Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതല്ലേ അമ്മ, ഇതാവണം അമ്മ

sarah-lamont-joe-donate

കൊല്ലം കൊട്ടിയത്ത് 14 വയസ്സുളള മകനെ അമ്മ കൊലപ്പെടുത്തിയ വാർത്ത ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടത്. അതുപോലെ തിരുവനന്തപുരം പേരൂർക്കടയിൽ മകൻ അമ്മയെ കൊലപ്പെടുത്തിയതും ഞെട്ടിക്കുന്ന സംഭവമായിരുന്നു. എന്നാൽ വടക്കേ അയർലൻഡിൽ സാറാ ലമോണ്ട് എന്ന അമ്മ തന്റെ രണ്ട് അവയവങ്ങൾ കുഞ്ഞുമകൻ ജോയ്ക്കു കൊടുത്ത് മാതൃകയായിരിക്കുന്നു. 

ഒരു വയസ്സ് പൂർത്തിയാകും മുൻപേ ജോയ്ക്ക് പോളിസിസ്റ്റിക് കിഡ്നി ഡിസോർഡറും കരളിനെ ബാധിക്കുന്ന ഹിപ്പാറ്റിക് ഫൈബ്രോസിസും കണ്ടെത്തിയിരുന്നു. ആദ്യം ജോയുടെ വൃക്കകൾ നീക്കം ചെയ്ത് ഡയാലിസിസ് ആരംഭിച്ചു. മകന്റെ ആരോഗ്യം വീണ്ടെടുക്കാൻ തന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സാറ തയാറായി.

2017 ജനുവരിയിൽ സാറയുടെ കരളിന്റെ ഒരു ഭാഗം ഉപയോഗിച്ച് ജോയിൽ കരൾശസ്ത്രക്രിയ നടത്തി. ഏഴുമാസങ്ങൾക്കു ശേഷം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നടന്നു. രോഗം ഭേദപ്പെട്ട് ഇപ്പോൾ പൂർണ ആരോഗ്യവാനാണ് ജോ.

അവയവദാനം എന്ത്? എങ്ങനെ?

അവയവദാനത്തിനു തയാറായി മുന്നോട്ടു വരുന്നവരുടെ എണ്ണം ഇപ്പോൾ വര്‍ധിച്ചിട്ടുണ്ടെന്നുള്ളത് ആശാവഹം തന്നെ. എന്നാൽ ഇതിനെക്കുറിച്ചുള്ള അജ്‍ഞത പലരേയും പിന്നോട്ടു വലിക്കുന്നുമുണ്ട്. നമ്മുടെ ശരീരരത്തിൽ മറ്റു എട്ടു പേരുടെ ജീവൻ നിലനിർത്താൻ സഹായകമായ പ്രധാന അവയവങ്ങളുണ്ട്. വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന 30ലേറെ മറ്റു ഭാഗങ്ങളും. 

മസ്തിഷ്ക മരണമുറപ്പായ രോഗിയുടെ ബന്ധുക്കൾ അവയവദാനത്തിന് തയാറാണെങ്കിൽ ആ വിവരം ആദ്യം ഡോക്ടറെ അറിയിക്കുക. ഡോക്ടർ ആ വിവരം കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിങ് (കെ.എൻ.ഒ.എസ്) ന് കൈമാറും. റജിസ്റ്റർ ചെയ്ത രോഗികളിൽനിന്ന് മുൻഗണനാക്രമത്തിലാണ് അവയവം സ്വീകരിക്കാനുള്ള രോഗിയെ തിരഞ്ഞെടുക്കുക. രോഗി റജിസ്റ്റർ ചെയ്ത ആശുപത്രിയിലെ ഡോക്ടർമാർ അവയവമാറ്റ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങൾ നടത്തും.

മസ്തിഷ്കമരണം സ്ഥിരീകരിച്ചു കഴിഞ്ഞാൽ ദാതാവും സ്വീകർത്താവും തമ്മിലുള്ള രക്തഗ്രൂപ്പ് ചേർച്ച പരിശോധിക്കും. കൂടാതെ അവയവ ചേർച്ച പരിശോധിക്കുന്ന ലിംഫോസൈറ്റ് ക്രോസ്മാച്ച് ടെസ്റ്റുമുണ്ട്. 25 ശതമാനത്തിലധികം വ്യത്യാസമുണ്ടായാൽ അവയവമാറ്റം സാധ്യമല്ല. അവയവങ്ങൾ തമ്മിൽ മാച്ചായാൽ ദാതാവിൽ നിന്നു അവയവങ്ങൾ വേർപെടുത്തി സ്വീകർത്താവിൽ വച്ചുപിടിപ്പിക്കാനാകും.

കേരളത്തിൽ സർക്കാർ സംരംഭമായ മൃതസഞ്ജീവിനി പദ്ധതി പ്രകാരമാണ് മരണാനന്തര അവയവദാനം നടക്കുന്നത്. കേരളത്തിലെ അവയവമാറ്റ ശസ്ത്രക്രിയകൾ ഏകോപിപ്പിക്കുന്നത് മൃതസഞ്ജീവിനിയിലൂടെയാണ്. 

ഹൃദയം മാറ്റിവയ്ക്കലാണ് നടക്കുന്നതെങ്കിൽ ദാതാവിൽ നിന്നും അവയവം വേർപെടുത്തി കഴിഞ്ഞാൽ  നാലു മുതൽ ആറു മണിക്കൂറിനകം നിർദിഷ്ട രോഗിയിൽ വച്ചുപിടിപ്പിച്ചിരിക്കണം. കരളും ശ്വാസകോശവും ഇത്തരത്തിൽതന്നെയാണ് വച്ചുപിടിപ്പിക്കേണ്ടത്. വൃക്കകൾ 12 മണിക്കൂറിനുള്ളിലും. ദാതാവിൽ നിന്നെടുക്കുന്ന അവയവം ദൂരെയുള്ള ആശുപത്രിയിലേക്കാണ് കൊണ്ടുപോകേണ്ടതെങ്കിൽ പൊട്ടാഷ്യവും ഇലക്ട്രോലെറ്റുമടങ്ങുന്ന ലായനിയിലാക്കി അണുവിമുക്ത ബാഗിൽ നിറയ്ക്കുന്നു. ആ ബാഗ് ഐസ് ക്യൂബ് നിറച്ച അണുവിമുക്തമായ രണ്ടു ബാഗിലാക്കി ഐസ് പെട്ടിയിലാക്കിയാണ് കൊണ്ടുപോകേണ്ടത്. അവയവങ്ങളുടെ മെറ്റബോളിസം കുറയ്ക്കാനാണിങ്ങനെ ചെയ്യുന്നത്. മറിച്ചാണെങ്കിൽ അവയവങ്ങളുടെ പ്രവർത്തനത്തിനാവശ്യമായ ഉൗർജ്ജം നൽകേണ്ടിവരും. 

ആശുപത്രിയിലെത്തിക്കുന്ന അവയവം കഴുകി വാം ചെയ്യുന്നു. ശേഷം രോഗിയിൽ വച്ചുപിടിപ്പിക്കും. ദാതാവിന്റെ അവയവം സ്വീകരിക്കുന്ന ശരീരം പുറന്തള്ളാനുള്ള സാധ്യതയുമുണ്ട്. അതൊഴിവാക്കാൻ സ്വീകർത്താവിന്റെ രോഗപ്രതിരോധശേഷി കുറയ്ക്കുന്നു. ശസ്ത്രക്രിയയ്ക്കുശേഷം അണുബാധ ഒഴിവാക്കാനും മറ്റുമുള്ള മരുന്നുകളും രോഗി കഴിക്കേണ്ടിവരും. 

Read More : Health News