Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറ്റമിന്‍ ഡിയുടെ കുറവ് ഓട്ടിസത്തിനു കാരണമോ?

autism

കുഞ്ഞുങ്ങളില്‍ കാണപ്പെടുന്ന ഗൗരവമേറിയ പെരുമാറ്റവൈകല്യമാണ് ഓട്ടിസം. നാഡീസംബന്ധമായ തകരാറുകളുടെ ഫലമായാണ് ഓട്ടിസം ബാധിക്കുന്നത്.  കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ സാധാരണപ്രവർത്തനങ്ങൾ,  ആശയവിനിമയപാടവം, സാമൂഹികജീവിതം എന്നിവയെയെല്ലാം ബാധിക്കുന്ന അവസ്ഥയാണ്‌ ഓട്ടിസം. മൂന്നു വയസ്സോടെയാണ് ഓട്ടിസം പ്രകടമാകുന്നത്.

 നവജാതശിശുക്കളില്‍ കാണപ്പെടുന്ന വൈറ്റമിന്‍ ഡിയുടെ അഭാവം ഓട്ടിസത്തിനു കാരണമാകുന്നുണ്ടോ. ഉണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ചൈനയില്‍ നടത്തിയൊരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. 

27,940 നവജാതശിശുക്കളിലായിരുന്നു പഠനം. ഇതില്‍ 310  കുഞ്ഞുങ്ങള്‍ക്ക്‌ മൂന്നുവയസ്സിനകം ഓട്ടിസം സ്ഥിരീകരിച്ചിരുന്നു. മറ്റു കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഈ കുഞ്ഞുങ്ങള്‍ക്ക്‌ ജനനസമയത്ത് വൈറ്റമിന്‍ ഡിയുടെ കുറവ് ഉണ്ടായിരുന്നതായി ഗവേഷകര്‍ സ്ഥിരീകരിച്ചിരുന്നു. ജേര്‍ണല്‍ ഓഫ് ബോണ്‍ ആന്‍ഡ്‌ മിനറല്‍ റിസേര്‍ച്ചില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിരുന്നു.

ക്ലിനിക്കല്‍ പരിശോധനയിലൂടെയാണ് ഓട്ടിസം സ്ഥിരീകരിക്കുന്നത്. കുഞ്ഞുങ്ങള്‍ പ്രകടമാക്കുന്ന ലക്ഷനങ്ങള്‍ അനുസരിച്ചാണ് രോഗം കണ്ടെത്തുന്നത്. കണ്ണുകളിൽ നോക്കി സംസാരിക്കുന്നതിനു വിമുഖത കാട്ടുക, സംസാരിക്കുന്നതിനും ആശയങ്ങൾ പരസ്പരം കൈമാറുന്നതിനുമുളള കഴിവു കുറയുക, കാര്യങ്ങൾ മനസ്സിലാക്കുന്നതിലും പഠിക്കുന്നതിലും കാര്യക്ഷമതയില്ലായ്മ അങ്ങനെ പലതരത്തിലാണ് ഓട്ടിസം ബാധിച്ച കുട്ടി പെരുമാറുക. എന്നാല്‍ ചിലപ്പോള്‍ ചില ലക്ഷണങ്ങള്‍ ഓട്ടിസം ആയും തെറ്റിദ്ധരിക്കാറുണ്ട്. ഉദാഹരണത്തിന് കേള്‍വികുറവുള്ള കുഞ്ഞുങ്ങള്‍ ചിലപ്പോള്‍ മേല്‍പറഞ്ഞ ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. എന്നാല്‍ ഇത് പരിശോധനവഴി ഓട്ടിസം ആണോ അല്ലയോ എന്നു കണ്ടെത്താന്‍ കഴിയും.  എംആര്‍ഐ സ്കാനിങ്, ജെനിറ്റിക് ടെസ്റ്റുകള്‍ എന്നിവ വഴി ഓട്ടിസം കണ്ടെത്താം. 

പരിശീലനം സിദ്ധിച്ച അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും സേവനം ആദ്യമുതല്‍ തേടുക വഴി ഓട്ടിസത്തെ ഒരുപരിധി വരെ കൈകാര്യം ചെയ്യാന്‍ സാധിക്കും. ഒക്യുപേഷണല്‍ തെറാപ്പി, ബിഹേവിയര്‍ തെറാപ്പി, കമ്മ്യൂണിക്കേഷന്‍ തെറാപ്പി എന്നിങ്ങനെ വിവിധരീതികള്‍ ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുടെ ചികിത്സയുടെ ഭാഗമായി ഉപയോഗിക്കാം. ഇവയോട് പ്രതികരിക്കാതെ വരുന്ന സാഹചര്യത്തില്‍ മരുന്നുകള്‍ ഫലപ്രദമാകും. അതയത് എത്രയും നേരത്തേ ഓട്ടിസം തിരിച്ചറിയുന്നുവോ അത്രയും ഫലപ്രദമായി അവരെ സാധാരണജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനാകും.

Read More : Health Magazine