Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ക്ക് ഡോക്ടര്‍ ഉത്തരവാദിയോ?

medicine

ചികിത്സാപിഴവെന്നും ഡോക്ടറുടെ അനാസ്ഥയെന്നുമൊക്കെ പറഞ്ഞു രോഗിയുടെ ബന്ധുക്കള്‍ ആശുപത്രിതല്ലി തകര്‍ക്കുന്നതും ഡോക്ടർമാരെ അക്രമിക്കുന്നതും നമ്മുടെ നാട്ടില്‍ ഇടയ്ക്കിടെ കേള്‍ക്കുന്ന വാര്‍ത്തയാണ്. എന്നാല്‍ ഇതില്‍ നമ്മള്‍ ചിന്തിക്കാതെ പോകുന്നൊരു വിഷയമുണ്ട്‌. സത്യത്തില്‍ ഇത്തരം എല്ലാ കേസുകളിലും ഡോക്ടർമാരുടെ ഭാഗത്തു തെറ്റുണ്ടോ? 

അടുത്തിടെ പത്രത്താളുകളില്‍ നിറഞ്ഞു നിന്ന വാര്‍ത്തയായിരുന്നു ബാംഗ്ലൂര്‍ കണ്‍സ്യൂമര്‍ ഫോറത്തിന്റെ ഒരു വിധി. മെഡിക്കല്‍ നെഗ്ലിജന്‍സ് അഥവാ അവഗണനയുടെ പേരില്‍ പ്രശസ്തനായ പീഡിയാട്രിക് ന്യൂറോളജിസ്റ്റായിരുന്ന ഒരു ഡോക്ടര്‍ക്ക്‌ എതിരെയായിരുന്നു വിധി. ചികിത്സാപിഴവിന് ഡോക്ടര്‍ 90000 രൂപ നഷ്ടപരിഹാരം നല്‍കണം എന്നായിരുന്നു കണ്‍സ്യൂമര്‍ ഫോറത്തിന്റെ വിധി

ജനുവരി 2014 ലാണ് എല്ലാത്തിനും തുടക്കിട്ട സംഭവം നടന്നത്. ഫിറ്റ്‌സിന് ചികിത്സയ്ക്ക് എത്തിയ കുട്ടിക്ക് ഡോക്ടര്‍ നല്‍കിയ മരുന്ന് മാരകമായ സ്കിന്‍ അലര്‍ജി ഉണ്ടാക്കി. മരുന്നിന്റെ പാര്‍ശ്വഫലമാണ് ഇതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. കുട്ടിയുടെ ചികിത്സയ്ക്കായി ഒരുലക്ഷം രൂപയും ചെലവായെന്നും അവര്‍ തെളിവുകള്‍ നിരത്തി. ഇതോടെയാണ് ഡോക്ടര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഫോറം വിധിച്ചത്.

എന്നാല്‍ ഇവിടെയാണ്‌ ആദ്യം പറഞ്ഞ വിഷയം ചിന്തിക്കേണ്ടത്. ഡോക്ടറെ കുറ്റക്കാരനായി വിധിച്ച കേസില്‍ എന്തുകൊണ്ട് മരുന്നിനെയോ മരുന്നിന്റെ ഡോസെജിനെയോ കുറിച്ചു പ്രതിപാദിച്ചിരുന്നില്ല. എന്നാല്‍ മരുന്നുകളുടെ സൈഡ് എഫ്ഫക്റ്റുകള്‍ അറിയാവുന്ന ഡോക്ടര്‍മാര്‍ അതിനെ കുറിച്ചു മുന്നറിയിപ്പു നല്‍കാതിരുന്നത് ഗുരുതരമായ അവഗണനയാണെന്നാണ് ഫോറം പറയുന്നത്. അതുകൊണ്ട് കുട്ടിയുടെ അവസ്ഥയ്ക്ക് ഡോക്ടര്‍ ഉത്തരവാദിയാണെന്ന് അവര്‍ വിധിച്ചു. 

എന്നാല്‍ ഇത് പൂര്‍ണ്ണമായും ശരിയാണോ ? IPC 88 വകുപ്പ് പ്രകാരം ഒരു ഡോക്ടര്‍ രോഗിയുടെ ജീവന്‍ നിലനിര്‍ത്താനായി എല്ലാവിധ നടപടികളും സ്വീകരിച്ച ശേഷവും ജീവന്‍ നഷ്ടമാകുന്ന സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍ ഒരുതരത്തിലും ഉത്തരവാദിയല്ലെന്നു നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പ്രസ്തുത ഡോക്ടര്‍ക്കു മേല്‍ ഒരുതരത്തിലെ നിയമനടപടിയും ഉണ്ടാകാന്‍ പാടില്ല എന്നാണ്. ഇവിടെയാണ്‌ ബാംഗ്ലൂര്‍ കണ്‍സ്യൂമര്‍ ഫോറത്തിന്റെ വിധി ചോദ്യം ചെയ്യപ്പെടുന്നത്.

യാതൊരു തരത്തിലെ സങ്കീര്‍ണ്ണത്തകളും ഇല്ലെന്ന് ഉറപ്പ് നല്‍കി ഒരു മരുന്നും നല്‍കാന്‍ കഴിയില്ല എന്നതാണ് വാസ്തവം. ഇവിടെ ബാധിക്കപ്പെട്ട പെണ്‍കുട്ടിക്ക്  മരുന്നിന്റെ ഫലമായി അലര്‍ജിയും പനിയും ആരംഭിച്ചിട്ടും ആശുപത്രിയില്‍ എത്താൻ താമസിച്ചതും കുട്ടിയുടെ അവസ്ഥ ഗുരുതരമാകാന്‍ കാരണമായി. കുട്ടിയുടെ അവസ്ഥയിലുള്ള സഹതാപം എന്നതിനൊപ്പം മെഡിക്കല്‍ രംഗത്തെ നടപടികളെ കുറിച്ചും ഫോറം ചിന്തിക്കേണ്ടിയിരുന്നു എന്നാണ് ഈ സംഭവത്തെ കുറിച്ച് വിദഗ്ധരുടെ അഭിപ്രായം.

ഇവിടെ ചികിത്സ തേടിയ കുട്ടി വര്‍ഷങ്ങളോളം ഫിറ്റ്‌സിനുള്ള ആന്റി എപ്പിലെപ്സി മരുന്നുകള്‍ (anti-epilepsy drugs) കഴിക്കണമെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയതാണ്. കുട്ടി മരുന്ന് കഴിക്കുന്നത്ു നിര്‍ത്തുകയും ഫിറ്റ്‌സ് വരികയും ചെയ്‌താല്‍ അതിനു ബാംഗ്ലൂര്‍ കണ്‍സ്യൂമര്‍ ഫോറം മറുപടി നല്‍കേണ്ടതല്ലേ എന്നും ചിലര്‍ ചോദിക്കുന്നു. ഇത്തരം യുക്തിരഹിതമായ കുരുക്കുകള്‍ ഒഴിവാക്കാനായി ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് മരുന്നുകള്‍ നല്‍കുന്നത് പൂര്‍ണമായും നിര്‍ത്തി വയ്ക്കേണ്ടി വരുമെന്നും വിദഗ്ധർ അഭിപ്രായപെടുന്നു.  പ്രശ്ങ്ങള്‍ ഭയന്നു മരുന്ന് കമ്പനികള്‍ ഉത്പാദനം നിര്‍ത്തുകയും ആശുപത്രികള്‍ മരുന്നുകള്‍ നല്‍കുന്നത് നിര്‍ത്തിവയ്ക്കേണ്ടി വരികയും ചെയ്യില്ലേ എന്നും ചിലര്‍ ചോദിക്കുന്നു.

ചില മാധ്യമങ്ങള്‍ കാര്യങ്ങളുടെ പൂര്‍ണരൂപം മനസ്സിലാകാതെ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയെന്നു പറയാം. മെഡിക്കല്‍ രംഗത്തു നിന്നുള്ള ഒരു വിദഗ്ധന്റെ സേവനം ഇല്ലാതെ പ്രവത്തിക്കുന്ന  കണ്‍സ്യൂമര്‍ ഫോറങ്ങള്‍ ഇത്തരം കേസുകള്‍ പരിഗണിക്കുമ്പോള്‍ വിദഗ്ധനായ ഒരു ഡോക്ടറുടെ അഭിപ്രായം കൂടി ആരായുന്നത് നന്നായിരിക്കും. രോഗിയുടെ രോഗം ഭേദമാകണം എന്നതിലുപരി തങ്ങളുടെ സുരക്ഷിതത്വത്തിനു മുന്‍‌തൂക്കം നല്‍കാനാണ് ഇത്തരം പ്രവര്‍ത്തികള്‍ ഡോക്ടർമാരെ പ്രേരിപ്പിക്കുക എന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

Read More : Health Magazines