Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാർബർഷോപ്പിൽ പോയാൽ രക്തസമ്മർദം കുറയുമോ?

blood-pressure

ഒരു കാലത്ത് നമ്മുടെ നാട്ടു വർത്തമാനത്തിന്റെ ഇടങ്ങളായിരുന്നു ബാർബർ ഷോപ്പുകള്‍. മാസികകളും വെടിവട്ടങ്ങളും നിറഞ്ഞ ഇവിടം എല്ലാ പ്രായക്കാരുടെയും സംഗമസ്ഥാനം ആയിരുന്നു. (ഇപ്പോള്‍ മുടി വെട്ടിക്കണം എങ്കിലും ഹിന്ദി പഠിച്ചേ മതിയാകൂ എന്ന നിലയിൽ ആയിട്ടുണ്ട് കേരളത്തിലെ മുടിവെട്ടുകടകൾ) പറഞ്ഞു വരുന്നത് അന്യസംസ്ഥാന മുടിവെട്ടുകാരെ (ക്ഷൂരകൻ) കുറിച്ചല്ല. ആരോഗ്യത്തെക്കുറിച്ചു തന്നെയാണ്. ആരോഗ്യവും ബാർബർഷോപ്പും തമ്മിലെന്ത് എന്നാവും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത് അല്ലേ.

ബാർബർഷോപ്പുകൾ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും എന്നാണ് ആരോഗ്യ ഗവേഷണങ്ങൾ പറയുന്നത്. പുരുഷന്മാരിലെ ഉയർന്ന രക്തസമ്മര്‍ദം നിയന്ത്രണത്തിലാക്കാൻ ബാർബർ ഷോപ്പുകൾ സഹായിക്കുമെന്ന് അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജിയുടെ സമ്മേളനത്തിൽ അവതരിപ്പിച്ച പഠനം പറയുന്നു.

ലൊസാഞ്ചലസിലെ പ്രാദേശിക ബാർബർഷോപ്പുകളിൽ പതിവായി എത്തുന്ന ആൾക്കാർക്ക് രക്തസമ്മർദം കുറയുന്നതായി കണ്ടു. 52 ബാർബര്‍ ഷോപ്പുകളിലും. അവിടെയെത്തുന്ന 319 പുരുഷന്മാരിലും ആണ് പഠനം നടത്തിയത്.

140 mm Hg യിൽ കൂടുതൽ സിസ്റ്റോളിക് പ്രഷർ ഉള്ളവരായിരുന്നു പഠനത്തിൽ പങ്കെടുത്തവരെല്ലാം. 35 നും 71 നും ഇടയിൽ പ്രായമുള്ള ഇവർ ദീർഘകാലമായി മാസത്തിൽ രണ്ടു തവണ മുടിവെട്ടിക്കാന്‍ ബാർബർ ഷോപ്പിനെ ആശ്രയിക്കുന്നവരായിരുന്നു.

ഓരോ തവണ ബാർബർ ഷോപ്പിലെത്തുമ്പോഴും പരിശീലനം ലഭിച്ച ഒരു ഫാർമസിസ്റ്റിനെ കാണാൻ പഠനത്തില്‍‌ പങ്കെടുത്ത ചിലരോട് ആവശ്യപ്പെട്ടു. മറ്റുള്ളവർക്ക് ആരോഗ്യകരമായ ജീവിതശൈലിയെപ്പറ്റി ഉപദേശവും അതു പിന്തുടരാനുള്ള പ്രോത്സാഹനവും ബാർബര്‍മാർ നൽകി. കൂടാതെ ഡോക്ടറെ കാണണം എന്നും അവര്‍ പറഞ്ഞു.

ഫാർമസിസ്റ്റിനെ കണ്ടവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സിസ്റ്റോളിക് പ്രഷർ 21mmHg യിൽ അധികം കുറഞ്ഞതായി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ബാർബറുമായി മാത്രം സംസാരിച്ച ആളുകളുടെ സിസ്റ്റോളിക് പ്രഷർ 145 mmHg ആയി കുറഞ്ഞതായി കണ്ടു. ആറു മാസം മുൻപ് പഠനം തുടങ്ങുമ്പോൾ ഇവർക്ക് 155mm Hg ആയിരുന്നു സിസ്റ്റോളിക് പ്രഷർ.

എന്നാൽ ബാർബറുമായി സംസാരിക്കുകയും അതോടൊപ്പം ഫാർമസിസ്റ്റിനെ കാണുകയും ചെയ്ത ആളുകളുടെ രക്തസമ്മർദ്ദം, ആറു മാസം കൊണ്ട് 153 mm Hg യിൽ നിന്ന് 126 mm Hg ആയി കുറഞ്ഞു.

ജീവിതകാലമത്രയും മരുന്നു കഴിച്ചും. ജീവിത ശൈലി ക്രമീകരിച്ചും. നിയന്ത്രിച്ചു നിർത്താവുന്ന ഗുരുതരമായ ഒരു രോഗമാണ് രക്തസമ്മർദം. ഹൃദ്രോഗത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കുന്ന ഘടകം കൂടിയാണിത്.

മറ്റു വർഗത്തിൽപ്പെട്ട ആളുകളെക്കാള്‍ ആഫ്രിക്കൻ അമേരിക്കൻ പുരുഷന്മാരിൽ ഉയർന്ന രക്തസമ്മർദം കൂടുതലാണ്. ഇവരാകട്ടെ ഡോക്ടറെ കാണാനും ചികിത്സ തേടാനും മടിക്കുന്നവരാണ്. എന്നാൽ ബാർബർഷോപ്പുകൾ, ആരോഗ്യ ബോധവൽക്കരണ കേന്ദ്രങ്ങൾ കൂടിയാകുമ്പോൾ രക്തസമ്മർദം നിയന്ത്രിച്ചു നിർത്താൻ സാധിക്കുമെന്ന് പഠനം നടത്തിയ സ്മിറ്റ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ റൊണാൾഡ് വിക്ടർ പറയുന്നു.

ഈ ആരോഗ്യ മാതൃക നിലനിർത്തുകയാണെങ്കിൽ ലക്ഷകണക്കിനു ജീവനുകൾ രക്ഷിക്കാനാകുമെന്നും ഹൃദ്രോഗം, പക്ഷാഘാതം ഇവ തടയാൻ സാധിക്കുമെന്നും പഠനം പറയുന്നു.

ബാർബർഷോപ്പുകൾ പോലെ ആളുകൾ കൂടുന്നയിടങ്ങളെ ആരോഗ്യ ബോധവൽക്കരണ കേന്ദ്രങ്ങൾ ആക്കുക എന്ന മാതൃക നമുക്കും പിന്തുടരാവുന്നതേയുള്ളൂ.

Read More : ആരോഗ്യവാർത്തകൾ