Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തസമ്മര്‍ദത്തിനു പുതിയ അളവുകോല്‍

blood-pressure

നിശ്ശബ്ദനായ കൊലയാളി എന്നാണ് രക്തസമ്മര്‍ദത്തെ വിളിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ മരണത്തിനിടയാക്കുന്ന ഹൃദ്രോഗത്തിന് പിന്നിലെ പ്രധാനകാരണവും ഈ രക്തസമ്മര്‍ദം തന്നെയാണ്. മാറിയ ജീവിതശൈലികളും ആഹാരശീലങ്ങളും തന്നെയാണ് ഇതിനു പിന്നിലെ കാരണം.

അമേരിക്കന്‍ ഹാര്‍ട്ട്‌ അസ്സോസിയേഷന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ മുതിര്‍ന്ന പൗരന്മാരില്‍ പകുതിയിലധികം പേരും ഉയര്‍ന്ന രക്ത സമ്മര്‍ദത്തിന്റെ പിടിയിലാണ്. ഇതുകണക്കിലെടുത്തു രാജ്യത്തെ രോഗികളുടെ രക്തസമര്‍ദത്തിന്റെ അളവുകോല്‍ ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ്. 140/90 എന്ന മുന്‍ അളവില്‍ നിന്നും  130/80 ആയി ഹൈ ബ്ലഡ്‌ പ്രഷര്‍ അളക്കണം എന്നാണു ശുപാര്‍ശ. ഇതിനെത്തുടര്‍ന്ന് ഉയര്‍ന്ന രക്തസമ്മര്‍ദമുള്ള രോഗികളുടെ ചികിത്സയ്ക്കായി കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും നിര്‍ദേശമുണ്ട്.

ഹൃദയത്തില്‍ നിന്നും ധമനികള്‍ വഴിയാണ് രക്തം ശരീരത്തിലേക്ക് എത്തുന്നത്. ഒരു മിനിട്ടില്‍ 70 തവണയോളമാണ് ഹൃദയം രക്തം പമ്പ് ചെയ്യുന്നത്. രക്തം ധമനികളിലൂടെ പ്രവഹിക്കുമ്പോള്‍ അതിന്റെ ഭിത്തിയില്‍ ഏൽപ്പിക്കുന്ന സമ്മര്‍ദമാണ് രക്തസമ്മര്‍ദം. ഹൃദയം ശക്തിയായി രക്തം പമ്പു ചെയ്യുമ്പോള്‍ (സങ്കോചിക്കുമ്പോള്‍)ധമനികളിലെ സമ്മര്‍ദം 120 മില്ലിമീറ്റര്‍ മെര്‍ക്കുറി വരെ ഉയരും. ഹൃദയം വികസിക്കുമ്പോള്‍ അഥവാ പമ്പ് ചെയ്യാതെ വിശ്രമിക്കുമ്പോള്‍ 80 മില്ലിമീറ്റര്‍ മെര്‍ക്കുറി ആയി കുറയും. ഇതാണ് ഡോക്ടര്‍മാര്‍ രക്തസമ്മര്‍ദമായി കുറിക്കുന്നത്. 

നോര്‍മലായ അവസ്ഥയില്‍ ഒരാളുടെ ബ്ലഡ് പ്രഷറിന്റെ അളവ് കൂടിയാണ് ഇപ്പറഞ്ഞ 120/80. 

അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷനും അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയും ചേര്‍ന്നു കഴിഞ്ഞ തിങ്കഴ്ചയാണ്  അമേരിക്കയില്‍ ഈ പുതിയ അളവുകോല്‍ പ്രഖ്യാപിച്ചത്.  ഏറ്റവുമൊടുവില്‍ ഇത് പരിഷ്കരിച്ചത് 2013 ലായിരുന്നു. ഈ പരിഷ്കാരം നിലവില്‍ വന്നതോടെ103  മില്യണ്‍ അമേരിക്കാര്‍ക്കാണ് ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളതായി സ്ഥിരീകരിച്ചത്. മുന്‍പ് ഇത്  72.2 മില്യണ്‍ ആയിരുന്നു. 

ഉയര്‍ന്ന രക്തസമ്മര്‍ദക്കാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ചു ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കതകരാറ്, തലച്ചോറിനു തകരാര്‍ എന്നിവയുണ്ടാകാന്‍ സാധ്യതയേറെയാണ്. അമേരിക്കയില്‍ പുതിയ ബിപി അളവുകള്‍ വന്നതോടെ 45  വയസ്സിനു താഴെയുള്ള സ്ത്രീ പുരുഷന്മാരില്‍ നല്ലൊരു ശതമാനവും രക്തസമ്മര്‍ദക്കാരുടെ ലിസ്റ്റില്‍ വന്നുകഴിഞ്ഞു. 

ശരീരഭാരം നിയന്ത്രിക്കുക, പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക, ആഹാരശീലങ്ങളില്‍ മാറ്റം വരുത്തുക എന്നതാണ് പ്രാഥമികമായി രക്തസമ്മര്‍ദം കുറയ്ക്കാന്‍ ചെയ്യേണ്ടത്. സസ്യഭുക്കുകളില്‍ രക്തസമ്മര്‍ദം കുറവായാണ് കാണുന്നത്. പച്ചക്കറികളിലെ പൊട്ടാസ്യം രോഗസാധ്യത കുറയ്ക്കുന്നു. പച്ചക്കറികളും പഴവര്‍ഗങ്ങളും ശീലമാക്കുക നല്ലതാണ്.  21 അംഗങ്ങള്‍ അടങ്ങിയൊരു കമ്മറ്റിയുടെ മൂന്നു വര്‍ഷത്തെ പഠനത്തിനു ശേഷമാണ് അമേരിക്കയില്‍ ഈ പുതിയ മാറ്റം സ്വീകരിച്ചിരിക്കുന്നത്. 

പുതിയ കണക്കുകള്‍ ഇങ്ങനെ 

നോര്‍മല്‍- 120  സിസ്‌റ്റോളിക്‌ സമ്മര്‍ദത്തില്‍ കുറവ്. 

പ്രിഹൈപര്‍ ടെന്‍ഷന്‍- 120 - 129

സ്റ്റേജ് 1-  സിസ്റ്റോളിക് പ്രഷര്‍ 130 –139

സ്റ്റേജ് 2- സിസ്റ്റോളിക് പ്രഷര്‍ 140 നു മുകളില്‍.

Read More: ആരോഗ്യവാർത്തകൾ