Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെസ് ബൻഡിയെ ബ്യൂട്ടി വ്ലോഗറാക്കിയ മുഖക്കുരു

jess

91,000 ഫോളോവേര്‍സുള്ള  ലോകപ്രശസ്ത ബ്യൂട്ടി വ്ലോഗറായ ജെസ് ബൻഡി എന്ന ജെസ് ബന്‍ട്രോക്കിനെ അറിയാത്തവര്‍ ചുരുക്കമാണ്. സൗന്ദര്യസംബന്ധമായ എന്തു സംശയങ്ങള്‍ക്കുമുള്ള ഉത്തരം കൂടിയാണ് 33 കാരി ജെസ് ബാന്‍റ്റ്റിയുടെ യുട്യൂബ് ചാനല്‍.  എന്നാല്‍ ഇങ്ങനെയൊരു ആശയം താന്‍ ആരംഭിച്ചതിനു പിന്നില്‍ സ്വന്തം അനുഭവങ്ങള്‍ തന്നെയായിരുന്നു എന്നാണു ജെസ് പറയുന്നത്. 

നീണ്ട പതിനഞ്ചു വര്‍ഷങ്ങളാണ് ചര്‍മരോഗവുമായി പൊരുതിയതെന്നു ജെസ് പറയുന്നു.കൗമാരകാലം മുതല്‍ കടുത്ത മുഖക്കുരുവും ത്വക്ക് രോഗങ്ങളുമായി കഷ്ടത അനുഭവിച്ചിരുന്നു. യുവത്വത്തില്‍ എത്തിയിട്ടും ജെസ്സിന്റെ മുഖക്കുരുവിനു കുറവൊന്നും വന്നില്ല. എന്തു കൊണ്ടാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായതെന്ന് അപ്പോഴും അറിയില്ലായിരുന്നു. എത്രയൊക്കെ ശ്രമിച്ചിട്ടും മുഖക്കുരുവിനു കുറവൊന്നും വരാതെയായത്തോടെ പൂര്‍ണമായുമുള്ള പരിഹാരം തേടുന്നത് നിര്‍ത്തി എങ്ങനെയൊക്കെ അതിനെ തടുക്കാം എന്നായി ചിന്ത– ജെസ് പറയുന്നു.

ആയിടെ സൗന്ദര്യസംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യുട്യൂബ് ചാനലുകള്‍ കാണുന്നത് ഒരു ശീലമായിരുന്നു. അങ്ങനെയാണ് എന്തുകൊണ്ട് തനിക്കും ഇത്തരമൊരു സംരംഭം ആരംഭിച്ചുകൂടാ എന്ന് ആലോചിക്കുന്നത്. അങ്ങനെയാണ് 2012 ല്‍ സ്വന്തം ചാനല്‍ ആരംഭിക്കുന്നത്. 

മുഖക്കുരു പോലുള്ള ചര്‍മരോഗങ്ങളെ കുറിച്ചു പൊതുവേ പെണ്‍കുട്ടികള്‍ക്കൊരു അപകര്‍ഷത ഉള്ളിലുണ്ടാകും. അതുകൊണ്ടുതന്നെ അതിനെപ്പറ്റി കൂടുതല്‍ തുറന്നുസംസാരിക്കാന്‍ ജെസ് തീരുമാനിച്ചു. അത് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയെന്നും അവള്‍ പറയുന്നു. 

സമാനപ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് തന്റെ വിഡിയോകള്‍ വലിയ ആശ്വാസമാകുന്നുണ്ടെന്നും ജെസ് പറയുന്നു. മുഖക്കുരുക്കളില്‍ നിന്നും  രക്ഷപ്പെടാന്‍ ജെസ് പരീക്ഷിക്കാത്ത മരുന്നുകളും ഡയറ്റുകളുമില്ല. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ ഒന്നും ഉദേശിച്ച ഫലവും നല്‍കിയിരുന്നില്ല. ഇപ്പോള്‍ രണ്ടു വര്‍ഷമായി  പൂര്‍ണസസ്യഭുക്കാണ്  ജെസ്. 

മുഖക്കുരുവിന്റെ പ്രശ്നങ്ങള്‍ക്കൊപ്പം തന്നെ സഹിക്കാന്‍ കഴിയാതിരുന്നത് ആളുകളുടെ ഉപദേശങ്ങള്‍ ആയിരുന്നെന്നും ഇവര്‍ പറയുന്നു. ഒരാള്‍ക്ക് ഫലം ലഭിച്ച മരുന്നോ ചികിത്സയോ മറ്റൊരാള്‍ക്ക്‌ ലഭിക്കണമെന്നില്ല. എന്നാല്‍ ചര്‍മപ്രശ്നങ്ങള്‍ ആരംഭിക്കുമ്പോള്‍ തന്നെ ചികിത്സ തേടുന്നതാണ് ഏറ്റവും ഉചിതം. 

പലവിധ മരുന്നുകള്‍ പരീക്ഷിച്ചതില്‍ നിന്നും വ്യത്യസ്തമായി കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ ആരംഭിച്ച അക്യൂട്ടൈന്‍ (Accutane) വളരെ ഫലപ്രദമായി പ്രവര്‍ത്തിച്ചു തുടങ്ങി എന്ന് ജെസ് പറയുന്നു. കൗമാരകാലത്ത് ഇതൊരിക്കല്‍ പരീക്ഷിച്ചു പരാജയപ്പെടെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ കൂടി നടത്തിയ പരീക്ഷണം വിജയിച്ചു. ഇപ്പോള്‍ ചര്‍മം പൂര്‍വസ്ഥിതിയില്‍ നിന്നും ഒരുപാട് മാറിയെന്നു ജെസ് പറയുന്നു.

വൈറ്റമിന്‍ എ അടങ്ങിയ മരുന്നാണ് അക്യൂട്ടൈന്‍ (Accutane). ചര്‍മത്തിലെ എണ്ണമയം കുറച്ച് കലകള്‍ കുറയ്ക്കുന്നതാണ് ഈ മരുന്ന്. എന്നാല്‍ ചുണ്ടുകള്‍ വരളുക, സന്ധി വേദന എന്നിവയെല്ലാം ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ ആണ്. എല്ലാത്തിനും ഉപരി മുഖത്തെ കലകള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്നില്ല  എന്ന് സ്വയം തിരിച്ചറിയുക എന്നതാണ് പ്രധാനമെന്ന് ജെസ് പറയുന്നു. ഇതൊരിക്കലും ജീവിതത്തിന്റെ അവസാനമല്ല എന്ന് മനസ്സിലാക്കുക.