Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതശൈലീരോഗങ്ങൾക്കെതിരെ ‘അമൃതം ആരോഗ്യം’

lifestyle-diseases

ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധം ലക്ഷ്യമിട്ട് കേരള ആരോഗ്യവകുപ്പും ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യവും (എൻആർഎച്ച്എം) ചേർന്നു 2011ൽ തുടങ്ങിയ പദ്ധതിയാണ് ‘അമൃതം ആരോഗ്യം’

കുടുംബക്ഷേമം ഉപകേന്ദ്രങ്ങളിൽ ജീവിതശൈലീരോഗ പരിശോധന നടത്തുകയും രോഗമുള്ളവരെ വിദഗ്ധ ചികിൽസയ്ക്കായി പിഎച്ച്സിയിലേക്ക് റഫർ ചെയ്യുകയും ചെയ്യും..

∙ ലക്ഷ്യം

വർധിച്ചു കൊണ്ടിരിക്കുന്ന ജീവിതശൈലീ രോഗങ്ങൾ 2030 ആകുമ്പോഴേക്കും നിയന്ത്രണത്തിലാക്കുക എന്ന വലിയ ദൗത്യത്തിലേക്കുള്ള ചുവടുവയ്പാണ് അമൃതം ആരോഗ്യം’.

മുപ്പത് വയസ്സിൽ കൂടുതലുള്ള വ്യക്തികളിൽ രക്തസമ്മർദം, പ്രമേഹം, അമിതവണ്ണം എന്നിവയുണ്ടോ എന്നു പരിശോധിക്കുക. അതുവഴി ജീവിതശൈലീ രോഗങ്ങളെ തുടക്കത്തിലെ കണ്ടെത്തുക, നിയന്ത്രിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.

ആരോഗ്യ ഉപകേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണു നടപ്പാക്കുക.

∙ പ്രവർത്തന രീതി

കേരളത്തിൽ 54 ശതമാനം പേർക്കു ജീവിതശൈലീ രോഗമുണ്ടെന്നാണു റിപ്പോർട്ട്. കുടുംബക്ഷേമ ഉപകേന്ദ്രങ്ങളിൽ ഓരോ ആഴ്ചയും നിശ്ചിതദിവസം സ്ക്രീനിങ് ക്യാംപ് നടത്തി രോഗബാധിതരെ കണ്ടെത്തും.

എപിഎൽ, ബിപിഎൽ ഭേദമില്ലാതെ ആർക്കും സൗജന്യമായി പരിശോധന നടത്താം. വിദഗ്ധ ചികിൽസ വേണ്ടിവരുന്നവരെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കു റഫർ ചെയ്യും. ഇവിടെ ആഴ്ചയിൽ ഒരുദിവസം പ്രത്യേക ഒപിയോടുകൂടിയ ക്ലിനിക് പ്രവർത്തിക്കും. ക്യാംപ്, ക്ലിനിക് ദിവസങ്ങൾ അതത് കേന്ദ്രങ്ങളില്‍ നിന്ന് അറിയാം.

∙ ജീവനക്കാർ

കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഒരു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സും ഇതിനായി ഉണ്ടാകും.

∙ സൗജന്യ ചികിൽസ

ജീവിതശൈലീ ക്രമീകരണത്തിനാവശ്യമായ നിർദേശങ്ങളും തുടർചികിത്സയും സൗജന്യമായി നൽകും. ആദ്യഘട്ടം ബോധവൽക്കരണമാണ്. ബോധവൽക്കരണം, ഊർജിതമാക്കുന്നതിനായി സൂപ്പർവൈസറി ജീവനക്കാർക്കും ഫീൽഡ് ജീവനക്കാർക്കും പരിശീലനം നൽകിയിട്ടുണ്ട്.

ആദ്യമൂന്നുമാസം മരുന്നുകൾ കഴിയുന്നതും നൽകാതെ, ജീവിതശൈലിയിൽ മാറ്റം വരുത്താനാണു ശ്രമിക്കുക. പിന്നീടേ മരുന്നിലേക്കു കടക്കൂ.

∙ ശ്രദ്ധിക്കേണ്ടവ

ഭക്ഷണക്രമീകരണം, വ്യായാമം എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും മദ്യം, പുകവലി തുടങ്ങിവയിൽ നിന്നു മോചനം നേടാനുള്ള മാർഗനിർദേശങ്ങളും നൽകും. റജിസ്റ്റർ ചെയ്യുന്നവരുടെ ആരോഗ്യ വിവരങ്ങൾ തുടർച്ചയായി അവലോകനം ചെയ്യും. ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനും പഴങ്ങളും പച്ചക്കറികളും കൂടുതൽ ഉപയോഗിക്കാനും അടക്കമുള്ള ബോധവൽക്കരണവും നൽകുന്നു.

ഇതുവരെ

1.32 കോടി ജനങ്ങളെ പരിശോധിച്ചു. 7.14 ലക്ഷം പുതിയ പ്രമേഹരോഗികളെ കണ്ടെത്തി. 8.9 ലക്ഷം രക്തസമ്മർദ്ദ രോഗികളെയും. ഇതുവരെ 27 ലക്ഷം പ്രമേഹ രോഗികളും 29 ലക്ഷം രക്തസമ്മർദ്ദ രോഗികളും പരിശോധനയ്ക്കെത്തി.

∙ മറ്റു പ്രവർത്തനങ്ങൾ

ഓഫീസുകളും ക്യാംപസുകളും കേന്ദ്രമാക്കി ആരോഗ്യ ക്യാംപുകൾ നടത്തുന്നു. ആയിരത്തിലേറെ സ്കൂളുകളിൽ യോഗാ പരിപാടികൾ നടത്തി. പരിശീലനം നേടിയ സ്കൂൾഹെൽത്ത് നഴ്സുമാരാണു ക്ലാസുകൾ നയിക്കുക. ഗ്രാമീണമേഖലകളിൽ നടത്തം, ഓട്ടം തുടങ്ങിയ വ്യായാമങ്ങൾക്കും മറ്റ് ആരോഗ്യദിനാചരണങ്ങള്‍ക്കുമായി ഫണ്ട് നൽകുന്നു.

വിവരങ്ങൾ : ഡോ. ബിപിൻ ഗോപാൽ, സ്റ്റേറ്റ് നോഡൽ ഓഫീസർ ഫോർ നോൺ കമ്യൂണിക്കബിൾ ഡിസീസ് കൺട്രോൾ പ്രോഗ്രാം.

കൂടുതൽ ആരോഗ്യവാർത്തകൾ