Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുകവലിക്കുന്ന മാതാപിതാക്കൾ കുട്ടികൾക്ക് നൽകുന്ന സമ്മാനമാണ് കാൻസർ

lung cancer

നാം മനസ്സുവച്ചാൽ അകറ്റാവുന്ന ഒന്നാണ് ശ്വാസകോശാർബുദം. തൊണ്ണൂറു ശതമാനം ശ്വാസകോശാർബുദബാധയുടെയും ഒറ്റക്കാരണം പുകവലിയാണ്. പത്തുശതമാനം മാത്രമേ പുകവലിക്കാത്തവരിൽ കാൻസർ സാധ്യതയുള്ളൂ. ഈ പത്തു ശതമാനത്തിൽ നല്ലൊരു പങ്ക് പരോക്ഷ പുകവലി വഹിക്കുന്നു. ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്ന കാൻസറുകളിൽ ഒന്നാണിത്. ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്നൊരു സർക്കാർ പരസ്യം കേട്ടിട്ടില്ലേ? അതെ, സ്പോഞ്ച് പോലുള്ള അറകൾ ചേർന്നതാണ് ശ്വാസകോശം. വലതുഭാഗത്ത് മൂന്നു ലോബുകളുണ്ട്. ഇടത് രണ്ടും. ഇവിടങ്ങളിലെയോ, ശ്വാസനാളത്തിലെയോ കോശങ്ങൾ ക്രമാതീതമായി പെരുകുന്നതാണ് ശ്വാസകോശ കാൻസർ.

പ്രധാനമായും രണ്ടുതരം ശ്വാസകോശാർബുദങ്ങളുണ്ട്.

1. സ്മോൾ സെൽ ലങ് കാൻസർ– ഓപ്പറേഷനില്ല, കീമോ തെറപ്പിയാണ് ചികിത്സയിൽ പ്രധാനം. 

2. നോൺ സ്മോൾ സെൽ ലങ് കാൻസർ– പ്രാരംഭദശയിൽ ഓപ്പറേഷൻ കൊണ്ടു സുഖപ്പെടുത്താവുന്ന വിഭാഗമാണിത്. 

ലക്ഷണങ്ങൾ

ഏതുതരം ശ്വാസകോശാർബുദമാണു ബാധിച്ചത് എന്നതിനനുസരിച്ച് വ്യത്യസ്ത ലക്ഷണങ്ങൾ കാണപ്പെടാം. മിക്കവാറും രോഗികളിൽ ആരംഭഘട്ട ലക്ഷണങ്ങൾ കണ്ടില്ലെന്നു വരാം. ക്ഷീണം, വിശപ്പില്ലായ്മ, ചുമ, ചുമയ്ക്കുമ്പോൾ ചില അവസരങ്ങളിൽ രക്തം കലർന്ന കഫം തുപ്പുക തുടങ്ങിയ വയാണ് സാധാരണ പ്രകടമാവാറുള്ള ലക്ഷണങ്ങൾ. ചുമയും ശ്വാസം മുട്ടലും തുടരുകയാണെങ്കിൽ കാൻസർ പരിശോധന നടത്തണം. ഈ ലക്ഷണങ്ങളെല്ലാം മറ്റു രോഗങ്ങളുമായും ബന്ധപ്പെട്ടതായതുകൊണ്ട് വിദഗ്ധ പരിശോധന ആവശ്യമായി വരുന്നുണ്ട്. ചികിത്സ വൈകുമ്പോൾ മറ്റ് അവയവങ്ങളിലേക്കു പടരാനുള്ള സാധ്യത കൂടുതലാണ്. എല്ലിലേക്കോ കരളിലേക്കോ ഈ അർബുദം  പടരും. 

എങ്ങനെ പ്രതിരോധിക്കാം?

പുകവലി നിർത്തുകയെന്നതാണ് പ്രധാന പ്രതിരോധമാർഗം. ആക്ടീവ് സ്മോക്കിങ് പോലെ പാസ്സീവ് സ്മോക്കിങ് അപകടകാരി ആയതിനാൽ വീടിനുള്ളിലോ പൊതുസ്ഥലങ്ങളിലോ പുകവലി അനുവദിക്കാതിരിക്കുക. ഇത്തരം സന്ദർഭങ്ങളിൽ നിന്ന് അകന്നു നിൽക്കുക. അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന വസ്തുക്കളിൽ നിന്നു മാറി നിൽക്കുക. ഒന്നോർക്കുക ഈ അർബുദം ബാധിച്ച് മരിക്കുന്ന വ്യക്തി അനേകം പേർക്ക് ഈ രോഗത്തിലേക്കു ടിക്കറ്റെടുത്തു കൊടുത്തിട്ടുണ്ടാകും. സ്തനാർബുദത്തിന്റെ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെ ടുന്നത് മറ്റുള്ളവർ വലിക്കുന്ന പുക ഏറ്റുവാങ്ങാവുന്നതാണ്. 

കുഞ്ഞുങ്ങൾക്ക് നാം പിറന്നാളിനോ പുതുവത്സരത്തിനോ അല്ലേ സമ്മാനങ്ങൾ നല്‍കുക? എന്നാൽ പുകവലിക്കുന്ന മാതാപിതാക്കൾ ഓരോ സെക്കൻഡിലും തങ്ങളുടെ കുട്ടികൾക്ക് കാൻസർ സാധ്യത സമ്മാനമായി നൽകുന്നുണ്ട്. 

Read More : Health News