Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യപാനികൾ കരുതിയിരിക്കുക കാത്തിരിക്കുന്നത് മറവിരോഗം

cheers friends clinking glasses in pub

മദ്യം ശീലമാക്കിയവർ അറിയാൻ നിങ്ങളെ കാത്തിരിക്കുന്നത് മറവിരോഗം ആണെന്നാണ് ആരോഗ്യ ഗവേഷകർ പറയുന്നത്. കടുത്ത മദ്യപാനികൾക്ക് മറവി രോഗത്തിനുള്ള സാധ്യത കൂടുതൽ ആണെന്ന് ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ചെറിയ ഓർമക്കുറവിൽ ആകാം രോഗം തുടങ്ങുന്നത്. മദ്യപാന ശീലം ഉപേക്ഷിച്ചാൽ എല്ലാത്തരം മറവി രോഗങ്ങളെയും തടയാൻ സാധിക്കും.

ഫ്രാൻസിലെ മറവിരോഗം (Dementia) ബാധിച്ച പത്തു ലക്ഷം പേരിൽ നടത്തിയ ഈ പഠനം  ഈ രംഗത്തെ ഏറ്റവും വലിയ പഠനമാണ്.

മദ്യപാനം മൂലം ആശുപത്രി വാസം വരെ വേണ്ടി വന്ന കടുത്ത മദ്യപാനികളിലായിരുന്നു പഠനം. 65 വയസ്സ് ആകും മുൻപേ 57,000 പേരാണ് മറവി രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമാക്കിയത്. ഇതിൽ 57 ശതമാനം പേരും അമിത മദ്യപാനികളായിരുന്നു.

ദിവസം 60 ഗ്രാമിലധികം മദ്യം ഉപയോഗിക്കുന്ന പുരുഷന്മാരെയും 40 ഗ്രാമിലധികം മദ്യം ഉപയോഗിക്കുന്ന സ്ത്രീകളെയുമാണ് ലോകാരോഗ്യ സംഘടന അമിത മദ്യപാനികളുടെ ഗണത്തിൽപെടുത്തുന്നത്. കടുത്ത മദ്യപാനവും മദ്യപാനം മൂലമുള്ള അനുബന്ധ പ്രശ്നങ്ങളുമാണ് മറവിരോഗം വരാനുള്ള പ്രധാന കാരണം എന്ന് പഠനം പറയുന്നു. 65 വയസ്സിനു മുൻപേ തന്നെ മറവിരോഗം ബാധിക്കുകയും ഇത് അകാലമരണത്തിന് കാരണമാകുകയും ചെയ്യുമെന്ന് പഠനം നടത്തിയ കാനഡയിലെ ടൊറന്റോയിലെ സെന്റർ ഫോർ അഡിക്ഷൻ ആൻഡ് മെന്റൽ ഹെൽത്തിലെ ജർഗൻ റെം പറയുന്നു.

മദ്യപാനം മൂലമുള്ള മറവിരോഗം തടയാൻ സാധിക്കുന്നതാണ്. മദ്യപാനം മൂലമുള്ള രോഗങ്ങൾ ആയുസ്സിന്റെ ശരാശരി 20 വർഷങ്ങൾ ആണ് വെട്ടിക്കുറയ്ക്കുന്നത്. ഇവരിൽ മരണത്തിന് പ്രധാന കാരണങ്ങളിലൊന്ന് മറവിരോഗമാണ്.

മദ്യപാനം ഉപേക്ഷിക്കേണ്ടതാണെന്നും മദ്യോപയോഗം മൂലം ഉണ്ടാകുന്ന രോഗങ്ങൾക്ക് ചികിത്സ തേടേണ്ടതാണെന്നും ഗവേഷകർ പറയുന്നു.

മറവിരോഗം ബാധിച്ചവരുടെ എണ്ണത്തിൽ മുമ്പിൽ സ്ത്രീകളാണെങ്കിലും മറവിരോഗത്തിന്റെ ലക്ഷണങ്ങൾ മൂന്നിൽ രണ്ടു (64.9%) പുരുഷന്മാരിലും പ്രകടമായതായി പഠനം പറയുന്നു.

Read More : Health News