Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആര്‍ത്തവകാലത്ത് ഉപയോഗിച്ച ടാബൂണ്‍ തകര്‍ത്തത് ഈ 29 കാരിയുടെ ജീവിതം

laurren-wasser Image Courtesy : Instagram

സൂപ്പര്‍ മോഡലായിരുന്ന ലോറെന്‍ വാസ്സെര്‍ എന്ന 29 കാരിയുടെ ജീവിതം തകിടം മറിച്ചത് ആര്‍ത്തവകാലത്ത് ഉപയോഗിച്ച ടാബൂണ്‍ നിമിത്തമുണ്ടായ അണുബാധയായിരുന്നു.  2012 നു മുന്‍പ് വളരെ തിരിക്കേറിയൊരു മോഡലായിരുന്നു വാസ്സെര്‍. എന്നാല്‍ ഒരു ആര്‍ത്തവകാലത്ത് ഉപയോഗിച്ച ടാബൂണ്‍ വാസ്സെറുടെ ജീവിതം തന്നെ മാറ്റിമറിക്കുയായിരുന്നു. 

കടുത്ത പനിയിലായിരുന്നു കാര്യങ്ങള്‍ തുടങ്ങിയത്. വൈകാതെ വാസ്സര്‍ക്ക് ഹൃദയാഘാതവുമുണ്ടായി. അതേവര്‍ഷം തന്നെയാണ് ടോക്സിക്ക് ഷോക്ക്‌ സിൻഡ്രോം  (toxic shock syndrome (TSS)) വാസ്സെര്‍ക്ക് സ്ഥിരീകരിച്ചത്. ഈ അണുബാധ വാസ്സെറുടെ വലതു കാലിനെ  പൂര്‍ണമായും ബാധിച്ചതോടെ മുട്ടിനു താഴെ വച്ചു ഡോക്ടർമാർക്കു നീക്കം ചെയ്യേണ്ടി വന്നു. 

ചിലതരം ബാക്ടീരിയ ഇന്‍ഫെക്ഷന്‍ കാരണം ഉണ്ടാകുന്നൊരു അവസ്ഥയാണ് ടോക്സിക്ക് ഷോക്ക്‌ സിന്‍ഡ്രോം. ആര്‍ത്തവ കാലത്ത് വാസ്സര്‍ ഉപയോഗിച്ച ടാബൂണ്‍  തന്നെയാണ് ഇവിടെ വില്ലനായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇടതുകാലിനെയും അണുബാധ ബാധിച്ചെങ്കിലും ആ കാൽ നീക്കം ചെയ്യുന്നതില്‍ നിന്നു രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു വാസ്സര്‍. 

തന്റെ ഇടതുകാലിനെ 'ഗോള്‍ഡന്‍ ലെഗ്' എന്നാണു വാസ്സര്‍ വിശേഷിപ്പിക്കുന്നത്. വാസ്സറുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടകള്‍ പരിശോധിച്ചാല്‍ തന്നെയറിയാം  ഈ പെണ്‍കുട്ടി എത്രത്തോളം ആത്മവിശ്വാസം ഉള്ളവളാണെന്ന്. ആറുവര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ ഇപ്പോള്‍ വാസ്സെറുടെ ഇടതുകാലും നീക്കം ചെയ്യേണ്ട സ്ഥിതിയാണ്. 

എന്നാല്‍ ഇനി ഇതില്‍ തനിക്കൊന്നും ചെയ്യാനില്ലെന്നാണ് വാസ്സര്‍ പറയുന്നത്. എങ്കിലും താന്‍ ഭാഗ്യവതിയാണ് എന്നാണു ഇവര്‍ പറയുന്നത്. കാരണം ടോക്സിക്ക് ഷോക്ക്‌ സിൻഡ്രോം ബാധിച്ചാല്‍ മിക്കവാറും മരണത്തിനു കീഴടങ്ങുകയാണ് പതിവ്. ആ ദൗര്‍ഭാഗ്യം വന്നില്ലല്ലോ എന്നാണ് ഇപ്പോള്‍ ഈ പെണ്‍കുട്ടി ആശ്വസിക്കുന്നത്.

ടാബൂണ്‍ ഉപയോഗവും അതിന്റെ ദൂഷ്യവശങ്ങളെയും കുറിച്ചു  സമൂഹത്തിനു അവബോധം നല്‍കുന്നതില്‍ മുന്നിലാണ് ഇന്ന് വാസ്സര്‍. അതുപോലെ തന്നെ ടോക്സിക്ക് ഷോക്ക്‌ സിൻഡ്രോം എന്ന ഗുരുതരാവസ്ഥയെക്കുറിച്ചു കൂടുതല്‍ ആളുകള്‍ക്ക് അറിവ് നല്‍കാനും ഈ  മുന്‍മോഡല്‍ പ്രചരണം നടത്തുന്നുണ്ട്. 

Read More : Health News