Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച്‌ഐവിയും എയ്ഡ്‌സും തമ്മിലുള്ള വ്യത്യാസം ?

aids-hiv

എച്ച്‌ഐവിയും എയ്ഡ്‌സും തമ്മില്‍ എന്താണ് വ്യത്യാസം? എച്ച്‌ഐവി പോസ്റ്റിവ് ആയ എല്ലാവരും എയ്ഡ്സ് രോഗികളാണോ ?  ഈ സംശയം എല്ലാവർക്കും ഉണ്ടാകും. എന്താണ് ഇതിന്റെ വാസ്തവം. 

.

എച്ച്‌ഐവി എന്നാല്‍ ഒരു വൈറസും എയ്ഡ്‌സ് എന്നത് ഒരു അവസ്ഥയുമാണ്. ഹ്യൂമൺ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് അഥവാ എച്ച്ഐവി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വൈറസിന്റെ അധിനിവേശമാണ് എയ്ഡ്സ്.

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വഴിയാണ് എച്ച്‌ഐവി വൈറസ്‌ ഒരാളുടെ ശരീരത്തില്‍ പ്രധാനമായും പ്രവേശിക്കുന്നത്. അതായതു എച്ച്‌ഐവി പോസിറ്റീവ് ആയ ഒരാളുമായി യാതൊരു മുൻകരുതലും ഇല്ലാതെ ലൈംഗികബന്ധം പുലര്‍ത്തിയാല്‍ രോഗം പിടിപെടാനുള്ള സാധ്യത ഇരട്ടിയാണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളും രക്തദാനവും വൈറസ് സാന്നിധ്യമുള്ള സൂചിയുടെ ഉപയോഗവുമെല്ലാം എച്ച്‌ഐവി ബാധിക്കാന്‍ ഇടയാക്കും. എച്ച്‌ഐവി ബാധിച്ച ഗര്‍ഭിണിയായ അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും രോഗം ബാധിക്കാം.

എച്ച്‌ഐവി പോസിറ്റീവ്

എച്ച്‌ഐവി പരിശോധന വഴിയാണ് ഒരാള്‍ എച്ച്‌ഐവി പോസിറ്റീവ് ആണോ എന്ന് സ്ഥിരീകരിക്കുന്നത്. എച്ച്ഐവി ബാധ പ്രതിരോധിക്കാന്‍ ശരീരം ആന്റീ ബോഡികൾ ഉണ്ടാക്കും. എച്ച്‌ഐവി ബാധയുണ്ടോയെന്ന് അറിയാന്‍ രക്തത്തിലെയും ഉമിനീരിലെയും ഈ ആന്റീ ബോഡി സാന്നിധ്യം പരിശോധിച്ചാല്‍ മതിയാകും.  

വൈറസ് ബാധിച്ച ഉടനെ ചികിത്സ തേടുന്നതിലൂടെ രോഗം മൂര്‍ച്ഛിക്കാതെ തടയാനാകും. കൃത്യമായ മരുന്നുകളിലൂടെ എച്ച്ഐവി ബാധിതര്‍ക്ക് സാധാരണ ജീവിതം നയിക്കാനുമാകും.

എന്താണ് എയ്ഡ്സ്?

എച്ച്‌ഐവി ബാധിതനായ ഒരാള്‍ രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുമ്പോള്‍ ആണ് എയ്ഡ്സ് ബാധ സംശയിക്കേണ്ടത്. സാധാരണയായി ഇതിനു പത്തുവർഷം വരെ വേണ്ടി വരും. ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ മുഴുവനായി നശിപ്പിക്കുന്ന രോഗമാണ് എയ്ഡ്സ്. ഇതുമൂലം രോഗിക്ക് ഒരേസമയം പലതരം രോഗങ്ങള്‍ വരാന്‍ സാധ്യതയേറെയാണ്. 

എച്ച്‌ഐവിയും എയ്ഡ്‌സും തമ്മില്‍ 

വളരെ ചുരുക്കത്തില്‍ പറഞ്ഞാല്‍ എച്ച്‌ഐവി ഒരു വൈറസ്‌ ബാധയാണ്. എച്ച് ഐവി ബാധിച്ച വ്യക്തിയുടെ ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങള്‍ നശിച്ച അവസ്ഥയാണ് എയ്ഡ്‌സ്. അതേസമയം ശരിയായ രീതിയില്‍ ആദ്യം മുതല്‍ ചികിത്സ തുടര്‍ന്നാല്‍ എച്ച്‌ഐവി ബാധിതനെ എയ്ഡ്സ് പിടിപെടാതെ രക്ഷിക്കാന്‍ സാധിക്കും.

Read More : Health News