Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെന്നിക്ക് സ്‌ലോൺ ഇനി അപരിചിതയല്ല; ഈ പൊലീസുകാരൻ ഇവളുടെ ഹീറോ ആയതിങ്ങനെ

sloan

ഒന്നുമറിയാത്ത ഒരു പിഞ്ചുകുഞ്ഞിന്റെ ദാരുണാവസ്ഥയെക്കുറിച്ച് അറിഞ്ഞപ്പോൾ ആ പൊലീസ് ഓഫീസർക്ക് മറിച്ചു ചിന്തിക്കാൻ കഴിഞ്ഞില്ല, ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ തന്റെ കരളിന്റെ ഒരുഭാഗം നൽകാൻതന്നെ അദ്ദേഹം തീരുമാനിച്ചു. ഭാര്യയുടെയും കുട്ടികളുടെയും പിന്തുണ കൂടി ഈ മഹത്കർമത്തിനു ലഭിച്ചതോടെ തിരിച്ചുകിട്ടിയത് ഒരു മൂന്നുമാസക്കാരിയുടെ ജീവനാണ്.

ക്രിസ്– സാറാ സെന്റ് ജയിംസ് ദമ്പതികളുടെ മകൾ സ്‍ലോൺ സെന്റ് ജയിംസിന് മൂന്നുമാസം പ്രായമായപ്പോഴാണ് മഞ്ഞപ്പിത്തം പിടിപെട്ടത്. കുഞ്ഞിന്റെ വയറ് വീർത്തുവരാനും തുടങ്ങിയിരുന്നു. 

ബോസ്റ്റണിലെ കുട്ടികളുടെ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ലിവർ ഫെയിലുവറിന്റെ നാലാമത്തെ സ്റ്റേജിലാണ് കുഞ്ഞ് എന്നു മനസ്സിലായത്. പിത്തരസം തടഞ്ഞുനിൽക്കുന്ന അപൂർവാവസ്ഥയായ Biliary Atresia ആയിരുന്നു കുഞ്ഞിനെ ബാധിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ കരൾ മാറ്റിവയ്ക്കണമെന്നു ഡോക്ടർമാർ നിർദ്ദേശം നൽകി. 

കുടുംബാംഗങ്ങളിൽ ആരുടെയും കരൾ കുഞ്ഞിനു ക്രോസ്മാച്ച് ആകാതെ വന്നപ്പോഴാണ് സോഷ്യൽമീഡിയയിൽ സഹായം അഭ്യർഥിക്കാൻ ആ മാതാപിതാക്കൾ തീരുമാനിച്ചത്. 

ന്യൂഹാംഷെയർ കീൻ പൊലീസ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനായ സ്റ്റീവൻ ‍ടെന്നി എന്ന 40 കാരൻ ഈ പോസ്റ്റ് കാണാനിടയായതാണ് സ്‌ലോനിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ഇദ്ദേഹത്തിന്റെ സഹോദരന്റെ ഭാര്യയുടെ കുടുംബസുഹൃത്തായിരുന്നു സെന്റ്ജയിംസിന്റെ കുടുംബം. 

മസാച്യുസൈറ്റ്സ് ബർലിങ്ടൺ ലാഹേ ഹോസ്പിറ്റലിൽ നടത്തിയ ടെസ്റ്റുകളിലും രക്ത പരിശോധനയിലും ഇദ്ദേഹത്തിന്റെ കരൾ കുഞ്ഞിനു യോജിച്ചതാണെന്നു കണ്ടെത്തി. തുടർന്ന് ഇദ്ദേഹത്തിന്റെ കരളിന്റെ ഒരു ഭാഗം മുറിച്ചെടുത്ത് 20 മൈൽ അകലെയുള്ള കുട്ടികളിലെ ആശുപത്രിയിലെത്തിച്ച് സ്‌ലോണിൽ വച്ചുപിടിപ്പിച്ചു. ഇതു കഴിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷമാണ് ‍ടെന്നി സ്‌ലോണിനെ നേരിട്ടു കാണുന്നത്. 

കുഞ്ഞിനെ കാണാൻ ആകാംക്ഷയിലായിരുന്നു ഞാൻ. പക്ഷേ കണ്ടപ്പോൾ എന്തു ചെയ്യണമെന്നോ പറയണമെന്നോ അറിയാത്ത അവസ്ഥയിലായിപ്പോയി. കുഞ്ഞിച്ചിരിയും കളികളുമായി അവൾ വലിയ സന്തോഷത്തിലായിരുന്നു– ടെന്നി പറയുന്നു. 

അദ്ദേഹം ഞങ്ങൾക്ക് ദൈവമാണ്, സ്‍ലോണിന്റെ ജീവൻ തിരിച്ചുനൽകിയത് അദ്ദേഹമാണ്. അദ്ദേഹം തന്നെയാണ് ഞങ്ങളുടെ റിയൽ ഹീറോ – സാറാ സന്തോഷം പങ്കുവച്ചു. 

സ്‌ലോണിന് ഇപ്പോൾ ഒൻപതു മാസമായി. കുഞ്ഞ് പൂർണ ആരോഗ്യവതിയാണ്.

Read More : Health News