Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഹരി ഉപയോഗം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ

469612008 abuse, children, sexual, attack, torture

വളരെ ഉത്സാഹത്തോടെ സ്കൂളില്‍ പോകുകയും കൂട്ടുകാരും വീട്ടുകാരുമായി സന്തോഷത്തോടെ സമയം ചെലവിടുകയും ചെയ്ത അവന്‍ പെട്ടന്നാണ് ഒരുനാള്‍ മൂകനായി മാറിയത്. ഒന്നിലുമൊരു താൽപ്പര്യമില്ലായ്മ. നന്നായി പഠിച്ചിരുന്ന കുട്ടി പെട്ടന്ന് പഠനത്തിലും പിന്നോക്കമായി. അങ്ങനെയാണ് അവനെ വീട്ടുകാര്‍ ഒരു ഡോക്ടറുടെ അടുത്തു കൊണ്ടുപോകുന്നത്. വിശദ പരിശോധനയിൽ കുട്ടി മയക്കുമരുന്നിനും മദ്യത്തിനും അടിമയാണെന്ന് മനസ്സിലായി. കൂടുതല്‍ അപകടങ്ങളിലേക്ക് വഴുതിവീഴും മുൻപ് കണ്ടെത്തിയതോടെ അവനെ പതിയെ സാധാരണജീവിതത്തിലേക്ക് മടക്കികൊണ്ട് വരാന്‍ സാധിച്ചു.  

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കൗമാരക്കാരായ കുട്ടികള്‍ക്കിടയില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വർധിച്ചു വരികയാണ്. മദ്യം, മയക്കു മരുന്ന്, പുകയില, ലഹരിവസ്തുക്കള്‍ എന്നിവ കുട്ടികള്‍ക്കിടയില്‍ വ്യാപകമാകുന്നു. ഇത് കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

അതോടൊപ്പം ഗൗരവമായി കാണേണ്ട  ഒന്നാണ് ലഹരിവസ്തുക്കളുടെ ഉപയോഗം അവരില്‍ ഉണ്ടാക്കുന്ന  വ്യക്തിത്വവൈകല്യങ്ങള്‍.

പെട്ടെന്നൊരു ദിവസം തുടങ്ങുന്നതല്ല ലഹരി വസ്തുക്കളുടെ ഉപയോഗം. വളരെ സാവധാനമാണ്‌ കുട്ടികള്‍ പലപ്പോഴും ലഹരിക്ക്‌ അടിമപ്പെടുന്നത്. പലപ്പോഴും മോശം കൂട്ടുകെട്ടുകള്‍ തന്നെയാണ് ഇത്തരം സാഹചര്യങ്ങളില്‍ കൊണ്ടെത്തിക്കുന്നത്. 

വീട്ടിലെ പ്രശ്നങ്ങള്‍, വിഷാദരോഗം, ടെന്‍ഷന്‍, പ്രണയനൈരാശ്യം, അധികമായി ലഭിക്കുന്ന പോക്കറ്റ് മണി എന്തു ചെയ്യണമെന്നറിയാതെ നടക്കുന്നവര്‍, കൂട്ടുകാരില്‍ നിന്നും കേട്ട നിറംപിടിപ്പിച്ച കഥകള്‍ കേട്ടുള്ള ആവേശം, അങ്ങനെ പല പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന കുട്ടികള്‍ ഇത്തരം കൂട്ടുകെട്ടുകളില്‍ പെട്ടെന്ന് ചെന്നുവീഴും. 

ഇവരെ വല വീശി പിടിക്കാനായി സ്‌കൂളുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് മയക്കു മരുന്നിന്റെ റാക്കറ്റുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യമൊക്കെ ഒരു രസത്തിനായി തുടങ്ങുന്ന ഈ ലഹരി ഉപയോഗം ക്രമേണ ശീലമായി മാറുന്നു. അത് ക്രമേണ ആസക്തിയിലേക്കും അടിമത്തത്തിലേക്കും നീങ്ങുന്നു.   

അടുത്തിടെ നടത്തിയ ഒരു പഠനം പ്രകാരം കൗമാരപ്രായത്തില്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന കുട്ടികള്‍ ഭാവിയില്‍ പലതരത്തിലെ സങ്കീര്‍ണ്ണതകള്‍ നേരിടുന്നുണ്ട്. ഇവരുടെ വിദ്യാഭ്യാസം, ജോലി, വിവാഹജീവിതം, സാമൂഹികബന്ധങ്ങള്‍ എന്നിവയിലെല്ലാം ഇതിന്റെ ആഘാതങ്ങള്‍ വ്യക്താമാണെന്നു പഠനം പറയുന്നു. അമേരിക്കന്‍ പബ്ലിക്‌ ഹെല്‍ത്ത് അസോസിയേഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഇത്തരത്തില്‍ ഒരിക്കല്‍ മയക്കുമരുന്നിനു അടിമയായിരുന്നര്‍ക്ക് അവരുടെ മുന്നോടുള്ള ജീവിതത്തില്‍ സമപ്രായക്കാരെ പോലെ മുന്നേറാന്‍  കഴിയാതെ വരുന്ന അവസ്ഥയുണ്ട്. 

നിരന്തരമായ ലഹരിഉപയോഗം ബുദ്ധിശേഷിയില്‍ ഗണ്യമായ കുറവുവരുത്തുമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. 1165 കുട്ടികളില്‍ അവരുടെ 12 വയസ്സ് മുതല്‍  25 വയസ്സ് വരെ നടത്തിയ പഠനങ്ങളില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. 

ലഹരിയുടെ ദോഷവശങ്ങൾ ഒരാളെ ബാധിക്കുക ശാരീരികമായും മാനസികമായുമാണ്. അമിതമായ ലഹരി ഉപയോഗം കാലക്രമേണ ഓർമ, ചിന്ത, സ്വബോധം എന്നിവ നഷ്‌ടമാക്കുന്നു. വൈകാതെ കുട്ടി കടുത്ത ആകാംക്ഷ, ഭയം, സംശയം, ശ്രദ്ധയില്ലായ്‌മ, നിരുത്സാഹം എന്നിവയ്‌ക്കു അടിമപ്പെടുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 

കുട്ടി ലഹരിക്ക്‌ അടിമയായിട്ടുണ്ട് എന്ന് സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ഒരു വിദഗ്ധനായ ഡോക്ടറുടെയോ മാനസികരോഗവിദഗ്ധന്റെയോ സഹായം തേടണം. ഒന്നോര്‍ക്കുക ശകാരമോ കുറ്റപ്പെടുത്താലോ ദേഹോദ്രപവമോ വഴി ഇതിനു പരിഹാരം തേടാന്‍ പാടില്ല. നമ്മുടെ കൗമാരവും യുവത്വവും ലഹരിയുടെ കയങ്ങളിലേക്കു വീഴാതെ കാക്കേണ്ടത്‌ നമ്മുടെ കൂടി കടമയാണ്. 

Read More : ആരോഗ്യവാർത്തകൾ