായ തലച്ചോറിലെ മെഡുല്ല എന്ന ഭാഗത്തെ ബാധിക്കുന്ന ബൾബാർ പോളിയോ മരണത്തിനു തന്നെ കാരണമാകും. രോഗബാധയിൽ നിന്ന് സുഖം പ്രാപിച്ചാലും കുട്ടികൾക്ക് കൈകാലുകളിൽ അംഗവൈകല്യം സംഭവിക്കാം. കുട്ടികളിലെയും മുതിർന്നവരിലെയും അംഗവൈകല്യത്തിന്റെ പ്രധാന കാരണം പിള്ളവാതമാണ്. 

ഇരകൾ കുട്ടികൾ 

പ്രതികൂല സാഹചര്യങ്ങളിലും ചെറുത്തുനിൽക്കാൻ കരുത്തുള്ള പോളിയോ വൈറസ് കുട്ടികളെയാണ് ബാധിക്കുക. പോളിയോ മൂന്നു വിധത്തിലുണ്ട്. ടൈപ്പ് 1, 2, 3 എന്നിങ്ങനെ. പ്രധാനമായും കേന്ദ്രനാഡീ വ്യൂഹത്തെയും ഞരമ്പുകളെയും മാംസപേശികളെയും ബാധിച്ച് കൈകാലുകളെ സ്വാധീനമില്ലാതാക്കുകയാണ് പോളിയോ വൈറസുകൾ ചെയ്യുന്നത്. പരിസര ശുചിത്വമില്ലായ്‌മയാണ് പോളിയോ ബാധയുടെയും പ്രധാന കാരണം. തുറസ്സായ സ്‌ഥലങ്ങളിൽ മലവിസർജനം നടത്തുന്നതും അതു വെള്ളത്തിൽ കലരുന്നതും വഴി രോഗാണുബാധ ഉണ്ടാകാം. മഴക്കാലത്തും തണുപ്പുകാലത്തുമാണ് രോഗാണുബാധ കൂടുതലും ഉണ്ടാകാറുള്ളത്. പോളിയോ വന്നാൽ കൃത്യമായ ചികിൽസയില്ലെന്നതും ദുരന്തം കൂട്ടുന്നു. പേശികൾക്കു വിശ്രമം നൽകി, പിന്നീട് വ്യായാമം വഴി ബലം കൂട്ടുന്ന രീതി ചികിൽസാർഥം പരീക്ഷിക്കാറുണ്ട്. 

പ്രതിരോധ ചികിൽസ 

വൈറസ് രോഗമായതുകൊണ്ട് പിള്ളവാതത്തിന് ഫലപ്രദമായ ചികിൽസയില്ല. പക്ഷേ, 100% ഫലപ്രദമായ പ്രതിരോധ ചികിൽസ ലഭ്യമാണ്. കുത്തിവയ്‌പും തുള്ളിമരുന്നുമാണവ. ഫലപ്രദവും ചെലവുകുറഞ്ഞതും പാർശ്വഫലങ്ങൾ ഇല്ലാത്തതുമാണ് പ്രതിരോധ തുള്ളിമരുന്ന് (ഓറൽ പോളിയോ വാക്‌സിൻ). സാധാരണ കുഞ്ഞ് ജനിച്ച ഉടനെ ബിസിജി നൽകുന്നതിനൊപ്പം ഒരു സീറോ ഡോസ് പോളിയോ വാക്‌സിനും ഒന്നര മാസത്തിനുശേഷം ഒരു മാസത്തെ ഇടവേളകളിലായി മൂന്നു ഡോസും ഒന്നര വയസ്സിൽ ഒരു ബൂസ്‌റ്റർ ഡോസുമായി അഞ്ചുവയസ്സിനകം അഞ്ചു ഡോസ് പോളിയോ തുള്ളിമരുന്ന് ഒരു കുട്ടിക്കു ലഭിക്കുന്നുണ്ട്.പോളിയോ തുള്ളിമരുന്ന് ഉപയോഗിച്ചതുമൂലം ഒരു കുഞ്ഞും മരിക്കുകയോ രോഗബാധിതനാവുകയോ പാർശ്വഫലങ്ങൾ അനുഭവിക്കുകയോ ചെയ്‌തിട്ടില്ല. പ്രതിരോധ ചികിൽസ ലഭിക്കാത്ത കുട്ടിക്ക് ഇവയ്‌ക്കെല്ലാം സാധ്യതയുണ്ട്. 

പനിവരുന്നത് 

അസുഖമൊന്നുമില്ലാത്ത കുട്ടികൾക്ക് കുത്തിവയ്‌പ് നൽകുമ്പോൾ പനി വരുന്നു എന്നതാണ് പലരിലും സംശയമുണ്ടാക്കുന്നത്. പുറത്തുനിന്ന് (*കുത്തിവയ്‌പിലൂടെ) ഒരു വൈറസ് എത്തുമ്പോൾ ശരീരം അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിന്റെ ലക്ഷണമാണ് പനിയായി പുറത്തുവരുന്നത്. മനുഷ്യശരീരത്തിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണത്. പോളിയോ വാക്‌സിന് പാർശ്വഫലങ്ങളൊന്നുമില്ല. മറ്റുപല കാരണങ്ങളാലും കുട്ടികൾക്ക് ഓരോദിവസവും രോഗങ്ങൾ ഉണ്ടാകുന്നുണ്ട്. 

ജീവനുള്ള വൈറസ് 

പോളിയോ തുള്ളിമരുന്നിലൂടെ കുട്ടികളുടെ ഉള്ളിലേക്കു ചെല്ലുന്നത് ജീവനുള്ള വൈറസുകളാണ്. ഇവ കുടലിൽ ചെന്ന് പെരുകും. തുടർന്ന് അവ പോളിയോയ്‌ക്ക് കാരണമാകുന്ന ‘വന്യ വൈറസുകളെ’ നശിപ്പിക്കുന്നു. ഇതു മലത്തിലൂടെ പുറത്തുപോവുകയും ചെയ്യും. കുത്തിവയ്‌പിലൂടെ നൽകുന്നത് നിർജീവ വൈറസുകളെയാണ്. ഏതെങ്കിലും സമയത്ത് രോഗത്തിനു കാരണമായ വൈറസുകൾ ശരീരത്തെ ആക്രമിച്ചാൽ കുത്തിവയ്‌പിലൂടെ ലഭിച്ച വൈറസുകൾ പ്രതിപ്രവർത്തനത്തിലൂടെ അവയെ നശിപ്പിക്കും എന്നതാണ് കുത്തിവയ്‌പിന്റെ ഗുണം. പോളിയോ വാക്‌സിൻ കൊടുക്കുന്ന കുട്ടികൾക്ക് മറ്റു രോഗങ്ങൾക്കുള്ള മരുന്ന് കൊടുക്കുന്നതിന് ഒരു തടസ്സവുമില്ല. വയറിളക്കമോ മറ്റു രോഗങ്ങളോ ഉള്ള കുട്ടികൾക്കും ആ സമയത്ത് പോളിയോ തുള്ളി മരുന്ന് കൊടുക്കുന്നതിന് പ്രശ്‌നമില്ല. ജനനസമയത്ത് പോളിയോ വാക്‌സിൻ എടുത്ത കുട്ടികൾക്കും പൾസ് പോളിയോ ദിനത്തിൽ തുള്ളിമരുന്ന് നൽകണം. ആദ്യത്തേത് വ്യക്‌തിഗത സംരക്ഷണം മാത്രമേ നൽകുന്നുള്ളൂ. പൾസ് പോളിയോ സമൂഹത്തിലെ മുഴുവൻ കുട്ടികളുടെയും സംരക്ഷണം ഉറപ്പുവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. 

വിവരങ്ങൾക്കു കടപ്പാട്:  ഡോ. എ. സാബു, അഡീഷനൽ ഡിഎംഒ, കോഴിക്കോട്.