Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർബുദചികിത്സയിൽ ബ്ലൂബെറി

blueberry

ഓരോ വർഷവും പതിനായിരക്കണക്കിനു സ്ത്രീകൾക്കാണ് സെർവിക്കൽ കാൻസർ അഥവാ ഗർഭാശയമുഖ കാൻസർ ബാധിക്കുന്നത്. റേഡിയേഷൻ ചികിത്സയാണ് കൂടുതലായും സെർവിക്കൽ കാൻസർ ബാധിച്ചവരിൽ നടത്തുന്നത്. എന്നാൽ ഈ ചികിത്സയ്ക്കിടയിൽ ആരോഗ്യമുള്ള കോശങ്ങൾക്കും തകരാറ് സംഭവിക്കാം. 

ഗർഭാശയമുഖ കാൻസർ ബാധിച്ചവർ ബ്ലൂബെറി കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യുമെന്ന് പുതിയ ഒരു പഠനം പറയുന്നു. 

ബ്ലൂബെറിയിൽ‌ ഫ്ലേവനോയിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആന്റിബാക്ടീരിയൽ, ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. റെസ് വെറാട്രോൾ എന്ന സംയുക്തവും ഇതിലുണ്ട്. 

റേഡിയേഷൻ ചികിത്സയ്ക്കിടെ ആരോഗ്യമുള്ള കോശങ്ങൾക്ക് നാശം സംഭവിക്കുന്നതിനെ തടയാൻ ബ്ലൂബെറിക്കാകുമെന്ന് പതോളജി ആൻഡ് ഓങ്കോളജി മാഗസിനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

ബ്ലൂബെറിയെ റേഡിയോ െസന്‍സിറ്റൈസറുകൾ ആയി ഉപയോഗിക്കാമോ എന്നു പരിശോധിക്കുകയായിരുന്നു 

യുഎസിലെ മിസോറി സർവകലാശാലയിലെ യുജിയാങ് ഫാങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിന്റെ ലക്ഷ്യം.  

അർബുദ കോശങ്ങളെ റേഡിയേഷൻ ചികിത്സയോട് കൂടുതൽ പ്രതികരിക്കാൻ പ്രാപ്തരാക്കുന്ന വിഷഹാരികളല്ലാത്ത രാസവസ്തുക്കളാണ് റേഡിയോ സെൻസിറ്റൈസറുകൾ. 

പ്രോസ്റ്റേറ്റ് അർബുദ ചികിത്സയിൽ ചുവന്ന മുന്തിരി റേഡിയോ സെൻസിറ്റൈസർ ആയി ഉപയോഗിക്കാമെന്ന് തെളിഞ്ഞിട്ടുണ്ട്. ചുവന്ന മുന്തിരിയിൽ റെസ് വെറാട്രോൾ അടങ്ങിയതിനാലാണിത്. ബ്ലൂബെറിയിലും ഈ സംയുക്തം അടങ്ങിയിട്ടുണ്ട്.

മനുഷ്യന്റെ സെർവിക്കൽ കാൻസർ കോശങ്ങളിലാണ് പഠനം നടത്തിയത്. കൺട്രോൾ ഗ്രൂപ്പ്, റേഡിയേഷനു വിധേയമായ കോശങ്ങൾ, ബ്ലൂബെറി സത്ത് മാത്രം ലഭിച്ച കോശങ്ങൾ, റേഡിയേഷനും ബ്ലൂബെറി സത്തും ലഭിച്ച കോശങ്ങൾ എന്നിങ്ങനെ നാലു ഗ്രൂപ്പുകളായി തിരിച്ചു. 

റേഡിയേഷൻ, അർബുദത്തെ 20 ശതമാനം കുറച്ചു. ബ്ലൂബെറി സത്തു മാത്രം ലഭിച്ച കോശങ്ങളിലെ അര്‍ബുദം 25 ശതമാനം കുറഞ്ഞു. എന്നാൽ റേഡിയേഷനോടൊപ്പം ബ്ലൂബെറി സത്തും ലഭിച്ച കോശങ്ങളിലാണ് ഏറ്റവുമധികം കുറവു കണ്ടത്. ഈ കോശങ്ങളിലെ അർബുദം 70 ശതമാനം കുറഞ്ഞതായി കണ്ടു. 

Read More : Health News