Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അമ്മയെ മരണത്തിനു വിട്ടുകൊടുക്കാൻ എനിക്കാവില്ല’; ഒൻപതു വയസ്സുകാരന്റെ വാക്കുകളിൽ അമ്മയുടെ ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ

megan

‘അമ്മയെ മരണത്തിനു വിട്ടുകൊടുക്കാൻ എനിക്കാവില്ല.’- പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് പാഠപുസ്തകത്തിൽ വായിച്ച ആ അറിവുവെച്ച് ഒൻപതു വയസ്സുകാരൻ തന്റെ അമ്മയോട് അപേക്ഷിച്ചു. പുകവലി ഉപേക്ഷിക്കണമെന്ന മകന്റെ  അപേക്ഷ സ്വീകരിക്കാതിരിക്കാൻ ആ അമ്മയ്ക്കു കഴിഞ്ഞില്ല. 

കാനഡ സ്വദേശിനിയായ മേഗന്‍ ഗില്‍സ് സ്കൂൾ പഠനകാലം മുതൽ പുകവലി തുടങ്ങിയതാണ്. സുഹൃത്തിന്റെ അമ്മ മേഗനെയും സുഹൃത്തിനെയും സിഗരറ്റ് വാങ്ങാനായി കടയിൽ പറ‍ഞ്ഞുവിട്ട ദിവസം വെറും തമാശയ്ക്കായി പുക വലിച്ചു നോക്കിയതാണ്. അന്നു മുതൽ പുകവലി മേഗന്റെ ജീവിതത്തിന്റെ ഭാഗമാകുകയായിരുന്നു. പുകച്ചുരുളുകള്‍ കൊണ്ട് വളയങ്ങള്‍ തീര്‍ക്കുന്നതായിരുന്നു അന്നത്തെ വിനോദം. പഠനത്തിനുശേഷം ജോലിസ്ഥലത്ത് സമ്മർദവും ടെൻഷനും വരുമ്പോഴെല്ലാം സിഗരറ്റിൽ അഭയം തേടി. എന്തിനേറെപ്പറയുന്നു, അച്ഛൻ അർബുദം ബാധിച്ചു ശ്വാസമെടുക്കാൻ പോലും സാധിക്കാതെ മരണത്തിനു കീഴടങ്ങുന്നതു കണ്ടിട്ടും പുകവലിശീലം ഉപേക്ഷിക്കാൻ മേഗൻ തയാറല്ലായിരുന്നു.

രാവിലെ ഉണര്‍ന്നാല്‍ മുപ്പതു മിനിറ്റിനുള്ളില്‍ പുകവലിക്കുക എന്നതായിരുന്നു മേഗന്റെ രീതി. എന്നാൽ മകന്റെ അപേക്ഷ ഗൗരവമായെടുത്ത മേഗൻ, എതുമാർഗത്തിലൂടെയും അത് ഉപേക്ഷിച്ചിട്ടുതന്നെ കാര്യം എന്ന തീരുമാനത്തിലെത്തുകയായിരുന്നു. 

അങ്ങനെയാണ് കാനഡയിലെ ഒട്ടാവ സര്‍വകലാശാലയിലെ Marta Klepaczek ന്റെ അടുത്ത് മേഗൻ എത്തുന്നത്. ഒട്ടാവ മോഡല്‍ എന്നറിയപ്പെടുന്ന പുകവലി നിവാരണപ്രോഗ്രാമിന്റെ ഫൗണ്ടറായിരുന്നു Klepaczek. ഇവിടെനിന്നു ശരിക്കും ഒരു പുതുജീവിതം ആരംഭിക്കുകയായിരുന്നു മേഗൻ.  

പുകവലി ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ മേഗന്‍ ഉറച്ചു നിന്നതോടെ ചികിത്സ ആരംഭിച്ചു. മരുന്നുകള്‍ നൽകിയും നിക്കോട്ടിന്‍ തെറാപ്പി നടത്തിയും പുകവലി നിയന്ത്രിച്ചു. പൂര്‍ണമായും പുകവലി ഉപേക്ഷിക്കുക എന്നതായിരുന്നു മേഗന്റെ മുന്നിലെ വെല്ലുവിളി.

പുകവലി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ പിന്തുടരേണ്ട നാലു കാര്യങ്ങളെക്കുറിച്ചു Klepaczek മേഗനോട് പറഞ്ഞു. മനസ്സിനെ മറ്റൊന്നിലേക്കു മാറ്റുക, ദീര്‍ഘമായി ശ്വാസം എടുക്കുക, ധാരാളം വെള്ളം കുടിക്കുക, കാര്യങ്ങൾ പതിയെ ചെയ്യുക. എന്തായാലും മേഗന്‍ ആ വെല്ലുവിളിയില്‍ വിജയിച്ചു. 

പുകവലികാതെ കഴിഞ്ഞ ആദ്യ 12 മണിക്കൂറില്‍ മേഗന്റെ ശരീരത്തിലെ കാര്‍ബണ്‍ മോണോസൈഡ് ലെവല്‍ പുകവലിക്കാത്തവരുടെ അത്രയും സാധാരണമായതായി കണ്ടെത്തി. അടുത്ത 48 മണിക്കൂറില്‍ രുചിയും മണവും കൂടുതല്‍ തിരിച്ചറിയാന്‍ സാധിച്ചു. 72 മണിക്കൂര്‍ ആയപ്പോഴേക്കും ശ്വാസകോശം കൂടുതല്‍ പ്രവര്‍ത്തനസജ്ജമായി. ഇത് തുടരുകയാണെങ്കില്‍ ഹൃദ്രോഗവും ശ്വാസകോശഅര്‍ബുദവും വരാനുള്ള സാധ്യത മേഗന് കുറയുമെന്നാണ് വിദഗ്ധര്‍ ഉറപ്പു നല്‍കുന്നത്.

ഇടയ്ക്ക് പഴയ തോന്നല്‍ വന്നാല്‍ നിക്കോട്ടിന്‍ മൗത്ത് സ്പ്രേ ഉപയോഗിക്കും. ഇത് പുകവലിക്കാനുള്ള തോന്നലിന് ആശ്വാസം നൽകും. ഒരാഴ്ചക്കാലം മറ്റൊന്നും ചെയ്യാതെ മേഗന്‍ ലീവ് എടുത്തു വീട്ടിലിരുന്നു. പുകവലിക്കുക എന്ന ചിന്ത ഇല്ലാതാക്കുക എന്നതായിരുന്നു ലക്ഷ്യം. യോഗ ചെയ്തും ഇഷ്ടമുള്ള ആഹാരം പാകം ചെയ്തും ക്രിസ്മസിനായി ഒരുക്കങ്ങള്‍ നടത്തിയും കൂടുതല്‍ സമയം മേഗന്‍ കുടുംബത്തോടൊപ്പം ചെലവഴിച്ചു.

ഇപ്പോള്‍ പുകവലിയില്‍നിന്നു മേഗന്‍ മുക്തയാണ്. രാവിലത്തെ കോഫിക്കൊപ്പം പുകവലിക്കാന്‍ ഇപ്പോൾ തനിക്കു തോന്നുന്നില്ലെന്ന് അവര്‍ പറയുന്നു. പുകയുന്ന സിഗരറ്റ്‌ കുറ്റികള്‍ അയല്‍ക്കാരെ കാണുമ്പോള്‍ പിന്നില്‍ ഒളിപ്പിക്കേണ്ടതില്ല. തന്റെ പുകവലിയെ ഓര്‍ത്ത്‌ കുടുംബത്തില്‍ ആര്‍ക്കും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മേഗന്‍ പറയുന്നു. തന്റെ ഈ തീരുമാനത്തില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് ഒന്‍പതുവയസ്സുകാരന്‍ മകനാണെന്ന് മേഗന്‍ പറയുന്നു. ‘അമ്മയ്ക്ക് ഇത് സാധിക്കുമെന്ന് അറിയാമായിരുന്നു’ എന്നാണ് അവന്‍ ഇതിനെക്കുറിച്ചു പറയുന്നതെന്ന് മേഗന്‍ സന്തോഷത്തോടെ പറയുന്നു.

Read More: Health News