Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ സംഭവിക്കാവുന്നത്?

sleep

നമുക്കിപ്പോൾ എല്ലാത്തിനും സമയം ഉണ്ട്. പക്ഷേ ഉറങ്ങാൻ മാത്രം സമയമില്ല. എന്താ ശരിയല്ലേ? ഉറക്കത്തിന് ഒരു പ്രാധാന്യവും കൽപ്പിക്കാത്തവരും നമുക്കിടയിലുണ്ട്. എന്നാൽ മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ആരോഗ്യം അവതാളത്തിലാകുമെന്ന് പലരും അറിയുന്നില്ല.

നമുക്ക് ക്ഷീണം തോന്നുന്നതും വേഗം ജലദോഷവും പനിയും പിടിക്കുന്നതും ആവശ്യത്തിന് ഉറക്കം ലഭിക്കാത്തതു കൊണ്ടാണെന്നാണ് പഠനങ്ങൾ പറയുന്നത്. പേശികളുടെ വളർച്ചയ്ക്കും കലകളുടെ (tissue) നാശം തടയാനും ഹോർമോണുകളെ സിന്തസൈസ് ചെയ്യുന്നതിലുമെല്ലാം ഉറക്കം പ്രധാന പങ്കു വഹിക്കുന്നുണ്ട്.

ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ ആരോഗ്യത്തിനുണ്ടാകുന്ന ചില ദോഷങ്ങൾ ഇതാ.

∙ ജലദോഷവും പനിയും

ഉറക്കക്കുറവ് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തും. ഉപദ്രവകാരികളായ ബാക്ടീരിയകളും വൈറസുകളും എളുപ്പത്തിൽ പിടിപെടാൻ അതു കാരണമാകും. രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ ഉറക്കം സഹായിക്കും. അണുബാധകളെ തടയുന്ന ആന്റിബോഡികളെയും കോശങ്ങളെയും സൈറ്റോകൈനുകളെയും രോഗപ്രതിരോധ സംവിധാനം ഉല്‍പ്പാദിപ്പിക്കും. ഉറക്കം ലഭിച്ചില്ലെങ്കിൽ രോഗം മാറാൻ കാലതാമസമെടുക്കും.

∙ ഗർഭധാരണം തടസപ്പെടും

ഉറക്കമില്ലായ്മ പുരുഷന്മാരിലെ പ്രത്യുൽപ്പാദനക്ഷമത കുറയ്ക്കും. 2013ൽ തെക്കന്‍ ഡെൻമാർക്കിൽ നടന്ന പഠനമനുസരിച്ച് ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത പുരുഷന്മാർക്ക് കൂടുതൽ ഉറങ്ങുന്ന പുരുഷന്മാരെ അപേക്ഷിച്ച് ബീജത്തിന്റെ എണ്ണം (Sperm count) നാലിലൊന്നു മാത്രമേ ഉള്ളൂവെന്നു കണ്ടു. സ്ത്രീകളിലും ഉറക്കക്കുറവ് പ്രത്യുൽപ്പാദന പ്രശ്നങ്ങൾക്ക് കാരണമാകും.

∙ ഉയർന്ന രക്തസമ്മർദം

ഉറക്കം ലഭിക്കാത്തവർക്ക് ഉയർന്ന രക്തസമ്മർദത്തിനു സാധ്യത കൂടുതലാണ്. സ്ട്രെസ്സ് ഹോർമോണുകളെ നിയന്ത്രിക്കാനും നാഡീവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്താനും ഉറക്കം സഹായിക്കുന്നു.

∙ ശരീരഭാരം കൂടുന്നു

ദിവസം ആറുമണിക്കൂറിൽ കുറവ് ഉറങ്ങുന്നവർക്ക് അമിതഭാരം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഇവയിൽ വിശപ്പു കുറയ്ക്കുന്ന ഹോർമോൺ ആയ ലെപ്റ്റിന്റെ അളവ് കുറവായിരിക്കും. അതുപോലെ വിശപ്പ് കൂട്ടുന്ന ഹോർമോൺ ആയ ഘ്രെലിന്റെ (ghrelin) അളവ് കൂടുതലാണെന്നും കണ്ടു.

∙ ചർമത്തിന്റെ ആരോഗ്യം

ഉറക്കമില്ലായ്മ ചർമത്തെയും ദോഷകരമായി ബാധിക്കുന്നു. മുഖക്കുരു, ചർമത്തിനു തിളക്കമില്ലായ്മ, പ്രായമാകല്‍ ഇവയുടെ ലക്ഷണങ്ങൾ ഉറക്കക്കുറവ് മൂലം ആകാം. ഉറക്കം ആവശ്യത്തിനു ലഭിക്കാഞ്ഞാൽ ശരീരം സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോൾ കൂടുതൽ ഉൽപ്പാദിപ്പിക്കുകയും ഈ ഹോർമോണിന്റെ അളവ് കൂട്ടുന്നത് സമ്മർദം കൂട്ടാനും ശരീരത്തിനു വീക്കം ഉണ്ടാകാനും കാരണമാകും.

ഉറക്കം ആരോഗ്യത്തിന് എത്രമാത്രം പ്രധാനമാണെന്ന് മനസിലായില്ലേ. ഡിജിറ്റൽ ഉപകരണങ്ങളും അനാവശ്യ ചിന്തകളും എല്ലാം മാറ്റിവച്ച് സുഖമായി ഉറങ്ങൂ. കാരണം നിങ്ങളുടെ ശരീരത്തിന് ഉറക്കം ആവശ്യമാണ്. ആരോഗ്യത്തോടെ ഉണരാൻ സുഖമായി ഉറങ്ങാം.

Read More : Health News