Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേളിയുടെ മൂക്കുചീറ്റൽ ചലഞ്ചിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ഡോ.നെൽസൺ

pearly

പേളി മണിക്ക് ജലദോഷമാണത്രേ. പൊതുസ്ഥലത്ത് മൂക്ക് ചീറ്റാൻ തോന്നുന്നുണ്ടെന്ന്. മൂക്ക് ചീറ്റുമ്പൊ തന്നെ ആരും ജഡ്ജ് ചെയ്യാതിരിക്കാൻ മൂക്ക് ചീറ്റുന്ന ടിഷ്യുവുമായി " മൂക്ക് ചീറ്റൽ ചലഞ്ച് " തുടങ്ങിയിരിക്കുകയാണ് ടിയാൾ...തമാശയാണുദ്ദേശിച്ചതെങ്കിൽ വലിയ കോമഡിയായിട്ട് തോന്നുന്നില്ല  എന്ന് നെൽസൺ  ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അക്ഷയ്കുമാറിന്റെ പാഡ്മാൻ എന്ന ബിഗ്ബജറ്റ് സിനിമയുടെ ദൃശ്യങ്ങളിൽ പാഡ് കാണുന്നുണ്ടെന്നു പറഞ്ഞ് സെൻസർ ബോർഡ് നൽകിയ എ സർട്ടിഫിക്കറ്റിനോടുള്ള പ്രതിഷേധം കൂടിയായിരുന്നു പാഡ്മാൻ ചലഞ്ച്. സാനിട്ടറി പാഡുമായി ഫോട്ടോ പോസ്റ്റ്‌ ചെയ്യുക. ഒപ്പം മൂന്ന് പേരെ ചലഞ്ച്‌ ചെയ്യുകയും നൽകിയിരിക്കുന്ന സന്ദേശം കോപ്പി പേസ്റ്റ്‌ ചെയ്യുകയും ചെയ്യുക. ദീപിക പദുക്കോണും ആമിർ ഖാനും അടക്കം ഒട്ടേറെപ്പേർ ചലഞ്ചിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. 

ഇതിനെ പരിഹസിച്ചാണ് പേളി മാണി മൂക്കു ചീറ്റിയ ടിഷ്യു പേപ്പർ കയ്യിൽ പിടിച്ച് മൂക്ക് ചീറ്റൽ ചലഞ്ച് എന്നു പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. 

ശുദ്ധ വിവരക്കേട്‌, അൽപം ബോധമില്ലായ്മ. നേരിട്ട്‌ കാണാൻ പറ്റിയിരുന്നെങ്കിൽ പറഞ്ഞ്‌ മനസിലാക്കിച്ചുകൊടുക്കാമായിരുന്നെന്നും നെൽസൺ പറയുന്നു. പോസ്റ്റ് വായിക്കാം.

അസ്ഥാനത്തെ ചീറ്റലുകൾ

 

പേളി മണിക്ക് ജലദോഷമാണത്രേ. പൊതുസ്ഥലത്ത് മൂക്ക് ചീറ്റാൻ തോന്നുന്നുണ്ടെന്ന്. മൂക്ക് ചീറ്റുമ്പൊ തന്നെ ആരും ജഡ്ജ് ചെയ്യാതിരിക്കാൻ മൂക്ക് ചീറ്റുന്ന ടിഷ്യുവുമായി " മൂക്ക് ചീറ്റൽ ചലഞ്ച് " തുടങ്ങിയിരിക്കുകയാണ് ടിയാൾ...തമാശയാണുദ്ദേശിച്ചതെങ്കിൽ വലിയ കോമഡിയായിട്ട് തോന്നുന്നില്ല.

 

ശുദ്ധ വിവരക്കേട്‌, അൽപം ബോധമില്ലായ്മ. നേരിട്ട്‌ കാണാൻ പറ്റിയിരുന്നെങ്കിൽ പറഞ്ഞ്‌ മനസിലാക്കിച്ചുകൊടുക്കാർന്ന്

 

പേളി ട്രോൾ ചെയ്യാൻ ശ്രമിച്ചത് പാഡ് മാൻ ചലഞ്ചിനെയാണ്. അക്ഷയ് കുമാറിന്റെ ബിഗ് ബജറ്റ് സിനിമ " പാഡ് മാൻ " ന്റെ പ്രോമോയ്ക്കായി തുടങ്ങിയ ചലഞ്ചാണെങ്കിലും അല്പം ചരിത്രമറിഞ്ഞാൽ പേളി ചെയ്തതിലെ വിഡ്ഢിത്തം മനസിലാകും. സാനിട്ടറി പാഡുമായി ഫോട്ടോ പോസ്റ്റ്‌ ചെയ്യുക. ഒപ്പം മൂന്ന് പേരെ ചാലഞ്ച്‌ ചെയ്യുകയും നൽകിയിരിക്കുന്ന സന്ദേശം കോപ്പി പേസ്റ്റ്‌ ചെയ്യുകയും ചെയ്യുക. ദീപിക പദുക്കോണും ആമിർ ഖാനും അടക്കം ഒട്ടേറെപ്പേർ ചലഞ്ചിൽ പങ്കെടുത്തുകഴിഞ്ഞു

 

പാഡ് മാൻ ഒരു പെണ്ണിന്റെയല്ല ആണിന്റെ കഥയാണ്. സ്വന്തം ഭാര്യയുടെ ഒരു വാചകത്തിൽ നിന്ന് യാത്ര തുടങ്ങിയ കോയമ്പത്തൂരുകാരൻ അരുണാചലം മുരുഗനാഥത്തിന്റെ കഥ.

 

പീര്യഡ്സിന്റെ സമയത്ത് തുണി പോലും വാങ്ങിക്കാൻ പണമില്ലാത്തതിനാൽ മണ്ണുപയോഗിക്കുന്ന സ്ത്രീകളെക്കുറിച്ച് അടുത്തിടെ എവിടെയോ വായിച്ചതായോർക്കുന്നു. കഞ്ഞി കുടിക്കാൻ കാശില്ലാത്തവർക്കെവിടെനിന്നാണ് സാനിട്ടറി പാഡിനു പണം... അരുണാചലത്തിന്റെ കഥയും തുടങ്ങുന്നത് സ്വന്തം വീട്ടിൽ നിന്ന് തന്നെ. പീര്യഡ്സിനെക്കുറിച്ച് തുറന്ന് സംസാരിക്കുന്നത് പോയിട്ട് ആണുങ്ങളോട് മിണ്ടുന്നത് പോലും ചിന്തിച്ചു തുടങ്ങുന്ന ഒരു കാലത്താണ് അരുണാചലം ആ കാഴ്ച കണ്ടത്. തന്റെ ഭാര്യ ശാന്തി പഴയ തുണികളും പത്രക്കടലാസുകളുമൊക്കെ ശേഖരിക്കുന്നു.

 

സ്വഭാവികമായും അതെന്തിനാണെന്ന് അരുണാചലം ചോദിച്ചു. മാസമുറ സമയത്ത് ഉപയോഗിക്കാനാണെന്ന മറുപടി അയാളെ ഞെട്ടിച്ചു. വൃത്തിയില്ലാത്ത ആ തുണികളുണ്ടാക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ സാധാരണക്കാരനാണെങ്കിലും അയാൾക്കറിയാമായിരുന്നു. സാനിട്ടറി പാഡിനെക്കുറിച്ച് ബോധവൽക്കരിക്കാൻ ചെന്ന അയാളോട് ഭാര്യ പറഞ്ഞ മറുപടിയും അയാളെ ഞെട്ടിച്ചു. " ഞാൻ ഒരു ദിവസം പാഡ് വച്ചാൽ നിങ്ങൾ രണ്ട് ദിവസം കഞ്ഞി കുടിക്കാതിരിക്കേണ്ടിവരും എന്നായിരുന്നു അത് "

 

അരുണാചലം വെറുതെയിരുന്നില്ല. ഒരു പാഡ് സംഘടിപ്പിച്ച് അതിനുള്ളിൽ എന്താണെന്ന് അയാൾ പഠിക്കാൻ ശ്രമിച്ചു. തുണിയും പഞ്ഞിയും കൊണ്ട് ഉണ്ടാക്കുന്ന ഒരു പാഡിന്റെ അസംസ്കൃത വസ്തുക്കൾക്ക് ഏതാണ്ട് 20-30 പൈസയോളമേ ചിലവുള്ളുവെങ്കിലും മാർക്കറ്റിൽ അതിന്റെ 30-40 ഇരട്ടി വിലയാണീടാക്കുന്നതെന്ന് അയാൾ തിരിച്ചറിഞ്ഞു. താനുണ്ടാക്കിയ പാഡ് ആദ്യം സ്വന്തം ഭാര്യയ്ക്കും സഹോദരിമാർക്കും കൊടുത്തെങ്കിലും അവരത് മോശമെന്ന് പറഞ്ഞ് തള്ളിക്കളയുകയാണുണ്ടായത്.

 

അരുണാചലം നിരാശനായില്ല. ഒരു ഫുട്ബോൾ ബ്ലാഡറിൽ കശാപ്പുശാലയിൽ നിന്ന് രക്തം നിറച്ച് അയാൾ സ്വയം പരീക്ഷണത്തിലേർപ്പെട്ടു. ഇടയ്ക്ക് ഗ്രാമത്തിലെ മറ്റ് സ്ത്രീകളെ പരീക്ഷണത്തിനു പങ്കാളികളാക്കാൻ ശ്രമിച്ചെങ്കിലും അവരാരും അതിനു തയാറായില്ല. മെൻസസിനെ ചുറ്റിപ്പറ്റി നിൽക്കുന്ന സമൂഹത്തിന്റെ ധാരണകൾ തന്നെ കാരണം.

 

അതിനിടയിലെപ്പൊഴോ അരുണാചലം സ്വയം സാനിട്ടറി പാഡ് വച്ച് നടക്കുന്നെന്ന് നാട്ടുകാർ കണ്ടുപിടിച്ചു. അയാൾക്ക് മനസുഖമില്ലെന്ന് ചിലർ കരുതിയിട്ടുണ്ടാകണം. അയാൾ പക്ഷേ അടുത്തുള്ള മെഡിക്കൽ കോളജിലെ വിദ്യാർഥിനികളെ തന്റെ പരീക്ഷണത്തിനായി സമീപിച്ചു. അവർ ഉപയോഗിക്കുന്ന പാഡുകൾ അയാൾക്ക് തിരിച്ച് നൽകിക്കൊള്ളാമെന്ന വ്യവസ്ഥയിൽ. തിരിച്ച് കിട്ടുന്ന പാഡുകൾ ഓരോന്നും അയാൾ കീറിമുറിച്ച് പഠിച്ചു. ഇത് കണ്ട നാട്ടുകാർ അയാൾക്ക് മനോരോഗമാണെന്ന് ഉറപ്പിച്ചു. വീട്ടുകാരും നാട്ടുകാരും അയാളെ ഒറ്റപ്പെടുത്തി. പക്ഷേ അയാളുടെ പ്രവൃത്തികളിൽ വിശ്വാസമുണ്ടായിരുന്ന ഒന്നോ രണ്ടോ വിദ്യാർഥിനികൾ അയാൾക്ക് പിന്തുണ നൽകി.

 

രണ്ട് വർഷത്തിനു മേലെ എടുത്തു അരുണാചലത്തിന് പാഡുകളിൽ ഉപയോഗിക്കുന്ന പഞ്ഞി ഒരു തരം പൈൻ മരത്തിന്റെ ഫൈബറാണെന്ന് മനസിലാക്കാൻ. അയാൾ ഇംഗ്ലീഷ് പഠിച്ചു. ഒരു കമ്പനിയുടെ എക്സ്പോർട്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി അയാൾ അതിന്റെ സാമ്പിൾ വരുത്തിച്ചു. അതിൽ നിന്നും പൾപ് വേർതിരിച്ച് ഫൈബറാക്കുന്ന മെഷീന് 35 മില്യൺ ഡോളറിനു മുകളിലാണ് വില. പക്ഷേ അരുണാചലം ആ മെഷീൻ 60,000 ഇന്ത്യൻ രൂപയിൽ താഴെ ചിലവിൽ ഉണ്ടാക്കിയെടുത്തു.

 

ഐ.ഐ.ടി മദ്രാസിന്റെ സഹായത്തോടെ നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനിൽ നിന്ന് അവാർഡ് നേടിയ ഫണ്ട് കൊണ്ട് അരുണാചലം തന്റെ കമ്പനി ആരംഭിച്ചു. ഇത് കച്ചവടവൽക്കരിക്കാൻ ഓഫറുകൾ വന്നെങ്കിലും തന്റെ കണ്ടുപിടിത്തം അദ്ദേഹം സ്ത്രീകളുടെ സെൽഫ് ഹെല്പ് ഗ്രൂപ്പുകൾ വഴി വിതരണം ചെയ്യാനാണിഷ്ടപ്പെട്ടത്. ഇന്ന് ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിൽ അരുണാചലത്തിന്റെ മെഷീൻ ഒരേ സമയം സ്ത്രീകൾക്ക് ജോലിയും ആരോഗ്യകരമായ പീര്യഡും ധനനേട്ടവും ഉണ്ടാക്കിക്കൊടുക്കുന്നു..

 

സെൻസർ ബോർഡ് : പാഡ് മാനു മുൻപ് ഫുല്ലു എന്ന ഒരു ചെറിയ സിനിമ ഉണ്ടായിരുന്നു. അതിന്റെയും പ്രതിപാദ്യ വിഷയം പീര്യഡ്സ് തന്നെ. എന്നാൽ പീര്യഡ്സിനെക്കുറിച്ച് പറയുന്നുവെന്ന് പറഞ്ഞ് ഫുല്ലുവിനു കിട്ടിയത് " എ " സർട്ടിഫിക്കറ്റായിരുന്നു.

 

ഇതിനെക്കുറിച്ച് വലിയ പിടിയില്ലാത്തവർക്കായിട്ട് പറയാം. പീര്യഡ്സ് എന്ന സ്ത്രീയുടെ ശരീരത്തിലെ ബയോളജിക്കൽ പ്രോസസിൽ അഡൾട്ട്സിന് മാത്രം അറിയാവുന്നതായി ഒന്നുമില്ല. ഒരു പെൺകുട്ടി ഋതുമതിയാകുന്നത് 12-13 വയസിലാണ്. ഇപ്പോൾ ശാരീരിക പ്രത്യേകതകൾ മൂലം ചിലപ്പോൾ അതിനു മുൻപ് മെനാർക്കി (ഋതുമതിയാകൽ) സംഭവിക്കുന്നവരുമുണ്ട്. അതായത് അഡൾട്ട് - 18 വയസ് - ആകുന്നതിനു മുൻപ് തന്നെ അറിഞ്ഞു തുടങ്ങുന്ന ഒരു ശാരീരിക ജൈവ പ്രക്രിയയാണ് മെൻസസ്.

 

കോണ്ടവും അതിന്റെ ബോധവൽക്കരണവും (എ) ആകുന്ന രാജ്യത്തെ സെൻസർ ബോർഡ് പീര്യഡ്സിനെ അഡൾട്ടായി കാണുന്നതിൽ വല്യ അദ്ഭുതമൊന്നുമില്ല. പാഡ് മാന്റെ അണിയറക്കാർ ഫുല്ലുവിനെക്കുറിച്ച് പറയുന്നേയില്ലെങ്കിലും അക്ഷയ് കുമാറിന്റെ പടമായതുകൊണ്ട് U/A സർട്ടിഫിക്കറ്റാണു കിട്ടാൻ സാദ്ധ്യതയെങ്കിലും മെൻസ്റ്റ്രേഷനെക്കുറിച്ച് തുറന്ന് പറയാനും സമൂഹം അതിനു കല്പിച്ചുനൽകുന്ന അശ്ലീലവും അസ്വഭാവികതയും മാറ്റിയെടുക്കാനും കൂടി ഈ ബോളിവുഡ് പാഡ് മാൻ ചലഞ്ച് ഒരുപരിധിവരെ സഹായിച്ചേക്കാം.

 

അതിനെയാണ് പേളി മണി പുച്ഛിക്കുന്നത്.

 

ചിലപ്പൊഴെങ്കിലും ചതിക്കുന്ന, നേരം തെറ്റിവരുന്ന പീര്യഡ്സിന് കരുതിവയ്ക്കാൻ മറന്നാൽ ആൾക്കൂട്ടത്തിനിടയിലൂടെ മെഡിക്കൽ സ്റ്റോറിലെത്തി പെണ്ണായ ഫാർമസിസ്റ്റിനെ തിരഞ്ഞുപിടിച്ച് ആരും കാണാതെ ഒരു പാഡ് പൊതിഞ്ഞുവാങ്ങി തിരിച്ചെത്തി ഒരുപിടി ചിരികൾക്കിടയിലൂടെ ചൂളി നടന്നുപോയി തിരിച്ചുവന്ന് തല താഴ്ത്തിയിരുന്നവരാരും ചിരിക്കില്ല...പുച്ഛിക്കുകയുമില്ല..