Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞുങ്ങളിലെ ദന്തക്ഷയത്തിനു പിന്നിൽ?

dental-problem-child

കുഞ്ഞുങ്ങൾക്ക് ദന്തക്ഷയം വരുന്നത് പെട്ടെന്നാണ്. മധുരത്തോടുള്ള ആകര്‍ഷണവും ശരിയായി ബ്രഷ് ചെയ്യാത്തതുമാണ് മിക്കപ്പോഴും വില്ലനാകുന്നത്. ബാക്ടീരിയകളാണ് കുട്ടികളുടെ പാല്‍പ്പല്ലുകളില്‍ ദന്തക്ഷയത്തിനു കാരണമാകുന്നത്. പാല്‍പ്പല്ലുകളിലെ ദന്തക്ഷയം രക്ഷിതാക്കള്‍ ശ്രദ്ധിക്കാതെ വിടുകയാണ് പതിവ്. എന്നാല്‍ ഈ ദന്തക്ഷയവും കുട്ടികളുടെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. 

അടുത്തിടെ സ്വീഡനില്‍ നടത്തിയൊരു പഠനത്തിലാണ് കുഞ്ഞുങ്ങളിലെ ദന്തക്ഷയവും അമിതവണ്ണവും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. കൂടുതല്‍ ദന്തക്ഷയം കാണപ്പെടുന്ന കുഞ്ഞുങ്ങളില്‍ സാധാരണയില്‍ കവിഞ്ഞു ഫാറ്റ് അടിയുമെന്നും അതവരുടെ ബോഡി മാസ് ഇന്‍ഡെക്സ് (BMI (Body Mass Index) ) വര്‍ധിക്കാന്‍ കാരണമാകുമെന്നും പഠനത്തില്‍ പറയുന്നു. കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങളും മധുരപാനീയങ്ങളുമാണ് ഇവിടെ പാല്‍പ്പല്ലുകളുടെ ശത്രു.

271 കുട്ടികളുടെ ആഹാരശീലത്തെക്കുറിച്ചു നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. കുട്ടികളുടെ ഭാരം, നീളം, അവര്‍ കഴിക്കുന്ന ഭക്ഷണം എന്നിവ തുടര്‍ച്ചയായി രേഖപ്പെടുത്തി. ശേഷം ഓരോരുത്തരുടെയും ഉമിനീരു പരിശോധിച്ച് വായിലെ ബാക്ടീരിയയുടെ അളവു കണ്ടെത്തി. വളരെ മോശം ആഹാരശീലങ്ങളും ദന്തക്ഷയവുമുള്ള കുട്ടികള്‍ക്കാണ് അമിതവണ്ണത്തിന്റെ ലക്ഷണങ്ങളെന്ന് ഇതില്‍നിന്നു വെളിവായി. ജങ്ക്ഫുഡ്‌ ധാരാളം കഴിക്കുന്ന കുട്ടികളിലാണ് കൂടുതല്‍ ദന്തക്ഷയം കാണപ്പെടുന്നത്. ഇവര്‍ക്കാണ് കൂടുതല്‍ കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞിരിക്കുന്നതും.

മധുരമുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ കഴിവതും ഒഴിവാക്കുക എന്നതാണ് കുട്ടികളിലെ ദന്തക്ഷയം തടയാനുള്ള ഏക വഴി. പല്ലിനു കേടുണ്ടാകുമ്പോള്‍ മാത്രം ശ്രദ്ധിച്ചിട്ടു കാര്യമില്ല, ആദ്യം മുതല്‍ നല്ല പരിചരണം നല്‍കണം. ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ കൂടുതലായി കുട്ടികളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. പല്ലും വായ്ക്കകവും വൃത്തിയായി സൂക്ഷിക്കുകയെന്നതും പ്രധാനം. ശരിയായ രീതിയിലുള്ള ടൂത്ത്‌ ബ്രഷിന്റെ ഉപയോഗവും തുടക്കം മുതല്‍ കുഞ്ഞിനെ ശീലിപ്പിക്കണം.

Read More : Health and Wellbeing