Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറക്കം കുറവാണോ? എങ്കിൽ കരുതിയിരുന്നോളൂ

sleeping-disorder

എത്രയൊക്കെ ആരോഗ്യസംരക്ഷണം നടത്തിയാലും രാത്രി ഉറക്കമില്ലെങ്കില്‍ തീര്‍ന്നില്ലേ. രാത്രി മുഴുവന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം ശരിയാകാത്തവര്‍ ഉണ്ട്. മറ്റു ചിലരുണ്ട്; കൂടുതല്‍ സമയം ജോലി ചെയ്യാനും മറ്റും ഉറക്കം വെട്ടിക്കുറയ്ക്കുന്നവര്‍. രണ്ടായാലും ഉറക്കക്കുറവ് ആരോഗ്യത്തിനു നല്ലതല്ല. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസവും ചുരുങ്ങിയത് ഏഴു മണിക്കൂര്‍ ഉറങ്ങണം. കൗമാരക്കാര്‍ക്കും കുട്ടികള്‍ക്കും ഇത് 12 മണിക്കൂർ വരെയാണ്. 

നല്ലൊരു ശതമാനം ആളുകളെയും അലട്ടുന്ന പ്രശ്നമാണ് ഉറക്കക്കുറവ് അല്ലെങ്കില്‍ സ്ലീപ്‌ ഡിസോഡര്‍. ഇതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ നിസ്സാരമല്ല. അവ ഏതൊക്കെയെന്നു നോക്കാം.

ഓര്‍മക്കുറവ് 

ഉറക്കമില്ലായ്മ കൊണ്ടുണ്ടാകുന്ന ഒരു പ്രധാനപ്രശ്നമാണ് ഓര്‍മക്കുറവ്. ശരിയായ ഉറക്കം ലഭിക്കാത്തത് കുട്ടികളില്‍ പഠനവൈകല്യത്തിനും കാരണമാകുന്നുണ്ട്. മുതിര്‍ന്നവരില്‍ പെട്ടെന്നുള്ള മറവി, ചില വാക്കുകള്‍ മറന്നു പോകുക തുടങ്ങിയവയും ഉണ്ടാകാം. ഉറക്കം നന്നായി ലഭിക്കാത്ത കുഞ്ഞുങ്ങള്‍ക്ക്‌ മറ്റു കുട്ടികളെ അപേക്ഷിച്ചു ബുദ്ധിശക്തിയും കുറവായിരിക്കും.

ശ്രദ്ധക്കുറവ്

എന്തു കാര്യം ചെയ്യുമ്പോഴും അതില്‍ പൂര്‍ണമായി ശ്രദ്ധ ചെലുത്താന്‍ കഴിയാതെ വരുന്നതിനു പിന്നിലെ വില്ലന്‍ ഉറക്കക്കുറവാണ്.

സ്കിന്‍ ഏജിങ്

ഉറക്കം ചർമത്തിന്  എത്രത്തോളം നല്ലതാണെന്ന് അറിയണമെങ്കില്‍ ഉറക്കകുറവുള്ളവരെ ശ്രദ്ധിക്കുക. വിസ്കോസിന്‍ സര്‍വകലാശാലയില്‍ നടത്തിയ ചില പഠനങ്ങള്‍ പറയുന്നത് നല്ല ഉറക്കം ലഭിക്കാത്തവരില്‍ കടുത്ത ത്വക്ക് രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നാണ്. പകല്‍ സമയങ്ങളില്‍ ഏല്‍ക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളുടെ ദൂഷ്യഫലങ്ങളില്‍നിന്നു ചർമത്തെ സംരക്ഷിക്കുന്നതിനു കുറഞ്ഞത്‌ ആറു മണിക്കൂര്‍ ഉറക്കത്തിനു സാധിക്കുമത്രേ. ഉറക്കം കുറവുള്ളവരെയും നന്നായി ഉറങ്ങുന്നവരെയും പങ്കെടുപ്പിച്ചു നടത്തിയൊരു പഠനത്തില്‍ നന്നായി ഉറങ്ങുന്നവര്‍ക്ക് സ്കിന്‍ ഏജിങ് സാവധാനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഭാരം കൂടും 

വണ്ണം കൂടുന്നതും ഉറക്കക്കുറവും തമ്മില്‍ എന്തു ബന്ധമെന്നു ചിന്തിക്കേണ്ട കാര്യമില്ല. രണ്ടും തമ്മില്‍ അഭേദ്യബന്ധമാണ്. ഇത് ശരീരത്തില്‍ ഫാറ്റ് അടിഞ്ഞു കൂടാനും ഹോര്‍മോണ്‍ വ്യതിയാനത്തിനും കാരണമാകും.

അല്‍സ്ഹൈമേഴ്സ്

അല്‍സ്ഹൈമേഴ്സ് രോഗത്തിനു കാരണമായി ശാസ്ത്രം കണ്ടെത്തിയ ബീറ്റ അമിലോയിഡ് പ്രോട്ടീന്‍ (beta-amyloid protein) ഉറക്കം കുറഞ്ഞാല്‍ തലച്ചോറില്‍ കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടുമെന്നു കണ്ടെത്തിയിട്ടുണ്ട്. നന്നായി ഉറങ്ങിയാല്‍ ഈ പ്രോട്ടീന്‍ കൂടുന്നത് ശരീരം ബാലന്‍സ് ചെയ്യും.

കാഴ്ചക്കുറവ്, ഹൃദ്രോഗം 

രണ്ടും ഉറക്കക്കുറവുമായി ബന്ധപ്പെട്ട രോഗങ്ങളാണ്. അടുത്തിടെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍, എട്ടുമണിക്കൂര്‍ ഉറക്കം ലഭിക്കാത്തവരില്‍ രക്തസമ്മര്‍ദം പതിന്മടങ്ങ്‌ വര്‍ധിച്ചതായി കണ്ടെത്തി. എട്ടു മണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ചു നാലു മണിക്കൂര്‍ മാത്രം ഉറങ്ങുന്നവരില്‍ ഹൃദ്രോഗസാധ്യതയും ഏറെയാണ്‌. കാഴ്ചമങ്ങല്‍, കണ്ണിനു വേദന എന്നിവയും സാധാരണം.

പ്രതിരോധശേഷിക്കുറവ്, അമിതമൂത്രശങ്ക

ഉറക്കം ക്രമാതീതമായി കുറയുന്നവരില്‍ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് പ്രതിരോധശേഷിക്കുറവ്. അണുബാധ ഇത്തരക്കാര്‍ക്ക് വേഗത്തില്‍ പിടിപെടാനും സാധ്യതയുണ്ട്. മറ്റൊരു പ്രശ്നമാണ് അമിത മൂത്രശങ്ക. നന്നായി ഉറങ്ങുന്നവരെ അപേക്ഷിച്ച് ഉറക്കം ഇല്ലാത്തവര്‍ക്ക് അടിക്കടിയുള്ള മൂത്രശങ്ക ഒരു പ്രശ്നമാണ്. നിരവധി തവണ ഇവര്‍ക്ക് രാത്രി സമയത്ത് മൂത്രശങ്ക ഉണ്ടാകുന്നു. ഇതിനെ നൊക്ട്യൂറിയ (nocturia) എന്നാണു പറയുന്നത്.

ജലദോഷം, ശരീരവേദന, സന്ധിവേദന

മേൽപ്പറഞ്ഞതെല്ലാം ഉറക്കക്കുറവിന്റെ ദൂഷ്യഫലങ്ങള്‍ തന്നെ. 153 ആളുകളില്‍ നടത്തിയൊരു പഠനം പ്രകാരം അടിക്കടിയുള്ള ജലദോഷത്തിനു കാരണമായി കണ്ടെത്തിയത് ചുരുങ്ങിയത് ഏഴു മണിക്കൂര്‍ ഉറങ്ങാന്‍ സാധിക്കാത്തതായിരുന്നു. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം ഉറക്കം നഷ്ടമാകുന്നവര്‍ക്ക് പേശി വേദനയും സന്ധി വേദനയും സാധാരണമാണ്. നന്നായി വ്യായാമം ചെയ്യുന്നവർ രാത്രിയില്‍ നന്നായി ഉറങ്ങിയില്ലെങ്കിലും ഇത് ഉണ്ടാകാറുണ്ട്. 

ഉറക്കത്തില്‍ നമ്മുടെ ശരീരം ഗ്രോത്ത് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. ഇത് ശരീരത്തിന് ആവശ്യമാണ്. ഉറക്കം ഇല്ലാതാകുന്നതോടെ ഈ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം ഉണ്ടാകുന്നു.

വാഹനാപകടസാധ്യത വര്‍ധിക്കുന്നു 

നമ്മള്‍ സാധാരണ വാര്‍ത്തകളില്‍ വായിക്കാറുള്ളതാണ് ഡ്രൈവര്‍ ഉറങ്ങിയതു മൂലം വാഹനം അപകടത്തില്‍ പെട്ടു എന്നത്. അതിനു വഴിവെയ്ക്കുന്നത് ഉറക്കമില്ലായ്മ തന്നെയാണ്. ശരിയായി ഉറക്കം ലഭിക്കാതെയോ ഉറക്കം വരുമ്പോഴോ വാഹനം ഓടിക്കുന്നത് പോലെ മറ്റൊരു അപകടമില്ല. 

ലൈംഗികപ്രശ്നങ്ങള്‍ 

ടെസ്റ്റോസ്റ്റിറോൺ എന്ന ഹോര്‍മോണ്‍ ആണ് സ്ത്രീയിലും പുരുഷനിലും ലൈംഗിക ഉണര്‍വു നല്‍കുന്നത്. ഉറക്കത്തില്‍ ഇതിന്റെ അളവ് കൂടും. എന്നാല്‍ ഉറക്കം ലഭിക്കാതെ വരുമ്പോള്‍ ഇത് ക്രമാതീതമായി കുറയുന്നു. അതിന്റെ ഫലമായി ലൈംഗികജീവിതം വിരസമാകുന്നു. ഉറക്കം ശരിയാകാത്തതിലുള്ള ക്ഷീണവും ലൈംഗികജീവിതത്തെ തകര്‍ക്കും.

ടൈപ്പ് 2  ഡയബറ്റിസ് 

ഇതിനും കാരണം മറ്റൊന്നല്ല. എത്രയൊക്കെ ആഹാരകാര്യത്തില്‍ ശ്രദ്ധ വെച്ചാലും ഉറക്കം ഇല്ലെങ്കില്‍ പ്രമേഹം പിടിപെടാനുള്ള സാധ്യത രണ്ടിരട്ടിയാണ്.

കാന്‍സർ

ഉറക്കവും കാന്‍സര്‍ സാധ്യതയും തമ്മിലുള്ള ബന്ധം ഇതുവരെ ആധികാരികമായി തെളിയിച്ചിട്ടില്ല. എങ്കിലും പുതിയ ചില നിഗമനങ്ങള്‍ ഈ വിഷയത്തില്‍ ശ്രദ്ധ നല്‍കാന്‍ ഗവേഷകരെ പ്രേരിപ്പിച്ചിരിക്കുകയാണ്. സ്തനാർബുദവും ഉറക്കക്കുറവും തമ്മില്‍ അഭേദ്യബന്ധമുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

തലവേദന, ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍

മൈഗ്രേന്‍, തലവേദന എന്നിവയ്ക്കെല്ലാം പിന്നിലെ പ്രധാനകാരണം ഉറക്കക്കുറവ് തന്നെയാണ്. 36 മുതല്‍  58 വരെ ശതമാനം ആളുകള്‍ക്കും ഉറക്കക്കുറവു കാരണം ഉണ്ടാകുന്ന തലവേദന സാധാരണമാണ്. അതുപോലെ തന്നെയാണ് ദഹനപ്രശ്നങ്ങളും. 

മരണം

ഏഴു മുതൽ എട്ടു വരെ മണിക്കൂര്‍ ഉറങ്ങാന്‍ കഴിയാത്തവര്‍ക്ക് അകാലമരണം സംഭവിക്കാന്‍ വരെ സാധ്യതയുണ്ട് എന്നു പറയുമ്പോള്‍ തന്നെ അറിയാമല്ലോ ഉറക്കത്തിന്റെ പ്രാധാന്യം.

Read More : Health News