Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹർഗോവിന്ദ് ഖുറാനയ്ക്ക് ആദരമേകി ഗൂഗിൾ ഡൂഡിൽ

har-govind

ജനിതക സാങ്കേതിക വിദ്യയിൽ അഗ്രഗണ്യനായിരുന്ന ഹർഗോവിന്ദ് ഖുറാനയ്ക്ക് ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ. വൈദ്യശാസ്ത്ര സംഭാവനയ്ക്കുള്ള നൊബേൽ പുരസ്കാരം നേടിയ ഹർഗോവിന്ദ് ഖുറാനയുടെ 96–ാമത് ജൻമദിനമാണിന്ന്. 

ജീവന്റെ ഭാഷ മനസ്സിലാക്കാനുള്ള മനുഷ്യന്റെ അന്വേഷണത്തിനും പരീക്ഷണത്തിനും നിർണായകമായ സംഭാവനകൾ നൽകിയ ഇന്ത്യൻ ശാസ്‌ത്രജ്ഞനായിരുന്നു ഹർഗോവിന്ദ്‌ ഖുറാന. പ്രോട്ടീനുകളെക്കുറിച്ചും ന്യൂക്ലിക് ആസിഡുകളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ താൽപ്പര്യമാണ് പിന്നീടുണ്ടായ പല വിപ്ലവകരമായ കണ്ടുപിടിത്തങ്ങൾക്കും കാരണമായത്. ശരീരത്തിൽ ജീവശാസ്‌ത്രപ്രവർത്തനത്തിന്‌ ആവശ്യമായ 'കോഎൻസൈം എ' എന്ന രാസവസ്‌തു കണ്ടെത്തിയത് ജൈവസാങ്കേതിക രംഗത്തെ അമൂല്യ നേട്ടമായിരുന്നു. ജനിതക കോഡിന്റെ വിശദീകരണത്തിനും പ്രോട്ടീന്‍ നിര്‍മാണത്തിലവയുടെ പങ്ക് കണ്ടെത്തിയതിനും 1968–ൽ വൈദ്യശാസ്ത്ര നൊബേൽ നൽകി അദ്ദേഹത്തെ ആദരിച്ചു. ഗോവിന്ദ് ഖുറാനയ്ക്കൊപ്പം മാർഷൽ നീരൻബർഗ്, റോബർട്ട് ഹോലെ എന്നിവരും അവാർഡ് പങ്കിട്ടു.1972-ല്‍ ഖുറാന ആദ്യമായി കൃത്രിമ ജീനിനെ പരീക്ഷണശാലയില്‍ നിര്‍മിക്കുകയും ചെയ്തു.

1976-ൽ ഖുറാനയുടെ നേതൃത്വത്തിലുള്ള സംഘം 'എസ്‌ചെരിഷ്യ കോളൈ' എന്ന ബാക്‌ടീരിയയിൽ പഠനം നടത്തി. ഈ കൃത്രിമ ജീൻ സംയോജനം വൻ വിജയമായിരുന്നു. പരീക്ഷണത്തെ തുടർന്ന്‌ സ്വാഭാവിക ജീനിന്റെ രീതികളാണ്‌ ഇത്‌ പ്രകടിപ്പിച്ചത്‌. ഈ പരീക്ഷണം ജനതികശാസ്‌ത്ര മുന്നേറ്റത്തിലെ നാഴികകല്ലായി

1922 ജനുവരി 9ന് ഇപ്പോഴത്തെ പാക്കിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന പഞ്ചാബിലെ റായ്‌പൂരിൽ ആയിരുന്നു ജനനം.  മുൾട്ടാൻ ഡി.എ.വി സ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പഞ്ചാബ്‌ സർവകലാശാലയിൽ നിന്ന്‌ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. ഭാരത സർക്കാരിന്റെ സ്‌കോളർഷിപ്പ്‌ ലഭിച്ചതിനെ തുടർന്ന്‌ ഇംഗ്ലണ്ടിലെ ലിവർപൂൾ സർവകലാശാലയിൽ നിന്ന്‌ ഡോക്‌ടറൽ ബിരുദം നേടി. തുടർന്ന്‌ സൂറച്ചിൽ പോസ്റ്റ്‌ ഡോക്‌ടറൽ ഗവേഷണവും നടത്തി. 1945 വരെ ഇന്ത്യയിലായിരുന്ന ഖുറാന ഇംഗ്ലണ്ടിലെ ലിവര്‍പൂര്‍ സര്‍വകലാശാലയില്‍ ഫെലോഷിപ്പോടുകൂടി ഗവേഷണത്തിനു ചേര്‍ന്നു.  പിന്നീട് അമേരിക്കന്‍ പൗരത്വം സ്വീകരിച്ച് മസാച്ചുസാറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ 1970 മുതല്‍ പ്രഫസറായി ചേര്‍ന്നു. 

2011 നവംബർ 9ന് മസ്സാച്യുസെറ്റ്സിൽ മരണമടഞ്ഞു.

Read More : Health News