Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശസ്ത്രക്രിയയ്ക്കു ശേഷം തലച്ചോറിൽ സംഭവിക്കുന്ന മാറ്റങ്ങൾ അദ്ഭുതത്തോടെ വീക്ഷിച്ച് വൈദ്യശാസ്ത്രം

brain

ശരീരത്തില്‍ നടത്തുന്ന ശസ്ത്രക്രിയകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ? ഉണ്ടെന്നതിന്റെ തെളിവാണ് അമേരിക്കയിലെ പത്തുവയസ്സുകാരന്‍ സിയോന്‍ ഹാര്‍വിയുടേത്. 

രണ്ടു വർഷം മുന്‍പ് ഇരുകൈകളും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ ഹാർവിയിൽ നടത്തിയിരുന്നു. കടുത്ത അണുബാധയെ തുടര്‍ന്ന് ഹാര്‍വിയുടെ ഇരുകൈകളും ഒരു കാല്‍പാദവും മുറിച്ചു മാറ്റിയിരുന്നു. കിഡ്നിയും മാറ്റിവച്ചു.  

തുടര്‍ന്ന്  2015–ല്‍ ഫിലഡല്‍ഫിയയില്‍ ഹാര്‍വിയുടെ ഇരുകൈകളിലെയും കൈപ്പത്തി മാറ്റിവച്ചു. 

ലോകത്ത് ഇരുകൈകളും മാറ്റിവച്ച ആദ്യത്തെ കുഞ്ഞാണ് ഹാര്‍വി. ഈ ശസ്ത്രക്രിയകള്‍ക്കു ശേഷമാണ് ഹാര്‍വിയുടെ തലച്ചോറില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയത്. 

ശസ്ത്രക്രിയക്കുശേഷം കുട്ടിയുടെ കൈകളില്‍ നിന്നും തലച്ചോറിലേക്കുള്ള സെന്‍സേഷനുകളില്‍ കണ്ടെത്തിയ മാറ്റങ്ങളാണ് വൈദ്യശാസ്ത്രം അത്ഭുതത്തോടെ നോക്കികാണുന്നത്. കൈകളുടെ ചലനത്തെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗത്തിനു രണ്ടു സെന്റിമീറ്റര്‍ വരെ വ്യത്യാസം ഉണ്ടായതായാണ് ഹാര്‍വിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. 

ഒരു പുതുഅവയവത്തെ ശരീരം സ്വീകരിച്ച ശേഷമാണ് ഇത്തരത്തില്‍ മാറ്റങ്ങള്‍ ഉണ്ടായെതെന്നതും ശ്രദ്ധേയമാണ്. ഇത്തരത്തില്‍ തലച്ചോറില്‍ ഉണ്ടാകുന്ന റീമാപ്പിങിന്  മാസ്സീവ്‌ കോര്‍ട്ടിക്കല്‍ റീഓര്‍ഗനൈസേഷന്‍  (massive cortical reorganization (MCR) എന്നാണു വൈദ്യശാസ്ത്രത്തില്‍ പറയുന്നത്. 

ഹാര്‍വിയില്‍ കണ്ടെത്തിയ ഈ മാറ്റത്തെ വൈദ്യശാസ്ത്രം പ്രതീക്ഷയോടെയാണ് നോക്കികാണുന്നതെന്നു CHOP യിലെ  ഹാന്‍ഡ്‌ ട്രാന്‍സ്പ്ലാന്റേഷന്‍ പ്രോഗ്രാമിന്റെ ഡയറക്ടറായ എല്‍ സ്കോട്ട്  പറയുന്നു. 

ഹാര്‍വിക്ക് 2015 ല്‍ ശസ്ത്രക്രിയ നടത്തിയ 40 അംഗ ടീമിന് നേതൃത്വം നല്‍കിയ ആളാണ്‌ സ്കോട്ട്. 

തലച്ചോറിലെ ഓരോ ഭാഗങ്ങളും ശരീരത്തിലെ ഓരോ അവയവങ്ങളെ നിയന്ത്രിക്കുന്നുണ്ട്. വലിയ ശസ്ത്രക്രിയകള്‍ക്കോ അവയവനഷ്ടത്തിനോ ശേഷം തലച്ചോറില്‍ സംഭവിക്കുന്ന ഈ പരിണാമത്തെ കൂടുതല്‍ പഠനത്തിനു വിധേയമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഡോക്ടർമാര്‍. 

Read More : Health Magazine