Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അല്‍ഷിമേഴ്സിനെ ഭയക്കുകയല്ല നേരിടുകയാണ് വേണ്ടത്; കേള്‍ക്കാം ബോണിയെന്ന ഈ അല്‍ഷിമേഴ്സ് രോഗിയുടെ അതിജീവനത്തിന്റെ കഥ

bonnie

സംസാരിക്കുന്നതിനിടയില്‍ വളരെ സാധാരണയായി ഉപയോഗിക്കുന്നൊരു വാക്ക് എത്ര ഓര്‍ക്കാന്‍ ശ്രമിച്ചിട്ടും പറയാന്‍ കഴിയാതെ വരിക, സൂപ്പര്‍മാര്‍ക്കറ്റില്‍ പോയാല്‍ എന്ത് വാങ്ങാനാണ് പോയതെന്ന് ഓര്‍മിക്കാന്‍ കഴിയാതെ തിരിച്ചു വരേണ്ടി വരിക... ബ്രിട്ടന്‍ സ്വദേശിയായ ബോണി എസ്ട്രിഡിഡ് എന്ന മധ്യവയസ്കയ്ക്ക് ആദ്യമാദ്യം തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നുണ്ടായിരുന്നില്ല. എവിടെയോ എന്തോ പാകപ്പിഴ ഉണ്ടെന്നു അവരുടെ മനസ്സ് പറയുന്നുണ്ടായിരുന്നു.

ചെറിയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനുള്ള പ്രയാസങ്ങള്‍ നേരിടുമ്പോള്‍ ബോണി വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള സംഭവങ്ങള്‍ ഒക്കെ ഓര്‍ത്ത്‌ നോക്കും. 1981 ല്‍ താന്‍ വിവാഹത്തിനു ധരിച്ചിരുന്ന വസ്ത്രങ്ങളുടെ നിറവും ഏറ്റവും പ്രിയപ്പെട്ട ബോബ് ഡിലന്റെ പാട്ടിന്റെ വരികളുമെല്ലാം. അതെല്ലാം ഓര്‍മയില്‍ വരുമ്പോഴും ബോണിയെ അലട്ടിയത് വളരെ നിസാരമായ കാര്യങ്ങള്‍ മറന്നു പോകുന്നതായിരുന്നു. 

ഈ മറവികളുടെ ആധിക്യം കൂടിക്കൂടി  വന്നതോടെ ബോണിയും ഭര്‍ത്താവും ഒരു വിദഗ്ധഡോക്ടറുടെ സേവനം തേടി. അറുപത്തിയാറാം വയസ്സില്‍ താന്‍ അല്‍ഷിമേഴ്സിന്റെ  പിടിയിലാണെന്ന സത്യം അങ്ങനെയാണ് അവര്‍ തിരിച്ചറിഞ്ഞത്. ലോകപ്രശസ്ത അല്‍ഷിമേഴ്സ് വിദഗ്ധനായ പീറ്റര്‍ ഗേറാള്‍ഡ് ആണ് ബോണിയുടെ ഡോക്ടര്‍. എന്നാല്‍ അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ ബോണിയുടേത് വളരെ നേരത്തെയുള്ള അല്‍ഷിമേഴ്സ് ലക്ഷണങ്ങളാണ്. തലച്ചോറിന്റെ സ്കാന്‍ റിപ്പോര്‍ട്ടുകളില്‍ പോലും ഇതിന്റെ സാധ്യതകള്‍ തെളിഞ്ഞു കാണാറായിട്ടില്ല എന്നദേഹം പറയുന്നു. കാലം കഴിയുന്തോറും ബോണിയുടെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നു അദ്ദേഹം പറയുന്നു.

ബ്രിട്ടനില്‍ തന്നെ 850,000 ഡിമെന്‍ഷ്യ രോഗികള്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ 2051 ഓടെ രണ്ടു മില്ല്യന്‍ ആകുമെന്നാണ് കരുതുന്നത്. ശാസ്ത്രം ഇത്രയധികം പുരോഗമിച്ചിട്ടും എന്തുകൊണ്ട് അല്‍ഷിമേഴ്സ് ഉണ്ടാകുന്നു എന്നതിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എങ്കില്‍പ്പോലും നേരത്തെ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞു നടത്തുന്ന ചികിത്സകളും ഊര്‍ജ്ജസ്വലമായ ജീവിതചര്യകളും കൊണ്ട് ഇതിന്റെ ദൂഷ്യവശങ്ങളെ ഒരുപരിധി വരെ മറികടക്കാന്‍ കഴിയുമെന്ന് വിദഗ്ധർ പറയുന്നുണ്ട്. 

അല്‍ഷിമേഴ്സ് സ്ഥിരീകരിക്കുന്നതോടെ നിങ്ങളുടെ ജീവിതം അവിടെ അവസാനിക്കുകയല്ല, മറിച്ചു കൂടുതല്‍ ശ്രദ്ധയും കരുതലും നല്‍കുകയാണ് വേണ്ടത്. വിഷാദത്തിലേക്ക് വഴുതി വീഴുന്നത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന് ബോണി പറയുന്നു. 

കരഞ്ഞതു കൊണ്ടോ, മൂകയായി മാറിയിരുന്നത്ു കൊണ്ടോ ഒരു ഫലവുമില്ല. നിങ്ങളുടെ അവസ്ഥയെ കുറിച്ച് ആദ്യം മനസ്സിലാക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. തന്റെ ഭര്‍ത്താവിനും കുടുംബത്തിനും ആദ്യം ഈ വാര്‍ത്ത വല്ലാത്ത വിഷമമുണ്ടാക്കിയെന്നു ബോണി തന്നെ പറയുന്നു. എന്നാല്‍ തന്റെ ആത്മവിശ്വാസമാണ് അവര്‍ക്ക് ധൈര്യം നല്‍കിയതെന്ന് ബോണി ഓര്‍ക്കുന്നു. തനിക്കിനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. മൂത്ത മകളുടെ വിവാഹം അടുത്ത വര്‍ഷമാണ്‌. അതിനായി വീട് പുതുക്കിപണിയുന്ന തിരക്കിലാണ് ബോണി ഇപ്പോൾ.

ഞാനും ഭര്‍ത്താവും ഇന്ത്യയിലെക്കൊരു ഉല്ലാസയാത്ര പ്ലാന്‍ ചെയ്യുന്നുണ്ട്, റിട്ടയര്‍ ആയ ശേഷം ഇപ്പോഴും പാര്‍ട്ട്‌ടൈം ആയി ജോലി നോക്കാറുണ്ട്. 2013 ലാണ് എന്തോ പ്രശ്നമുള്ളതായി ബോണിയ്ക്ക് തോന്നി തുടങ്ങിയത്. അമിതമായ ഉത്കണ്ഠയായിരുന്നു തുടക്കത്തില്‍.  ചെറിയ കാര്യങ്ങള്‍ക്കു പോലും അമിതമായി ഉത്കണ്ഠപ്പെടുന്ന അവസ്ഥ. 

പെട്ടെന്നുണ്ടായൊരു അസുഖത്തെ തുടര്‍ന്നാണ്‌ ബോണിയുടെ അമ്മ മരിച്ചത്. അതിനു ശേഷം തന്റെ പ്രിയപ്പെട്ടവര്‍ തന്നെ ഒറ്റയ്ക്കാക്കി പോകുമോ എന്ന ആശങ്ക ബോണിയെ വല്ലാതെ അലട്ടിയിരുന്നു. ആദ്യമൊക്കെ ഇതാകാം ഈ അമിത ടെന്‍ഷനു കാരണമെന്നു എല്ലാവരും വിലയിരുത്തി. എന്നാല്‍ ഇതില്‍ അസ്വാഭാവികത തോന്നിയ ജനറല്‍  ഫിസിഷനാണ് ബോണിയെ ഒരു ന്യൂറോളജിസ്റ്റിന്റെ അടുത്തേക്ക്‌ കൂടുതല്‍ പരിശോധനകള്‍ക്ക് അയച്ചത്. അങ്ങനെയാണ് ഡോക്ടര്‍ ഗെറാല്‍ഡിന്റെ അടുത്തു ബോണി എത്തുന്നത്.

രോഗം ഇതാണെന്നു തിരിഞ്ഞറിഞ്ഞപ്പോഴുള്ള ആദ്യ ഞെട്ടലിനു ശേഷം വേഗം കാര്യങ്ങള്ളുടെ ഗൗരവം തിരിച്ചറിഞ്ഞെന്നു ബോണി പറയുന്നു. സമയം കടന്നു പോകുന്തോറും ഈ അവസ്ഥയ്ക്ക് കൂടുതല്‍ മാറ്റമുണ്ടാകുമെന്നു ഞാന്‍ തിരിച്ചറിയുന്നുണ്ട്. അതിനെ എങ്ങനെ നേരിടാമെന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്. 

ഫിറ്റ്നസ് നിലനിര്‍ത്തുകയും ദുശീലങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ഞാൻ. 

സൗത്ത് ലണ്ടനിലെ സെന്റ്‌ ജോര്‍ജ് ഹോസ്പിറ്റലില്‍ ഡോ.ഗെറാല്‍ഡിന്റെ ചികിത്സയിലാണ് ബോണി ഇപ്പോൾ. അല്‍ഷിമേഴ്സ് രോഗത്തെ കുറിച്ചു കൂടുതല്‍ അറിയാനും ഫലപ്രദമായ മരുന്നുകള്‍ കണ്ടെത്താനും നിരവധി പരീക്ഷണട്രയലുകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. അല്‍ഷിമേഴ്സ് ഒരു രോഗാവസ്ഥയാണ്. അതു മനസ്സിലാക്കി ജീവിതം മുന്നോട്ട് കൊണ്ട് പോകുക എന്നതാണ് പ്രധാനമെന്നു ബോണി പറയുന്നു. തന്നെപ്പോലെ  സമാനാവസ്ഥ നേരിടുന്ന ഒരുപാട് പേര്‍ക്ക് ആശ്വാസം നല്‍കാനാണ് ഇപ്പോള്‍ ബോണി ശ്രമിക്കുന്നത്. വരും ഭാവിയില്‍ അല്‍ഷിമേഴ്സ് രോഗത്തിനെ ചെറുക്കാന്‍ മരുന്നുകള്‍ കണ്ടെത്തുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും ബോണി പറയുന്നു.

Read More : Health News