Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചർമാർബുദം തടയുന്ന ബാക്ടീരിയകള്‍ ശരീരത്തില്‍ തന്നെയുണ്ടെന്ന് കണ്ടെത്തല്‍

skin-cancer

മനുഷ്യ ചർമത്തിലുള്ള ബാക്ടീരിയകള്‍ക്ക് ചർമാർബുദം തടയാനുള്ള ശേഷിയുണ്ടെന്നു കണ്ടെത്തല്‍. ചർമാർബുദ ചികിത്സാരംഗത്ത് വിപ്ലവകരമായ ഈ കണ്ടെത്തല്‍ അടുത്തിടെയാണ് ഗവേഷകര്‍ നടത്തിയത്. 

ത്വക്കിനു പുറത്തെ അനിയന്ത്രിതമായ കോശവളര്‍ച്ച തടയാന്‍ ഈ ബാക്ടീരിയ പുറപ്പെടുവിക്കുന്ന രാസവസ്തുവിന് സാധിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. Staphylococcus epidermidis എന്നാണു ഇതിനു നല്‍കിയിരിക്കുന്ന പേര്. എലികളില്‍ ഇത് സംബന്ധിച്ചു നടത്തിയ പഠനം വിജയകരമായിരുന്നെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.  Staphylococcus ഇനത്തില്‍ പെടുന്ന ബാക്ടീരിയകള്‍ മനുഷ്യന്റെ ചർമത്തില്‍ സാധാരണ കാണപ്പെടുന്നവയാണ്‌. 

കലിഫോര്‍ണിയ സര്‍വകലാശാലയിലെ  ഫിസിക്കല്‍ സയന്റിസ്റ്റ് റിച്ചാര്‍ഡ്‌ ഗല്ലോയുടെ നേതൃത്വത്തിലാണ് ഈ ഗവേഷണം നടന്നത്.  Staphylococcus ബാക്ടീരിയയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് നടത്തിയ ഈ ഗവേഷണത്തിലാണ്  S. epidermidis ബാക്ടീരിയകള്‍  6-N-hydroxyaminopurine, or 6-HAP എന്ന സംയുക്തം ഉല്‍പാദിപ്പിക്കുമെന്നു കണ്ടെത്തിയത്. 

ഇതിന്റെ ഡിഎന്‍എ ഘടകമാണ് ഗവേഷകരെ ഇതിന്റെ ആന്റിമൈക്രോബിയല്‍ പ്രവര്‍ത്തനങ്ങളെ കുറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. അങ്ങനെയാണ് എലികളില്‍ ചർമാർബുദം തടയാന്‍ ഇതിനു സാധിക്കുമെന്ന് കണ്ടെത്തിയത്. 

നിശ്ചിത ഇടവേളകളില്‍ അള്‍ട്രാവയലെറ്റ് രശ്മികള്‍ ഏല്‍പിച്ച എലികളില്‍ ചിലതിനു ഗവേഷകര്‍ ഈ S. epidermidis ബാക്ടീരിയകളെ കുത്തിവെച്ചു. ചിലതിനു നല്‍കാതെയും നോക്കി.  12 ആഴ്ചകള്‍ക്ക് ശേഷം അള്‍ട്രാവയലെറ്റ് രശ്മികള്‍ ഏറ്റ എലികളില്‍ ട്യുമര്‍ വളര്‍ച്ച കണ്ടെത്തിയിരുന്നു. എന്നാല്‍ S. epidermidis ബാക്ടീരിയകളെ കുത്തിവെച്ച എലികളില്‍  6-HAP യുടെ സാന്നിധ്യം കണ്ടെത്തുകയും ഇവയില്‍ ട്യുമര്‍ വളര്‍ച്ച കുറവാണെന്നും കണ്ടെത്തിയിരുന്നു. 

ഇതുവഴി S. epidermidis ബാക്ടീരിയകള്‍ക്ക് ഡിഎന്‍എ സംയോഗം ( DNA synthesis) തടയാന്‍ കഴിവുണ്ടെന്നു ഗവേഷകര്‍ കണ്ടെത്തി. തുടർന്ന് ഈ ബാക്ടീരിയ മനുഷ്യര്‍ക്ക്‌ എത്രത്തോളം ഉപകാരപ്രദമാണെന്ന് കണ്ടെത്താന്‍ ഗവേഷകര്‍ ശ്രമം ആരംഭിച്ചു. എന്നാല്‍ ഇതിനെ കുറിച്ചു ഇനിയും പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നു. 

കാരണം എങ്ങനെയാണ് ഈ ബാക്ടീരിയ 6-HAP നിർമിക്കുന്നതെന്നും എത്ര അളവില്‍ എന്നതൊക്കെയും ഇനിയും കണ്ടെത്തേണ്ടതാണ്. ചർമാർബുദ കോശങ്ങ വളര്‍ച്ച മാത്രമല്ല ലിംഫോമ സെല്ലുകളുടെ വളര്‍ച്ചയെയും ഇത് തടയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്തായാലും മനുഷ്യനില്‍ തന്നെ വസിക്കുന്ന ഈ ബാക്ടീരിയകള്‍ നമ്മുക്ക് എങ്ങനെയൊക്കെ കവചമാകുന്നുണ്ട് എന്നത് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

Read More : ആരോഗ്യവാർത്തകൾ