Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ തകരാറിലാകുന്നത് വൃക്കയാണ്

kidney-disease

അത്ഭുതകരമായ പ്രവർത്തനശേഷിയുള്ള ആന്തരികാവയവമാണ് വൃക്കകൾ. വൃക്കകളുടെ പ്രവർത്തനം ഏതാണ്ട് 60 ശതമാനവും നഷ്ടപ്പെട്ടുകഴിയുമ്പോഴായിരിക്കും അത് പ്രത്യക്ഷലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. വൃക്കരോഗങ്ങൾ സങ്കീർണമായി മാറുന്നതിനുള്ള കാരണവും ഇതുതന്നെ. എന്നാൽ വൃക്കകൾക്ക് ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ളരോഗാവസ്ഥ വളരെ നേരത്തെതന്നെ കാണിക്കുന്ന ചില സൂചനകൾ ഉണ്ട്. ഇവ പലപ്പോഴും ഡോക്ടർമാരുടെ ശ്രദ്ധയിൽ പോലും പെടാറില്ല.

പാരമ്പര്യം ആദ്യമേ മനസിലാക്കുക

ഇപ്പോഴുള്ള വൃക്കരോഗത്തിന്റെ 40 ശതമാനത്തോളം പാരമ്പര്യവും ജനിതകവുമായ ഘടകങ്ങൾ കൊണ്ടാണ്. മാതാപിതാക്കളിൽ ഒരാൾക്ക് ഈ അസുഖമുണ്ടെങ്കിൽ 25 ശതമാനം കുട്ടികൾക്കും ഈ അസുഖം ഉണ്ടാവാൻ സാധ്യതയുണ്ട്. മാതാവിലും പിതാവിലും ഈ അസുഖം കാണുന്നുണ്ടെങ്കിൽ അമ്പതു ശതമാനത്തോളം കുഞ്ഞുങ്ങൾക്കും ഈ അസുഖം കണ്ടുവരുന്നു. ഇതിൽ പ്രധാനപ്പെട്ടത് അഡൾട്ട് ഡോമിനന്റ് പോളിസിസ്റ്റിക് വൃക്കരോഗമാണ്.

ഇക്കാരണങ്ങളാൽ വിവാഹം കഴിക്കുമ്പോൾ മുതൽ ഈ അസുഖത്തിന്റെ പരിശോധനകൾ നല്ലതാണ്. മാതാപിതാക്കളുടെ വയറിന്റെ അൾട്രാസൗണ്ട് സ്കാനിങ്, സി ടി സ്കാൻ, എം ആർ എെ സ്കാൻ എന്നീ പരിശോധനയിലൂടെ രോഗസാധ്യത കണ്ടെത്താം. തുടർന്ന് ഇത്തരം കുഞ്ഞുങ്ങളിൽ ഗർഭാവസ്ഥയിൽ അമ്നിയോട്ടിക് ദ്രാവകപരിശോധന, പ്ലാസന്റാ പരിശോധന എന്നിവയിലൂടെയും ഗർഭാശയസ്കാനിങ്ങിലൂടെയും രോഗസാധ്യത കണ്ടെത്താം.

മറ്റൊരു പ്രധാന അസുഖമായ ആൽപോർട്ട് സിൻഡ്രേം എന്ന പ്രത്യേകതരം അസുഖത്തിൽ വൃക്കരോഗത്തോടൊപ്പം കേൾവിക്കുറവ്, കാഴ്ചക്കുറവ്, ബുദ്ധിമാന്ദ്യം എന്നിവ കൂടി കാണാം. ഈ അസുഖവും ജനിതക പരിശോധനയിലൂടെ നേരത്തെ കണ്ടുപിടിക്കാവുന്നതാണ്. ഗർഭാവസ്ഥയിൽ മാത്രം കണ്ടുപിടിക്കാവുന്ന വ്യതിയാനങ്ങൾ ഇതിൽ പ്രധാനമാണ്. 

ഹോഴ്സ് ഷൂ കിഡ്നികൾ, വെസൈക്കോയൂറത്രിക്ക് തടസങ്ങൾ, വൃക്കകൾ, ട്യൂബുകൾ, യൂറിത്രാ, മൂത്രസഞ്ചി, മൂത്രദ്വാരം എന്നിവയിൽ കാണുന്ന വ്യതിയാനങ്ങൾ ഇവ വിവിധതരം പരിശോധനയിലൂടെ കണ്ടെത്താം. മെഡുല്ലറിസിസ്റ്റിക്ക് കിഡ്നി അസുഖങ്ങൾ, പ്രത്യേകതരം കല്ലുകൾ ഉണ്ടാവുന്ന അസുഖങ്ങൾ എന്നിവ വളരെ നേരത്തെയുള്ള പരിശോധനയിലൂടെ കണ്ടെത്താം. വൃക്കകളുടെ പ്രവർത്തനത്തിലുള്ള വ്യതിയാനങ്ങളായ കല്ലിന്റെ അസുഖമായ പ്രൈമറി ഓക്സോലോസിസ്, ഫേബ്രി ഡിസീസ് എന്നിവയും പ്രത്യേകതരം ജനിതകപരിശോധനയിലൂടെ കണ്ടുപിടിക്കാവുന്നതാണ്.

മൂത്രം പതയുന്നതും ലക്ഷണം

മുതിർന്ന കുട്ടികളിൽ കാണുന്ന മൂത്രത്തിൽ രക്തത്തിന്റെ അംശം കാണൽ, മൂത്രമൊഴിക്കുമ്പോൾ സാധാരണമല്ലാത്തവിധം പതയൽ, മൂത്രത്തിന്റെ അളവിൽ കാണുന്ന കുറവും കൂടുതലും ഇവയും വൃക്കരോഗലക്ഷണങ്ങളാണ്. മൂത്രം ഇടയ്ക്കിടെ ഒഴിക്കാൻ തോന്നുക, മൂത്രം ഒഴിക്കാതിരുന്നാൽ ശരീരത്തിന്റെ പിൻവശം ഇടുപ്പിലും നട്ടെല്ലിലെ ഇരുവശത്തുമായി ഉണ്ടാവുന്ന തുടർച്ചയായ വേദന, മൂത്രം ഒഴിച്ച ശേഷം വീണ്ടും ഉടനെ തന്നെ മൂത്രം ഒഴിക്കൽ എന്നിവ വൃക്കരോഗലക്ഷണമാകാം.

ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എെ വി പി ടെസ്റ്റ്, എം സി യു എന്നീ പ്രത്യേകപരിശോധനയിലൂടെ വൃക്കരോഗമാണോ എന്നുറപ്പുവരുത്താം. ഇത്തരം രോഗലക്ഷണമുള്ള കുട്ടികൾക്ക് വേണ്ട ചികിത്സ ലഭിക്കാതിരുന്നാൽ നിശ്ചിത പ്രായം കഴിയുമ്പോൾ വൃക്കസ്തംഭനത്തിലേക്ക് എത്തിച്ചേരും.

കൗമാരക്കാരിൽ മൂത്രത്തിലെ പഴുപ്പ്

പത്തു മുതൽ ഇരുപതു വയസുവരെയുള്ള കൗമാരക്കാരിൽ ചില ലക്ഷണങ്ങൾ ഗൗരവമായിത്തന്നെയെടുക്കണം. അതിൽ പ്രധാനമാണ് മൂത്രത്തിൽ കാണുന്ന രക്താണുക്കളുടെ സാന്നിധ്യം, പഴുപ്പിന്റെ അംശം. ഇതിനു പുറമേ വൃക്കയിൽ കല്ലുകളുടെ ലക്ഷണവും വളരെ പ്രാധാന്യമർഹിക്കുന്നു. ഇത്തരം അസുഖങ്ങൾ പലപ്പോഴും ഐ ജി എ എന്ന വൃക്കരോഗത്തിന്റെ ലക്ഷണമാവാം. വിദഗ്ധപരിശോധനയിലൂടെ ഈ രോഗം നേരത്ത കണ്ടുപിടിക്കാം.

ഇരുപതു മുതൽ ഈ രോഗങ്ങൾ

20 വയസിനും 40 വയസിനുമിടയിൽ കണ്ടുവരുന്ന പ്രധാന അസുഖങ്ങളായ നെഫ്രോട്ടിക്സിൻഡ്രോം, നെഫ്രൈറ്റിസ്, എെ ജി എ, നെഫ്രോപ്പതി, മൂത്രാശയ സംബന്ധിയായ അസുഖങ്ങൾ കൃത്യമായ രക്തമൂത്രപരിശോധന, പ്രഷർ പരിശോധന, സ്കാനിങ് ടെസ്റ്റ് എന്നിവയിലൂടെ കണ്ടുപിടിക്കാവുന്നതാണ്.

40 വയസിനു മുകളിൽ 50 വയസുവരെയുള്ള വ്യക്തികളിൽ കാണുന്ന അസുഖങ്ങളിൽ പ്രധാനം പ്രമേഹരോഗമാണ്. ജനസംഖ്യയിൽ നല്ലൊരു ശതമാനം ഏകദേശം നാൽപതു ശതമാനത്തോളം വരുന്ന ആളുകൾ നാൽപതു വയസിനോടടുക്കുമ്പോൾ പ്രമേഹബാധിതരാവുന്നു എന്നു കണക്കാക്കപ്പെടുന്നു.

ഇതിൽ നാൽപതു ശതമാനത്തോളം ആളുകൾ സാരമായ വൃക്കസ്തംഭനം സംഭവിക്കുകയും അതിൽ 40 ശതമാനത്തോളം പേർ ഏതെങ്കിലും ഒരു തലത്തിലുള്ള വൃക്കരോഗചികിത്സ (വൃക്കമാറ്റിവയ്ക്കൽ, രക്തശുദ്ധീകരണം) സ്വീകരിക്കേണ്ടതായി വരുന്നു. 40 ശതമാനത്തോളം ആളുകൾ അകാലത്തിൽ മരണം വരിക്കുകയും ചെയ്യുന്നതായി കാണാം.

പ്രമേഹമുള്ളവരിൽ ഹൃദയസംബന്ധിയായതോ രക്തക്കുഴൽ സംബന്ധിയായതോ ആയ അസുഖം വളരെ നേരത്തെ കാണപ്പെടുന്നു. ഇതു ശ്രദ്ധിക്കാതെ പോവുകയും പിന്നീട് മൂത്രത്തിൽ പ്രോട്ടീൻ, പഴുപ്പിന്റെ അംശം എന്നിവ കാണുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ പാരാതോർമോൺ (പാരാതൈറോയ്ഡ് ഹോർമോൺ), ഫോസ്ഫറസ് എന്നിവയുടെ അളവു കൂടുന്നത് പരിശോധനയിൽ കണ്ടെത്താം. മറ്റ് പരിശോധനകളിൽ ചിലപ്പോൾ രോഗസൂചന ലഭിച്ചുവെന്നു വരില്ല. ഈ സമയം കൃത്യമായ ചികിത്സയും ലഭിക്കാതിരുന്നാൽ ഗുരുതരവൃക്കരോഗമായി അതു പരിണമിക്കും.

സ്ഥായിയായ രോഗങ്ങൾ

അറുപതിനു മുകളിലുള്ളവരിൽ കാണുന്ന സ്ഥായിയായ അസുഖങ്ങൾ, വൃക്കകളുടെ പ്രവർത്തനക്ഷമതക്കുറവ്, മൂത്രം പുറത്തേക്കു പോകുന്നതിലുള്ള തടസം മൂലം ഉണ്ടാവുന്ന അസുഖങ്ങൾ, പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ തടിപ്പ്, സ്ത്രീകളിൽ ഗർഭപാത്രസംബന്ധമായ അസുഖം എന്നിവ കാണുന്നു.

മൂത്രത്തിൽ കാണുന്ന കല്ലുകൾ, മൂത്രതടസം, മൂത്രാശയസംബന്ധിയായ രോഗം, മൂത്രം കൃത്യമായ അളവിൽ പുറത്തേക്കു പോകാതിരിക്കുക എന്നിവ പ്രധാനമാണ്. പ്രായമായവരിൽ കാണുന്ന മൂത്രത്തിലെ രക്തത്തിന്റെ അംശം പലപ്പോഴും ക്ഷയം (ടൂബർക്കുലോസിസ്), കാൻസർബാധ എന്നിവയുടെ ലക്ഷണമാവാം.

ഗർഭകാലത്തു ബി പി കൂടിയാൽ

പലവിധത്തിലുള്ള അണുബാധകൾ, പ്രസവസമയത്തെ രക്തസമ്മർദം, നീർക്കെട്ടുകൾ, വിഷബാധ എന്നിവ പരിശോധനയും ചികിത്സയും നൽകി എത്രയും പെട്ടെന്നു പരിഹരിക്കണം. അത്തരം ലക്ഷണങ്ങളെയെല്ലാം ഭാവിയിൽ വരാവുന്ന വൃക്കരോഗത്തിന്റെ നേരിയ സൂചനയായിട്ടെങ്കിലും കരുതേണ്ടിയിരിക്കുന്നു. അവയെല്ലാം യഥാസമയം പരിഹരിച്ചാൽ വൃക്കരോഗസാധ്യതയെ ഗണ്യമായി കുറയ്ക്കാനാകും.

വൃക്കരോഗം വരാതിരിക്കാൻ വഴിയുണ്ട്

∙ അമിതരക്തസമ്മർദം വേണ്ടവിധം ചികിത്സിച്ചു നിയന്ത്രിക്കുക.

∙ പ്രമേഹം കണിശമായും നിയന്ത്രിച്ചു നിർത്തുക. ആവശ്യമായ ഘട്ടത്തിൽ വളരെ നേരത്തെ തന്നെ ഇൻസുലിൻ ഉപയോഗിക്കുക.

∙ സ്വന്തമായും തുടർച്ചയായും മരുന്നുകടകളിൽ നിന്നും പലവിധ മരുന്നുകൾ ഉപയോഗിക്കാതിരിക്കുക.

∙ വൃക്കരോഗികളുടെ രക്തബന്ധത്തിലുള്ളവർ വൃക്കരോഗ പരിശോധനയ്ക്കു വിധേയരാവുക. അവരിൽ 40 കഴിഞ്ഞവർ വർഷത്തിലൊരിക്കൽ പരിശോധനകൾ ആവർത്തിക്കുക.

∙ പുകവലി പൂർണമായും നിർത്തുക.

∙ ലഹരി മരുന്നുകൾ, മദ്യം എന്നിവ പൂർണമായും ഒഴിവാക്കുക.

∙ കൊഴുപ്പു കുറഞ്ഞ ആരോഗ്യപൂർണമായ ഭക്ഷണം ശീലമാക്കുക. ഒപ്പം പതിവായി വ്യായാമങ്ങളിലേർപ്പെടുക.

Read More : Health Magazine