Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണുകൾക്ക് എന്തിനീ കണ്ണട...

spectacles

ആരോഗ്യമന്ത്രി കെ.കെ ശൈലജ 28,000 രൂപയുടെയും സ്പീക്കർ ശ്രീരാമകൃഷ്ണൻ 49, 900 രൂപയുടെയും കണ്ണട ഉപയോഗിക്കുന്നത് വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് വിവലകൂടിയ ലെൻസുകൾ ഉപയോഗിക്കുന്നതെന്ന് ഇരുവരും മറുപടിയും നൽകിയിരുന്നു. ഈ അവസരത്തിൽ കണ്ണടകൾ ആവശ്യമുള്ള അസുഖങ്ങളായ ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി, അസ്റ്റിഗ്മാറ്റിസം, വെള്ളെഴുത്ത് എന്നിവയുടെ കാരണങ്ങളും ലക്ഷണങ്ങളും പറയുകയാണ് ഇൻഫോക്ലിനിക്കിലൂടെ ഡോ. നവജീവൻ നവലയം, ഡോ. നെൽസൺ ജോസഫ് എന്നിവർ

ഒരു മനുഷ്യന്റെ വലിയ ശരീരത്തിൽ ഏറ്റവും പ്രാധാന്യമുള്ള അവയവങ്ങളിലൊന്ന് ഇത്തിരിപ്പോന്ന ഈ കണ്ണാണെന്ന് പറഞ്ഞാൽ അതൊരു അതിശയോക്തിയാകില്ല. മറ്റേതു നഷ്ടം സഹിച്ചാലും കാഴ്ച നഷ്ടപ്പെടുന്നത് നമുക്ക് മിക്കവർക്കും സങ്കല്പത്തിനതീതമാണ്. എല്ലാം കാണാനും ചിലത് കണ്ടില്ലെന്ന് നടിക്കാനും കണ്ണും കാഴ്ചയും കൂടിയേ തീരൂ. കണ്ണും മിഴിയും അക്ഷിയും നിറഞ്ഞുനിൽക്കുന്ന കഥയും കവിതയും പഴഞ്ചൊല്ലുകളുമെല്ലാം 'കണ്ണിലെ കൃഷ്ണമണിപോലെയാണ്' കണ്ണിന്റെ കാര്യമെന്ന് സൂചിപ്പിക്കുന്നുണ്ട്.

ശരിക്കും എന്താണീ കാഴ്ച? നമ്മൾ ഒരു വസ്തുവിനെ കാണുന്നതെങ്ങനെയാണ്?

ഒരു വസ്തുവിൽ നിന്നും പുറപ്പെടുന്ന കിരണങ്ങൾ നമ്മുടെ കണ്ണിനുള്ളിലെ കാഴ്ചഞരമ്പിന്റെ ഒരു പ്രത്യേക ഭാഗത്ത് (macula) പതിക്കും. തുടർന്ന് ആവേഗങ്ങൾ കാഴ്ചനാഡി വഴി തലച്ചോറിൽ എത്തുന്നു. അങ്ങനെയാണ് നമ്മൾ അതിനെ കണ്ടെന്ന തോന്നലുണ്ടാകുന്നത്. ഇത് ലളിതമാക്കിയതാണു കേട്ടോ.

വസ്തുവിൽ നിന്നുള്ള രശ്മികൾക്ക് ലംബമായുള്ള ഭാഗവും സമാന്തരമായുള്ള ഭാഗവും ഉണ്ട്. എല്ലാവരിലും ഈ കിരണങ്ങൾ പതിക്കുന്നത് കാഴ്ചഞരമ്പിലെ കൃത്യം ആ ഭാഗത്തുതന്നെയാകണമെന്നില്ല. ചിലതിൽ കാഴ്ച ഞരമ്പിനു മുന്നിലാകാം. ചിലതിൽ പിന്നിലും. കാഴ്ച ഞരമ്പിനു മുന്നിലാണെങ്കിൽ ആ അവസ്ഥയെ ഹ്രസ്വദൃഷ്ടി (മയോപ്പിയ) എന്നും പിറകിലാണെങ്കിൽ അതിനെ ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ) എന്നും പറയുന്നു. ഇനി രശ്മികളുടെ സമാന്തരമോ ലംബമോ ആയ ഭാഗങ്ങളിൽ ഏതെങ്കിലും ഒന്ന് കാഴ്ച ഞരമ്പിന് മുന്നിലോ മറ്റേത് കാഴ്ചഞരമ്പിലോ കാഴ്ചഞരമ്പിനു പിന്നിലോ ആണെങ്കിൽ അതിനെ വിഷമദൃഷ്ടി അഥവാ അസ്റ്റിഗ്മാറ്റിസം എന്നും പറയുന്നു.

1. ഹ്രസ്വദൃഷ്ടി (മയോപ്പിയ)

hraswadrishti

മുൻപ് പറഞ്ഞതുപോലെ വസ്തുവിൽ നിന്നുള്ള രശ്മികൾ കണ്ണിൽ കൃഷ്മണി കടന്ന് കണ്ണിനുള്ളിലെ ലെൻസിലൂടെ കാഴ്ച ഞരമ്പിന്റെ മുൻപിൽ ഫോക്കസ് ചെയ്തുകൊണ്ട് പതിക്കുന്നതിനെ ഹ്രസ്വദൃഷ്ടി അഥവാ മയോപ്പിയ എന്നു പറയുന്നു. ഷോർട്ട് സൈറ്റ് എന്ന് നമ്മൾ വിളിക്കുന്ന പ്രശ്നം തന്നെ.

കാരണങ്ങൾ:

∙ നേത്രഗോളത്തിന്റെ നീളം കൂടുതലാവുക 

∙ കൃഷ്ണമണിയുടെയോ കണ്ണിനുള്ളിലെ ലെൻസിന്റെയോ ആകൃതി കൂടുതൽ കമാനമാവുക 

∙ കണ്ണിനുള്ളിലെ ലെൻസിനു മുന്നിലേക്ക് സ്ഥാനമാറ്റം സംഭവിക്കുക. 

∙ ലെൻസിന്റെ കട്ടി കൂടുതൽ ദൃഢമാവുക

∙ കണ്ണിനുള്ളിലെ ഫോക്കസിനു സഹായിക്കുന്ന മസിലുകൾക്ക് കൂടുതൽ വലിവ് സംഭവിക്കുക (തന്മൂലം ലെൻസ് കൂടുതൽ കമാനമാവുകയും കാഴ്ച രശ്മികൾ കാഴ്ചഞരമ്പിന് മുന്നിൽ പതിക്കുകയും ചെയ്യും)

ഇതിന്റെ ലക്ഷണങ്ങൾ:

∙ കാഴ്ചക്ക് മങ്ങൽ ; പ്രധാനമായും അകലെയുള്ള വസ്തുക്കളെ കാണാനുള്ള ബുദ്ധിമുട്ട്. 

∙ കണ്ണുവേദന, തലവേദന 

∙ ചില കുട്ടികൾ കൺപോളകൾ പാതിയടച്ചു കൊണ്ട് വസ്തുക്കളെ നോക്കും. 

∙ കറുത്ത പൊട്ട് പോലുള്ള തടസ്സങ്ങൾ കണ്മുന്നിൽ ഉണ്ടായതായുള്ള തോന്നൽ 

∙ രാത്രിയിൽ കാഴ്ചക്കുറവ് അനുഭവപ്പെടുക.

വളരെ ചെറിയ ശതമാനം കുട്ടികളിൽ ഹ്രസ്വദൃഷ്ടി ജന്മനായുള്ള പ്രശ്നമായി തുടങ്ങുന്നു. 2-3 വയസ്സാകുമ്പോൾ ആവാം ഇത് കണ്ടുപിടിക്കുന്നത്. അതോടൊപ്പം ചെറിയ ഒരു കോങ്കണ്ണും ഉണ്ടാകാറുണ്ട്. ഇവരിൽ മറ്റ് ജനിതകപരമായ നേത്രപ്രശ്നങ്ങളും കാഴ്ചഞരമ്പ് സംബന്ധമായ തകരാറുകളും ഉണ്ടാകാം.

നമ്മുടെ നാട്ടിൽ ഹ്രസ്വദൃഷ്ടി പ്രധാനമായും 5 വയസ്സുമുതലുള്ള കുട്ടികളിൽ തുടങ്ങുകയും സ്കൂളിൽ പോകുന്ന പ്രായത്തിൽ കൃത്യമായ തോതിൽ ഉയരുകയും പിന്നീട് അതെ അളവിൽ പവർ നിൽക്കുകയും ചെയ്യും. 20 വയസ്സിനു ശേഷം ഇത്തരക്കാരിൽ പിന്നീട് പവർ ഉയരാറില്ല. എന്നാൽ മറ്റ് ചിലരിൽ ഇത് തുടർന്നും പവർ കൂടുകയും കാഴ്ച ഞരമ്പുകൾക്ക് ആഘാതമേൽക്കുകയും പവർ കൂടിയ കട്ടികണ്ണട ഉപയോഗിക്കുന്ന നിലയിൽ വരെ എത്തുകയും ചെയ്യുന്നു. ഇവരിൽ വളരെ ചെറിയ ശതമാനം പേർക്ക് കാലക്രമേണ അന്ധത ബാധിക്കാനും സാധ്യതയുണ്ട്. ഇങ്ങനെയുള്ളവർക്ക് ജനിതക പരമായ കാരണങ്ങളും ഉണ്ടാകും.

ചികിത്സ

∙ കണ്ണടയുടെയോ കോൺടാക്ട് ലെൻസിന്റെയോ രൂപത്തിൽ കണ്ണിന് മുന്നിൽ ഒരു കോൺകേവ് ലെൻസ് വയ്ക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാം. കണ്ണട ഉപയോഗിക്കുന്നവർ നേത്രരോഗ വിദഗ്ധന്റെ നിർദ്ദേശ പ്രകാരം കൃത്യമായ ഇടവേളകളിൽ കണ്ണിൽ മരുന്ന് ഒഴിച്ചുള്ള പരിശോധനകൾക്ക് വിധേയമാകേണ്ടതാണ്.

∙ കൃത്യസമയത്ത് കണ്ണട വയ്ക്കാതിരുന്നാൽ കാഴ്ച രശ്മി കൃത്യസ്ഥാനത്ത് പതിക്കാതിരിക്കുകയും തന്മൂലം ആ കണ്ണിലെ കാഴ്ചയുടെ വികാസം സാധ്യമാകാതാവുകയും ചെയ്യുന്നു (amblyopia). അതിനാൽ അംഗൻവാടി, സ്കൂൾ തലം മുതൽ എല്ലാ മാതാപിതാക്കളും അധ്യാപകരും കുട്ടികളുടെ കാഴ്ചശക്തി പരിശോധിപ്പിക്കുന്നതാണ് ഉചിതം.

∙ ഇന്നത്തെ കാലത്ത് ലാസിക്ക് (LASIK), കൃഷ്ണമണിയിലെ (Cornea) സർജറി പോലുള്ള ചികിത്സാ രീതികൾ, നിലവിലെ കണ്ണിനുള്ളിൽ ഇരിക്കുന്ന ലെൻസിനോടൊപ്പം മറ്റൊരു ലെൻസും ഘടിപ്പിക്കുക (Phakic intraocular lens implantation), കൃഷ്ണമണിയിൽ റിംഗ് വയ്ക്കുന്ന സൂക്ഷ്‌മ ശാസ്ത്രക്രിയകൾ എന്നിവ ലഭ്യമാണ്.

∙ കാഴ്ചഞരമ്പുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുള്ളവർക്ക് ഒരു നിശ്ചിത പരിധിക്കപ്പുറം കാഴ്ചലഭ്യമല്ല. അങ്ങനെയുള്ളവർക്ക് ലോ-വിഷൻ കാറ്റഗറിയിൽപ്പെടുന്ന ഉപകരണങ്ങൾ ഉപയോഗിക്കേണ്ടിവരും.

2. ദീർഘദൃഷ്ടി (ഹൈപ്പർമെട്രോപ്പിയ):

dheerkhadrishti

മുൻപ് പറഞ്ഞതുപോലെ വസ്തുവിൽ നിന്നുള്ള രശ്മികൾ കാഴ്ച ഞരമ്പിന്റെ പുറകിൽ ഫോക്കസ് ചെയ്യുന്നതിനെ ദീർഘദൃഷ്ടി അഥവാ ഹൈപ്പർമെട്രോപ്പിയ എന്ന് പറയുന്നു.

കാരണങ്ങൾ:

∙ നേത്രഗോളത്തിന്റെ നീളം കുറവായിരിക്കുക

∙ കൃഷ്ണമണിയുടെയോ കണ്ണിനുള്ളിലെ ലെൻസിന്റെയോ ആകൃതി സാധാരണ കമാനാവസ്ഥയിൽ നിന്നും കുറവായിരിക്കുക. 

∙ കണ്ണിനുള്ളിലെ ലെൻസിനു പിറകിലേക്ക് സ്ഥാനമാറ്റം സംഭവിക്കുക. 

∙ ലെൻസിന്റെ കട്ടി കുറയുക.

∙ ലെൻസ് ജന്മനാ ഇല്ലാതിരിക്കുകയോ അല്ലെങ്കിൽ സർജറി മൂലം നീക്കം ചെയ്യേണ്ടുന്ന അവസ്ഥ വന്നാലോ ദീർഘദൃഷ്ടി ഉണ്ടാകാം.

ലക്ഷണങ്ങൾ

∙ കാഴ്ചക്ക് മങ്ങൽ ; പ്രധാനമായും അടുത്തുള്ള വസ്തുക്കളെ കാണാനുള്ള ബുദ്ധിമുട്ട്. 

∙ കണ്ണുവേദന, തലവേദന, കണ്ണിനുള്ളിൽ നിന്നും വെള്ളം വരിക, വെളിച്ചത്തേക്ക് നോക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക.

∙ കാഴ്ചക്കുറവ് മാത്രമായും അനുഭവപ്പെടുക. 

∙ മേൽപ്പറഞ്ഞ ലക്ഷണങ്ങളോടൊപ്പം കണ്ണിനുണ്ടാകുന്ന ആയാസം മാറ്റാനായി തുടർച്ചയായി കണ്ണ് തിരുമ്മുന്നത് മൂലം കൺപോളകളിൽ അണുബാധ ഉണ്ടാവാനിടയുണ്ട്. ചിലരിൽ കൺകുരുവായോ പോളകളിൽ പൊടി പറ്റിപ്പിടിച്ചിരിക്കുന്ന പോലെ കണ്ണിൽ ചൊറിച്ചിൽ ഉണ്ടാവുകയോ ചെയ്യാം.

∙ വളരെ ചെറിയ നേത്രഗോളം മൂലം ദീർഘദൃഷ്ടി ഉണ്ടാകുന്നവരിൽ ഭാവിയിൽ ഗ്ലോക്കോമ (primary narrow angle glaucoma) വരാനുള്ള സാധ്യത കൂടുതലായിരിക്കും. കൃത്യസമയത്ത് ചികിൽസിച്ചില്ലെങ്കിൽ തിരികെ പിടിക്കാനാവാത്ത വിധം കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയാണത്.

ചികിത്സ

∙ കണ്ണടയുടെയോ കോൺടാക്ട് ലെൻസിന്റെയോ രൂപത്തിൽ കണ്ണിന് മുന്നിൽ ഒരു കോൺവെക്സ് ലെൻസ് വയ്ക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാം. കണ്ണട ഉപയോഗിക്കുന്നവർ മുൻപ് പറഞ്ഞതുപോലെ തന്നെ കൃത്യമായ ഇടവേളകളിൽ പരിശോധനകൾക്ക് വിധേയമാകേണ്ടതാണ്. കുട്ടികളുടെ കാര്യത്തിലെ കൃത്യമായ കാഴ്ചപരിശോധനയും ശസ്ത്രക്രിയകളുടെ കാര്യവും ഹ്രസ്വദൃഷ്ടിയുടേതിനു സമാനം.

3. വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം)

astigmatism

ചിലരിൽ രശ്മികളിൽ ഒരെണ്ണം കാഴ്ചഞരമ്പിലും മറ്റേത് കാഴ്ചഞരമ്പിന് മുന്നിലോ (simple myopic astigmatisam) കാഴ്ചഞരമ്പിന് പിറകിലോ (simple hypermetropic astigmatisam) പതിക്കുന്നതിനെക്കുറിച്ച് മുൻപ് പറഞ്ഞിരുന്നല്ലോ. അല്ലെങ്കിൽ മേൽപറഞ്ഞ കിരണങ്ങൾ രണ്ടും വ്യത്യസ്ത ഫോക്കസിൽ കാഴ്ചഞരമ്പിന് മുന്നിലോ പിറകിലോ ഒരുമിച്ച് പതിക്കാം (compound astigmatisam). ചിലപ്പോൾ മേൽപറഞ്ഞ രണ്ട് കിരണങ്ങളിൽ ഒരെണ്ണം കാഴ്ചഞരമ്പിന് മുന്നിലും മറ്റേത് കാഴ്ചഞരമ്പിന് പിന്നിലും ആയി ഫോക്കസ് ചെയ്തു പതിക്കാം ( Mixed astigmatisam).

കാരണം

∙ കൃഷ്ണമണിയുടെ (Cornea) കമാനതയിലുള്ള വ്യതിയാനങ്ങൾ 

∙ ജനിതകപരമായ വൈകല്യം കണ്ണിനുള്ളിലെ ലെൻസിന്റെ കമാനതയിലുള്ള വ്യതിയാനങ്ങൾ 

∙ ചായ്‌വോടുകൂടിയതോ വളഞ്ഞതോ ആയ ലെൻസിന്റെ സ്ഥാനമാറ്റം

∙ ലെൻസിന്റെ പല ഭാഗങ്ങളിൽ കട്ടിയിൽ ഉണ്ടാകുന്ന മാറ്റം. തിമിരം പോലുള്ള രോഗങ്ങളുടെ തുടക്കമായി ഇതുപോലുള്ള മാറ്റങ്ങളും അതിനോടനുബന്ധിച്ച് ഇടയ്ക്കിടെ കണ്ണട മാറ്റുകയും ചെയ്യേണ്ടി വരാറുണ്ട്. 

∙ കാഴ്ചഞരമ്പിലെ കാഴ്ച ക്രോഢീകരിച്ചിരിക്കുന്ന ഭാഗത്തെ (macula) വളരെ അപൂർവമായി കാണാറുള്ള ചരിവുകൾ.

ലക്ഷണങ്ങൾ

ചിലർ വസ്തുക്കളെ ഫോക്കസ് ചെയ്യുമ്പോൾ അറിയാതെ അറിയാതെ തലചെരിച്ചു പിടിക്കാറുണ്ട്. അതിനുകാരണം മേൽപറഞ്ഞ 360° യിലുള്ള ധ്രുവരേഖകളിൽ സമാന്തരമായതോ ലംബമായതോ ഉള്ള രേഖകളിൽ സംഭവിച്ചിരിക്കുന്ന പവർ മാറ്റം മൂലം കാഴ്ച കൃത്യമല്ലാതാവുകയും തുടർന്ന് അത്‌ മാറ്റി കുഴപ്പമില്ലാത്ത പവറിൽ ഉള്ള ധ്രുവരേഖകൾ തങ്ങളുടെ നേർരേഖയിൽ കൊണ്ടുവരാനുമാണ്.

അതിനൊപ്പം

∙ വസ്തുക്കളെ കാണാനുള്ള ബുദ്ധിമുട്ട്. 

∙ കണ്ണുവേദന

∙ തലവേദന

∙ കണ്ണിനുള്ളിൽ നിന്നും വെള്ളം വരിക 

∙ വെളിച്ചത്തേക്ക് നോക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക

∙ കാഴ്ചക്ക് മങ്ങൽ ഇവയും ഉണ്ടാവാം.

ചികിത്സ

∙കണ്ണട :- മേൽപറഞ്ഞ ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി പരിഹരിച്ച പവർ അനുസരിച്ച് തന്നെയുള്ള ലെൻസ് ആണ് ഇവിടെയും ഉപയോഗിക്കുന്നതെങ്കിലും പക്ഷേ ഇവിടെ ധ്രുവരേഖകൾ ഏത്‌ ഭാഗത്താണ് പവർ വ്യത്യാസം എന്നതിനനുസരിച്ച് ആ നിശ്ചിത ഡിഗ്രിയിൽ മാത്രമേ പവർ കറക്ഷൻ നൽകുകയുള്ളൂ. മറ്റ് ഭാഗങ്ങളിൽ അത്‌ നോർമൽ ആയിരിക്കും. സിലിണ്ടറിക്കൽ ലെൻസ് എന്നാണ് അത്‌ അറിയപ്പെടുന്നത്.

∙മേൽപറഞ്ഞ അതേ ആശയം ഉൾകൊണ്ടുള്ള കോൺടാക്ട് ലെൻസ് ഉപയോഗിക്കാം. 

∙ ലാസിക്ക് ( LASIK) പോലുള്ള ലേസർ ചികിത്സകളും, കൃഷ്മണിയിലെ സർജറികളും ഇന്ന് ലഭ്യമാണ്.

∙ ലെൻസിലെയോ കൃഷ്ണമണിയിലേയോ ഏത്‌ ചികിത്സ ആണെങ്കിലും പിറകിലുള്ള കാഴ്ചഞരമ്പിന്റെ ശക്തിക്ക് അനുസരിച്ചിരിക്കും പിന്നീടങ്ങോട്ട് തുടർന്നുള്ള കാഴ്ച.

4. വെള്ളെഴുത്ത് (പ്രസ്ബയോപ്പിയ)

vellezhuthu

പ്രായമാകുമ്പോൾ നമ്മുടെ കണ്ണിന് ഫോക്കസ് ചെയ്യാനുള്ള കഴിവ് കുറയുകയും അത്‌ മൂലം അടുത്തുള്ള വസ്തുക്കളെ കാണാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. നമ്മൾ കാണാറില്ലേ ചിലർ കൈനീട്ടി പത്രം ദൂരത്തേക്ക് വച്ച് വായിക്കുന്നത് !.

അതിനുകാരണം പ്രായമാകുമ്പോൾ കണ്ണിനുള്ളിലെ ലെൻസിനു കട്ടി കൂടുകയും, ലെൻസിനെ ബന്ധിപ്പിച്ചിരിക്കുന്ന മസിലുകൾക്ക് (ciliary muscle) ഇലാസ്റ്റിസിറ്റിയും പവ്വറും നഷ്ടമാവുകയും ചെയ്യുന്നതാണ്. അത്‌ മൂലം അടുത്തുള്ള വസ്തുക്കളിൽ നിന്നും കണ്ണിനുള്ളിലേക്ക് പതിക്കുന്ന രശ്മികളെ ഫോക്കസ് ചെയ്തു കൃത്യമായി കാഴ്ചഞരമ്പിലേക്ക് വീഴ്ത്താനാവാതെ പോവുകയും ചെയ്യുന്നു. 

സാധാരണയായി നാല്പത് വയസ്സിന് ശേഷമുള്ള ആളുകൾ പത്രം വായിക്കാനാകുന്നില്ല, സൂചിയിൽ നൂല് കൊരുക്കാൻ പറ്റുന്നില്ല എന്ന പരാതിയുമായാണ് വരാറുള്ളത് !.

ചികിത്സ

അടുത്തുള്ള ജോലികൾ ചെയ്യാനും വായിക്കാനുമായി ( Reading glass) കോൺവെക്സ് ഗ്ലാസ്സുകൾ നൽകുക. പിന്നീട് അത്‌ വർഷം തോറും അത്‌ പരിശോധിച്ച് പവർ മാറ്റം വരുത്തുകയാണ് സാധാരണയായി ചെയ്യാറുള്ളത്.

ലാസിക്ക് (LASIK), സർജറികൾ എന്നിവയും തിമിരശാസ്ത്രക്രിയക്കു ശേഷം കണ്ണിനുള്ളിൽ വയ്ക്കുന്ന വിഷമദൃഷ്ടിയും കൂടി പരിഹരിക്കുന്ന ലെൻസുകളും ഇപ്പോൾ ലഭ്യമാണ്.

ഒരു കാര്യമോർക്കുക കണ്ണട വച്ചിട്ടും കൃത്യമായ കാഴ്ച ലഭിക്കുന്നില്ല എന്ന പരാതിയുമായി ഇടയ്ക്കിടെ ആളുകൾ വരാറുണ്ട്. പല തവണ കാഴ്ച പരിശോധിച്ചിട്ടും കാണാനാകുന്നില്ലെങ്കിൽ കാഴ്ചരശ്മി കടന്നുപോകുന്ന നേത്രഗോളത്തിലെ മുൻവശം മുതൽ തലച്ചോറിൽ വരെ എവിടെയും പ്രശ്നം ഉണ്ടാകാനിടയുള്ളതിനാൽ കൂടുതൽ പരിശോധനകൾ ആവശ്യമായി വന്നേക്കാം.

എഴുതിയത്: ഡോ. നവജീവൻ നവലയം, ഡോ. നെൽസൺ ജോസഫ്