Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭാവസ്ഥയിലെ ചൊറിച്ചിൽ അവഗണിക്കരുത്; കുഞ്ഞിനെ ചേർത്തുപിടിച്ച് ഈ അമ്മ പറയുന്നു

christiana Image Courtesy : Facebook

ഗർഭകാലത്തു സാധാരണ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ചൊറിച്ചിൽ. എന്നാൽ ഇതു നിസ്സാരമായി അവഗണിക്കരുതെന്നാണ് ഒരമ്മ നൽകുന്ന മുന്നറിയിപ്പ്.

ക്രിസ്റ്റ്യാന ഡി പിനോ ഗർഭകാലത്ത് താൻ അനുഭവിക്കുന്ന അസഹനീയമായ ചൊറിച്ചിലിനെക്കുറിച്ച് എഫ്ബിയിൽ ഒരു പോസ്റ്റ് ഇട്ടു. ഇതു ശ്രദ്ധയിൽപ്പെട്ട ഒരു സുഹൃത്ത് പിത്താശയത്തെ ബാധിക്കുന്ന ഹോർമോൺ വ്യതിയാനമായ കൊളസ്റ്റാസിസ് (Cholestasis) എന്ന അവസ്ഥയെക്കുറിച്ച് മുന്നറിയിപ്പു നൽകി. ഇതാകട്ടെ ഗർഭാവസ്ഥയിൽ കുഞ്ഞിന്റെ മരണത്തിനുവരെ കാരണമാകാവുന്ന ഒന്നാണ്.

ചൊറിഞ്ഞു ചൊറി‍ഞ്ഞ് കയ്യും കാലുമൊക്കെ പൊട്ടി രക്തംവന്ന് ഉറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു ക്രിസ്റ്റ്യാനയ്ക്ക്.

അപ്പോഴേക്കും ഗർഭകാലം 35 ആഴ്ച പിന്നിട്ടിരുന്നു. തന്റെ ഡോക്ടറെ ബന്ധപ്പെട്ട് പരിശോധനകൾ നടത്തിയപ്പോഴേക്കും ക്രിസ്റ്റ്യാനയെ ബാധിച്ചിരിക്കുന്നത് കൊളസ്റ്റാസിസ് ആണെന്ന് തിരിച്ചറിഞ്ഞു. കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുള്ളതിനാൽ 37 ആഴ്ചയായപ്പോഴേക്കും ശസ്ത്രക്രിയയിലൂടെ പെൺകുഞ്ഞിനെ പുറത്തെടുത്തു. 

ലെക്സാ റെ എന്നു പേരിട്ട കുഞ്ഞിനെ ചേർത്തുപിടിക്കുമ്പോൾ ഈ അമ്മ ചിന്തിക്കുന്നത് ഫേസ്ബുക്കിൽ അങ്ങനെ ഒരു പോസ്റ്റിടാൻ തോന്നിയ നിമിഷത്തെയാണ്. അല്ലായിരുന്നെങ്കിൽ ഇന്ന് ഈ സന്തോഷം പങ്കിടാൻ ഒരുപക്ഷേ എന്റെ മോള് കൂടെഉണ്ടാകില്ലായിരുന്നു. ഭാഗ്യംകൊണ്ടാണ് പൂർണാരോഗ്യത്തോടെ കു‍ഞ്ഞിനെ നമുക്കു ലഭിച്ചത്. 

ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന അസഹനീയമായ ചൊറിച്ചിൽ അവഗണിക്കരുതെന്നും എന്തെങ്കിലും അസ്വാഭാവികത തോന്നിയാൽ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി പരിശോധന നടത്തണം. ഒരു ചെറിയ രക്തപരിശോധനയിലൂടെ രക്ഷിക്കാൻ കഴിയുന്നത് ഒരു കുഞ്ഞു ജീവനാണ്– ക്രിസ്റ്റ്യാന ഓർമിപ്പിക്കുന്നു. അമേരിക്കയിൽ 100 ഗർഭിണികളിൽ ഒരാൾക്കുവീതം ഈ അവസ്ഥ കാണുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. 

അസഹനീയമായ ചൊറിച്ചിൽതന്നയാണ്  കൊളസ്റ്റാസിസിന്റെ പ്രധാന ലക്ഷണം. ഇതോടൊപ്പം കൊഴുപ്പു പോലുള്ള മലവും വൈറ്റമിൻ കെയുടെ കുറവും ചിലരിൽ കണ്ടുവരുന്നുണ്ട്. രക്തപരിശോധനയിലൂടെ മാത്രമേ ഈ രോഗം സ്ഥിരീകരിക്കാനാകൂ. 

Read More : Health News