Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

55 വര്‍ഷങ്ങള്‍ ഒന്നിച്ചു ജീവിച്ച ഇവര്‍ വീണ്ടും വിവാഹിതരായി; പക്ഷേ അതിനൊരു കാരണവുമുണ്ടായിരുന്നു

marriage

പൊടുന്നനെ ഓര്‍മ നഷ്ടപ്പെടുന്ന കാമുകിയെയും അവളുടെ ഓര്‍മകളിലേക്ക് പഴയ പ്രണയം തിരികെ കൊണ്ടുവരാന്‍ കഷ്ടപ്പെടുന്ന നായകനെയും ഒക്കെ നമ്മള്‍ പലവട്ടം സിനിമകളില്‍ കണ്ടിട്ടുണ്ട്. ഹോളിവുഡ് ചിത്രങ്ങള്‍ മുതല്‍ നമ്മുടെ മലയാളത്തില്‍ വരെ അത്തരം കഥകള്‍ വന്നിട്ടുമുണ്ട്.  എന്നാല്‍ യഥാര്‍ഥജീവിതത്തില്‍ ഇങ്ങനെയൊരു സംഭവം നടന്നാലോ...

ജീവിതം ചിലപ്പോള്‍ കഥകളെക്കാള്‍ സങ്കീര്‍ണമാകുമെന്ന് പറയുന്ന പോലെ. 83കാരനായ പ്രബ്രിത നന്തിയാണ് ഈ കഥയിലെ ഹീറോ. കൊല്‍ക്കത്തയില്‍ ബോട്ടണി അധ്യാപകന്‍ ആയിരുന്നു ഇദ്ദേഹം. 

ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അദ്ദേഹത്തിന്റെ ഭാര്യ 81 കാരിയായ ഗീതാ നന്തിയ്ക്ക് അല്‍ഷിമേഴ്സ് ബാധ സ്ഥിരീകരിച്ചത്. അറിയപ്പെടുന്ന ഡോക്ടര്‍ കൂടിയായിരുന്ന ഗീത കാലങ്ങള്‍ക്ക് മുന്‍പു വരെ തന്നെ കാണാന്‍ വരുന്ന രോഗികളുടെ പേരു വരെ ഓര്‍ത്ത്‌ വയ്ക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഗീതയില്‍  ഈ രോഗം സ്ഥിരീകരിച്ചപ്പോള്‍ പ്രിയപ്പെട്ടവര്‍ക്ക് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

രോഗം നാള്‍ക്കുനാള്‍ ഗീതയെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു. ഏറ്റവും അടുത്തവരെപ്പോലും തിരിച്ചറിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിതുടങ്ങിയപ്പോഴാണ് പ്രിയപ്പെട്ടവള്‍ക്ക് വേണ്ടി തങ്ങളുടെ വിവാഹദിവസം ഒരിക്കല്‍ കൂടി പുനരാവിഷ്കരിക്കാന്‍ പ്രബ്രിത നന്തി തീരുമാനിച്ചത്. 

അഞ്ചു ദശകങ്ങള്‍ക്കു മുന്‍പു നടന്ന തങ്ങളുടെ വിവാഹദിനം അതേപടി വീണ്ടും ആവിഷ്കരിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ഗീതയുടെ ഡോക്ടർ‌മാരുടെ നിര്‍ദേശവും ഈ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു. 

55 വര്‍ഷങ്ങള്‍ക്കു മുന്‍പ് തങ്ങള്‍ വിവാഹിതരായ അതേ കുടുംബവീട്ടില്‍ ആയിരുന്നു ഇവരുടെ രണ്ടാം വിവാഹവും.  അന്നത്തെപ്പോലെ ഓരോ ചെറിയ കാര്യങ്ങളും അതേപടി പബ്രിത പുനരാവിഷ്കരിച്ചു. ഒപ്പം സഹായത്തിന് ഗീതയുടെ ബന്ധുക്കളും കൂടി. 

വിവാഹശേഷമായിരുന്നു ഗീത മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കി ഡോക്ടറായി ജോലി ചെയ്യാന്‍ ആരംഭിച്ചത്. ബിആര്‍സിങ് ആശുപത്രിയില്‍ നിന്നായിരുന്നു ഗീത വിരമിച്ചത്. പിന്നീട് രാഷ്ട്രീയത്തിലേക്കും മുനിസിപ്പല്‍ ചെയര്‍മാന്‍ പദവിയിലെക്കും എത്തിയിരുന്നു.

അങ്ങനെ സന്തോഷകരമായി ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗീതയ്ക്കു രോഗം സ്ഥിരീകരിച്ചത്. ആദ്യം ചെറിയ ചെറിയ കാര്യങ്ങള്‍ മറന്നുതുടങ്ങിയ ഗീത പതിയെ എല്ലാം മറക്കുന്ന അവസ്ഥയിലേക്ക് എത്തി. തുടർന്നാണ് പ്രിയതമയുടെ ഓര്‍മകള്‍ വീണ്ടും ഉണര്‍ത്താന്‍ ഒരു രണ്ടാം വിവാഹവേദി ഒരുങ്ങിയത്. 

കുട്ടികള്‍ ഇല്ലാത്ത ഈ ദമ്പതികള്‍ ആരോരുമില്ലാത്ത കുഞ്ഞുങ്ങള്‍ക്ക്ു വേണ്ടിയൊരു ട്ട്രസ്റ്റ്‌ രൂപീകരിച്ചിട്ടുണ്ട്. തങ്ങളുടെ വീട്ടിലെ ഒരുനില ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഒഴിച്ചിട്ടിട്ടുണ്ട്. എത്ര കഷ്ടപ്പെട്ടായാലും ഗീതയുടെ മുഖത്തു വിരിയുന്നൊരു പുഞ്ചിരി അതിനു വേണ്ടിയാണ് തന്റെ ഈ ശ്രമങ്ങള്‍ എന്ന് പ്രബ്രിത നന്തി പറയുന്നു. 

Read More : Health News

related stories