Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നു മാസം മാത്രം ആയുസ്സ് വിധിച്ച 17 കാരി മരണക്കിടക്കയില്‍ കുഞ്ഞിനു ജന്മം നല്‍കി

dana Image Courtesy : Facebook

ഡാന സ്ക്യാട്ടണ്‍ എന്ന 17 കാരിയ്ക്ക് ഡോക്ടർമാർ കുറിച്ചത് വെറും മൂന്നുമാസത്തെ ആയുസ്സ്. ഭേദപ്പെടുത്താന്‍ അസാധ്യമെന്നു വൈദ്യശാസ്ത്രം വിധിയെഴുതിയ ബ്രെയിന്‍ ട്യൂമറായിരുന്നു അവള്‍ക്ക്. ഗര്‍ഭിണിയായി ഏഴാം മാസമായിരുന്നു  ഡാന മരിച്ചു കൊണ്ടിരിക്കുന്നൊരു രോഗിയാണെന്ന് കണ്ടെത്തിയത്. ഈ ട്യൂമര്‍ സ്ഥിരീകരിച്ച 90 ശതമാനം രോഗികളും 18 മാസങ്ങള്‍ക്കുള്ളില്‍ മരിക്കുമെന്നാണ് ഡോക്ടർമാർ നല്‍കിയ മുന്നറിയിപ്പ്. 

വളരെ വൈകിയാണ് ഡാനയ്ക്ക് രോഗം സ്ഥിരീകരിച്ചത്. അതുകൊണ്ടുതന്നെ അതിജീവനസാധ്യത വളരെ കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞു. എങ്കിലും ചികിത്സയുമായി മുന്നോട്ടു പോകാന്‍ തന്നെ അവര്‍ തീരുമാനിച്ചു. അതിന്റെ ആദ്യ പടിയായിരുന്നു 33 ആഴ്ച ഗര്‍ഭാവസ്ഥയിലുള്ള ശിശുവിനെ പുറത്തെടുക്കുക.

പിന്നെ ഒരുനിമിഷം പോലും ഡോക്ടർമാര്‍ക്ക് കളയാനില്ലായിരുന്നു. അടിയന്തരശസ്ത്രക്രിയയിലൂടെ ജനുവരി നാലിന് അവര്‍ ഡാനയുടെ കുഞ്ഞിനെ പുറത്തെടുത്തു– പൂര്‍ണആരോഗ്യവതിയായൊരു പെണ്‍കുഞ്ഞ് പേര് എറിസ് മേരി. മാസം തികയാതെ പുറത്തെടുത്തതിനാല്‍ കുഞ്ഞിനെ നിയോനേററല്‍ യുണിറ്റിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 

dana2 Image Courtesy : Facebook

മാതൃത്വം ആഘോഷിക്കണോ ആസ്വദിക്കാനോ ഒന്നും ഡാനയ്ക്ക് കാഴിയാത്ത അവസ്ഥ. ആഴ്ചയില്‍ അഞ്ചു വട്ടം വീതം റെഡിയേഷന്‍ തെറപ്പി. ഇതുകൊണ്ട് അവളുടെ ആയുസ്സ് ആറു മാസത്തേക്കെങ്കിലും നീട്ടാന്‍ സാധിക്കുമെന്നാണ് ഡോക്ടർ‍മാര്‍ പ്രതീക്ഷിക്കുന്നത്. ശ്വസിക്കാനും ആഹാരം കഴിക്കാനുമെല്ലാം ഇപ്പോള്‍ ഡാനയ്ക്ക് പ്രയാസമാണ്. ഇടതുകാലിനും കൈയ്ക്കും നഷ്ടമായ സ്വാധീനം റേഡിയേഷന്‍ ആരംഭിച്ചതോടെ വീണ്ടുകിട്ടി. 

തലച്ചോറിലെ സെല്ലുകളില്‍ വളരുന്ന ഒരുതരം കാന്‍സര്‍ ആണ് ഡാനയെ ബാധിച്ചിരിക്കുന്നത്. Diffuse intrinsic pontine glioma (DIPG)) എന്നാണ് ഈ ട്യൂമറിനു വൈദ്യശാസ്ത്രം നല്‍കുന്ന പേര്. സ്പൈനല്‍ കോഡും കഴുത്തും ചേരുന്നിടത്താണ് ഇതു വികസിക്കുന്നത്. ഇവിടെ ശസ്ത്രക്രിയ നടത്തുന്നതും അപകടകരമാണ്. ശ്വസനം, ഹൃദയതാളം, കാഴ്ച, കേള്‍വി, സംസാരം, ചലനം എന്നിവയെ സഹായിക്കുന്ന മസ്സിലുകള്‍ എല്ലാം നിയന്ത്രിക്കുന്നതു ട്യൂമര്‍ ബാധിച്ച ബ്രെയിന്‍ സെല്ലിലാണ്. 

ആദ്യമാദ്യം സംസാരിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം തോന്നിയ ബുദ്ധിമുട്ടുകള്‍ ഗര്‍ഭത്തിന്റെ ആലസ്യങ്ങള്‍ ആകുമെന്നാണ് ഡാന കരുതിയത്. ഒരിക്കല്‍ സ്കൂള്‍ ബസ്സില്‍ കയറാനായി നടക്കുന്നതിനടിയില്‍ ഉണ്ടായ അസ്വസ്ഥതകളാണ് ഈ പ്രശ്നങ്ങള്‍ ഡോക്ടറോടു പറയാന്‍ ഡാനയെ പ്രേരിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ സിടി സ്കാനിലും എംആര്‍ഐ സ്കാനിലുമാണ് ട്യൂമര്‍ കണ്ടെത്തിയത്. 

രോഗത്തെക്കുറിച്ച് അറിഞ്ഞയുടന്‍ തന്റെ കുഞ്ഞിനെ കുറിച്ചാണ് ഡാന ഏറെ ആശങ്കപ്പെട്ടതെന്ന് അമ്മ ലിയോണ്‍ പറയുന്നു. റേഡിയേഷന്‍ ചികിത്സകുഞ്ഞിനു ഹാനീകരമാകുമോ എന്നായിരുന്നു അവളുടെ ഭയം. അമ്മയ്ക്ക് ഉണ്ടായ കാന്‍സര്‍ കുഞ്ഞിനെ ബാധിക്കില്ല എങ്കിലും അത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാണെന്ന് അറിഞ്ഞതോടെയാണ് എത്രയും വേഗം കുഞ്ഞിനെ പുറത്തെടുത്തത്. 

dana1 Image Courtesy : Facebook

ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്കു ചെയ്യുന്ന ചികിത്സകള്‍ കുഞ്ഞിന്റെ ആരോഗ്യത്തെയും ബുദ്ധിവളര്‍ച്ചയെയും വരെ ബാധിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. 

ലിയോണ്‍ , റോബര്‍ട്ട്‌ ദമ്പതികളുടെ ഒന്‍പതു മക്കളില്‍ ഏറ്റവും ഇളയവള്‍ ആണ് ഡാന. മകളുടെ ചികിത്സയ്ക്കായി ഇപ്പോള്‍ രണ്ടുപേരും ജോലി ഉപേക്ഷിച്ചു അവള്‍ക്കൊപ്പം നില്‍ക്കുകയാണ്. ഭീമമായ ചികിത്സാചെലവുകള്‍ക്ക് സഹായം തേടി ഡാനയുടെ സഹോദരന്‍ ഫേസ്ബുക്കില്‍ ഇട്ട ഒരു കുറിപ്പിനു നല്ല പ്രതികരണമാണ് ലഭിച്ചത്. തന്റെ ജീവിതത്തില്‍ എന്തെങ്കിലും ഒരു അദ്ഭുതം ഉണ്ടാകുമെന്ന് തന്നെയാണ് ഡാന പ്രതീക്ഷിക്കുന്നത്. കുഞ്ഞിനൊപ്പം ഒരു നല്ല ജീവിതം അവള്‍ സ്വപ്നം കാണുന്നുമുണ്ട്.

Read More : Health News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.