Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെയിലുകൊണ്ടാൽ മുറിവുണങ്ങുമോ?

sunlight

സൂര്യപ്രകാശം മരുന്നാണ് എന്ന കാര്യത്തിൽ സംശയമേ വേണ്ട. അമിതമായി വെയിൽ ഏൽക്കരുതെന്നു മാത്രം. സൂര്യപ്രകാശത്തിൽ നിന്നു ലഭിക്കുന്ന ജീവകം ഡി ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. പ്രത്യേകിച്ചും പുരുഷന്മാരിൽ.

മുറിവ് വളരെ വേഗം ഉണങ്ങാൻ ലളിതവും ചെലവു കുറഞ്ഞതുമായ ഒരു മാർഗമുണ്ട്. വെയിൽ കൊള്ളുക. പറയുന്നത് ബർമിങ് ഹാമിലെ ഗവേഷകരാണ്.

അണുബാധകൾ തടയുന്ന ആന്റിബാക്ടീരിയൽ ഗുണങ്ങൾ ജീവകം ഡിക്കുണ്ട്. ജീവകം ഡിയുടെ ഈ ഗുണമാണ് മുറിവ് വളരെ വേഗം ഉണങ്ങാൻ സഹായിക്കുന്നത്. സാധാരണ പൊള്ളലേറ്റാൽ ആ മുറിവ് ഉണങ്ങാൻ കാലതാമസം എടുക്കും. സുഖപ്പെടാൻ വൈകുന്തോറും അണുബാധയ്ക്കുള്ള സാധ്യതയും കൂടും.

ബർമിങ്ഹാമിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്ലമേഷൻ ആൻഡ് ഏജിങ്ങിലെ പ്രൊഫസർമാരായ ജാനെറ്റ് ലോർഡ്, ഡോ. ഖാലിദ് അൽ തരാ എന്നിവർ പൊള്ളൽ വളരെ വേഗം ഉണങ്ങാൻ ജീവകം ഡി എത്രമാത്രം സഹായകമാണ് എന്നു പരിശോധിച്ചു. ജീവകം ഡി കൂടുതൽ ലഭിച്ചവരിൽ പൊള്ളൽ വളരെ വേഗം സുഖമാകുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുകയും പൊള്ളലിന്റെ പാടുകൾ കുറയുകയും ചെയ്തു.

പൊള്ളലേറ്റാലുടൻ ജീവകം ഡി സപ്ലിമെന്റ് രോഗിക്ക് ലഭിക്കുകയാണെങ്കിൽ അണുബാധ തടഞ്ഞ് വളരെ പെട്ടെന്ന് സുഖമാവുകയും ആന്റിമൈക്രോബിയൽ ആക്റ്റിവിറ്റി മെച്ചപ്പെടുകയും ചെയ്യും.

പൊള്ളൽ മൂലം പരുക്ക് പറ്റുമ്പോൾ ജീവകം ഡിയുടെ അളവ് ശരീരത്തിൽ കുറയുന്നു. ഈ ജീവകം തിരിച്ച് ശരീരത്തിലെത്തുകയാണെങ്കിൽ ലളിതവും ചെലവു കുറഞ്ഞതുമായ മാർഗത്തിലൂടെ വളരെ വേഗം സുഖപ്പെടും.

എന്തുകൊണ്ടാണ് പൊള്ളൽ മൂലം പരുക്ക് പറ്റിയവരിൽ ജീവകം ഡി നഷ്ടപ്പെടുന്നത് എന്നതിന്റെ അന്വേഷണത്തിലാണ് ലോർഡും കൂട്ടരും ഇത് മനസിലാക്കിയാൽ ഭാവിയിൽ ഇത് തടയാൻ കഴിയുമെന്നാണ് പ്രതീക്ഷ.

കുറച്ചു മാത്രം പൊള്ളലേറ്റാൽ പോലും ജീവകം ഡി യുടെ അളവു കുറയും. ജീവകം ഡി കുറയുന്നത് പൊള്ളലേറ്റവരിൽ അണുബാധയ്ക്കും. വൈകി മാത്രം മുറിവുണങ്ങാനും കാരണമാകും. ഹാരോഗേറ്റിൽ നടന്ന സൊസൈറ്റി ഓഫ് എൻഡോക്രൈനോളജിയുടെ വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ച പഠനം പറയുന്നു.

സൂര്യപ്രകാശത്തിലൂടെ മാത്രമല്ല ചില ഭക്ഷണങ്ങളിലൂടെയും ജീവകം ഡി ലഭിക്കും. ചൂര, അയല മുതലായ മത്സ്യങ്ങൾ, പോത്തിറച്ചി (കരൾ), മുട്ടയുടെ മഞ്ഞ, പാൽക്കട്ടി, ഓറഞ്ച് ജ്യൂസ്, സോയ, ധാന്യങ്ങൾ ഇവയിലും ജീവകം ഡി അടങ്ങിയിട്ടുണ്ട്.

Read More : ആരോഗ്യവാർത്തകൾ