Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിക്കൻപോക്സ് വന്നാൽ കുളിക്കാമോ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം

chickenpox

ചിക്കൻപോക്സ്– ആളുകളെ എപ്പോഴും ഒരു ഭീതിയുടെ നിഴലിൽ നിർത്തുന്ന ഒരു രോഗമാണ്, ഒപ്പം കുറേ അന്ധവിശ്വാസങ്ങളും ഈ രോഗത്തെ ചുറ്റിപ്പറ്റിയുണ്ട്. ദേവി പ്രസാദിച്ചതാണ് ദേഹത്ത് കുരുക്കളായി പ്രത്യക്ഷപ്പെട്ടതെന്നു വിശ്വസിക്കുന്നവർ ഇപ്പോഴും ധാരാളമുണ്ട്. അതുകൊണ്ടുതന്നെ പലരും ചികിത്സ തേടാറുമില്ല. ദേഹത്ത് നിന്ന് കുരുക്കൾ അപ്രത്യക്ഷമാകുന്നതുവരെ കുളിക്കാൻ പാടില്ലെന്നും വേപ്പില ഇട്ട് അതിൽക്കിടക്കണമെന്നുമൊക്കെ പലരും പറയുന്നുമുണ്ട്. ചിക്കൻപോക്സ് എന്താണെന്നും അതിന്റെ ചികിത്സയെക്കുറിച്ചും പറയുകയാണ് ഇൻഫോക്ലിനിക്കിലൂടെ ഡോ. സബ്ന എസ് ചമ്പാട്, ഡോ. ജിതിൻ റ്റി ജോസഫ്, ഡോ. റ്റി. എം ജമാൽ എന്നിവർ

"മാരിയമ്മൻ വീട്ടുക്കു വന്താ ട്രീട്മെന്റ് എടുക്കകൂടാത... വേപ്പെലയില് പടക്ക വയ്പ്പെ, അപ്പടി താൻ നമ്പിക്ക" തമിഴ്നാട്ടുകാരിയായ കൂട്ടുകാരിയിൽ നിന്നും കേട്ടൊരു മാരിയമ്മൻ വരവിന്റെ കഥയാണ് ചില ചിക്കൻ പോക്‌സ് ചിന്തകളിലേക്ക് നയിച്ചത്.

മാരിയമ്മൻ അഥവാ ഭഗവതിയുടെ വരവാണ് ചിക്കൻപോക്‌സ് എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ദൈവകോപം ഉണ്ടാകുമെന്നു പറഞ്ഞു, ചിക്കൻ പോക്സ് വന്നാൽ പഴമക്കാർ ചികിത്സ എടുക്കാറില്ല. മരുന്നൊന്നും നൽകാതെ വേപ്പിലയിൽ രോഗിയെ കിടത്തുകയാണ് ചെയ്യുക.

"മാരിയമ്മനു പുടിച്ച 'കറുവാട്' കൊഴമ്പ് വച്ചു കൊടുപ്പെൻ"

മാരിയമ്മനെ പ്രീതിപ്പെടുത്താൻ ഉണക്ക മീൻ കറിവച്ചു നൽകുമത്രേ.

വിളക്കുകൊളുത്തൽ, കുളി, പ്രാർത്ഥന, വിലക്കുകൾ അങ്ങിനെയങ്ങനെ നീണ്ടു വർത്തമാനം... ഒരു ചിക്കൻപോക്സിൽ നിന്നും എന്തെല്ലാം ആചാരങ്ങൾ. ചിലതൊക്കെ കേൾക്കുമ്പോൾ ചിരിക്കണോ കരയണോ എന്നു തോന്നിപോകുന്ന അവസ്ഥ. ശരിയായ ചികിത്സ നൽകാതെ, ഇത്തരം ആചാരങ്ങളെയും കെട്ടിപ്പിടിച്ചിരിക്കുന്ന ഒരു മഹാരാജ്യത്താണ് നമ്മളും ജീവിക്കുന്നത് എന്നോർക്കണം.

നേരിയ ചൊറിച്ചിലോടു കൂടെ ആരംഭിക്കുന്ന ചുവന്നു തിണർത്ത പാടുകളിൽ നിന്നും, തൊലിപ്പുറത്ത് വെള്ളം നിറഞ്ഞിരിക്കുന്ന ചെറിയ കുമിളകള്‍ പോലുള്ള പൊങ്ങലുകളായി മാറുന്നതാണ് ചിക്കൻ പോക്സിന്റെ പ്രധാന ലക്ഷണം. കാഴ്ചയില്‍ മെഴുകു ഉരുക്കി ഒഴിച്ചാല്‍ ഉണ്ടാവുന്നത് പോലെ ഇരിക്കും.

ത്വക്കില്‍ കുരുക്കള്‍ ഉണ്ടാവുന്നതിനു മുന്‍പുതന്നെ തലവേദന, പനി, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവ ഉണ്ടാകാവുന്നതാണ്.

നെഞ്ചിലോ പുറകിലോ മുഖത്തോ ആരംഭിക്കുന്ന ഈ കുരുക്കൾ പതുക്കെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ കൂടെ നിറയുന്നു. അസുഖത്തിന്റെ കഠിന്യമനുസരിച്ചു വായ, കൈവള്ള, കാൽപ്പാദം, ഗുഹ്യഭാഗങ്ങൾ എന്നീ ഇടങ്ങൾ വരെ വൈറസ് കയ്യേറി കുരുക്കൾ വിതയ്ക്കുന്നു. ഈ ഘട്ടത്തിൽ ശരീരം മുഴുവൻ ചൊറിച്ചിലും ഉണ്ടാവും.

ക്രമേണ കുരുക്കള്‍ പൊട്ടി വടുക്കളോ പൊറ്റകളോ ആയി മാറുന്നു. അഞ്ചു മുതൽ ഏഴ് ദിവസം വരെ ശരീരത്തിൽ ഈ ലക്ഷണങ്ങൾ നിലനിൽക്കും.

Read more : ചിക്കൻപോക്സിനെ പേടിക്കേണ്ടതുണ്ടോ?

ഈ വിക്രിയകളുടെ ഒക്കെ കാരണക്കാരനെ കുറിച്ചു പറഞ്ഞില്ലല്ലോ..' വേരിസെല്ല സോസ്റ്റർ വൈറസ് '(varicella zoster virus) എന്നാണ് മൂപ്പരുടെ പേര്. വളരെ പെട്ടെന്ന് ആണ് ഇഷ്ടൻ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ചെന്നെത്തുന്നത്. ഈ വൈറസ് യാത്രയുടെ പ്രധാന മാർഗം വായുവഴി ആണ്. ചുമയ്ക്കുന്നതിലൂടെയും തുമ്മുന്നതിലൂടെയും വായുവിലേക്ക് തുറന്നു വിടപ്പെടുന്ന വൈറസ്, വണ്ടി പിടിച്ച് അടുത്ത അതിഥിയെ തേടുന്നു. രോഗത്തിന്റെ ഇൻക്യൂബെഷന്‍ കാലാവധി 10-21 ദിവസം വരെയാണ്, അതായതു ഒരാളുടെ ശരീരത്തില്‍ രോഗാണു കയറിക്കഴിഞ്ഞു രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ ഇത്രയും ദിവസങ്ങള്‍ എടുക്കാം.

ഒരാള്‍ രോഗം പകര്‍ത്തുന്നത്:

ത്വക്കില്‍ കുരുക്കള്‍ ഉണ്ടാവുന്നതിനു ഒന്നോ രണ്ടോ ദിവസം മുന്‍പേ തന്നെ രോഗം പകര്‍ത്തുന്നത് തുടങ്ങും. ഇതുകൂടാതെ ശരീരത്തിലുണ്ടാകുന്ന കുമിളകളിലെ വെള്ളം തട്ടുന്നത് വഴിയും അസുഖം പകരാം. കുരുക്കള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയശേഷം ഒരു 10 ദിവസത്തേക്ക് ഈ രോഗപ്പകര്‍ച്ചാ സാധ്യത തുടരും.

ചിക്കൻപോക്സ് മൂർച്ഛിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ:

ന്യൂമോണിയ, തലച്ചോറിലെ അണുബാധ, തൊലിപ്പുറത്തെ അണുബാധ, ഞരമ്പ് പൊട്ടി അഥവാ അരച്ചൊറി (herpes zoster/shingles) എന്നിവയാണ്. മുതിർന്നവരെ അപേക്ഷിച്ചു കുട്ടികളിൽ ചിക്കൻപോക്‌സ് വഴിയുള്ള അപകട സാധ്യത കുറവാണ്. സാധാരണയായി ഒരു തവണ ചിക്കൻപോക്‌സ് വന്നാൽ വീണ്ടും വരാനുള്ള സാധ്യത വളരെ കുറവാണ്. വൈറസ് വഴി വീണ്ടും അക്രമിക്കപ്പെട്ടാലും, ലക്ഷണങ്ങൾ ഒന്നും കാണിക്കാതെ ശ്രദ്ധിക്കപ്പെടാതെ പോകാറാണ് പതിവ്. സാധാരണ ഗതിയിൽ വന്നു പോകുന്ന ഒരു അസുഖമാണെങ്കിൽ കൂടെ, ഗുരുതരമായ സങ്കീർണതകളും മരണവും വിരളമായെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ചികിത്സ

ലക്ഷണങ്ങൾ കണ്ടുറപ്പിച്ചതിനു ശേഷമാണ് ചികിത്സ ആരംഭിക്കുന്നത്. ചില അവസരങ്ങളിൽ സ്ഥിരീകരണ പരിശോധനകളും നടത്തതാറുണ്ട്. പോളിമറൈസ് ചെയിൻ റിയാക്ഷൻ, ആന്റിബോഡി ടെസ്റ്റ്, കുരുക്കളിലെ ദ്രാവകമെടുത്തുള്ള സാൻക്സ്മിയർ ടെസ്റ്റ് തുടങ്ങിയവയാണ് അവ.

വൈറസിന്റെ പെറ്റുപെരുകല്‍ തടയുന്ന മരുന്നുകളായ (അസൈക്ലോവിർ, വാലാസൈക്ക്ലോവീര്‍) തുടങ്ങിയവ രോഗതീവ്രത കുറയ്ക്കുകയും രോഗസങ്കീര്‍ണ്ൃതകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

ചിക്കൻപോക്‌സ് രോഗിയുടെ ലക്ഷണങ്ങള്‍ക്ക് ആശ്വാസമേകാന്‍ പാരസെറ്റാമോളും കലാമിൻ ലോഷനുമൊക്കെ നല്‍കാറുണ്ട്. പാരസെറ്റമോൾ പനിയും ശരീരവേദനയും കുറക്കുന്നു. കാലാമിൻ പുരട്ടുന്നത് തൊലിപ്പുറത്തെ അസ്വസ്ഥതകളും കുറയ്ക്കുന്നു.

മറ്റു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

നിര്‍ജ്ജലീകരണം തടയാന്‍ വെള്ളം ധാരാളം കുടിക്കേണ്ടതാണ്.

തൊലിപ്പുറത്തുള്ളതു പോലെ തന്നെ, ദഹനേന്ദ്രിയങ്ങളുടെ ഉൾ ഭാഗത്തും കുരുക്കള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. ദഹനവ്യവസ്ഥയിലെ അസ്വസ്‌ഥതകൾ കുറയ്ക്കുവാൻ എണ്ണയുടെയും മസാലകളുടെയും ഉപയോഗം കുറയ്ക്കുക.

ഗര്‍ഭകാലവും ചിക്കന്‍പോക്സ് രോഗബാധയും:

ഗർഭകാലത്തെ ആദ്യത്തെ ആറു മാസങ്ങളിൽ ചിക്കൻപോക്‌സ് വരുന്നത് അപകടകരമായ അവസ്ഥയാണ്. ഇത് കുഞ്ഞിന് പല ആരോഗ്യപ്രശ്നങ്ങൾക്കും, ജന്മനാലുള്ള വ്യതിയാനങ്ങള്‍ക്കും കാരണമാകുന്നു.

ഗർഭിണികളിൽ ചിക്കൻ പോക്‌സിന്റെ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ എത്രയും പെട്ടെന്ന് ഡോക്‌ടറെ കണ്ട് ചികിത്സ ആരംഭിക്കുക. 

പ്രസവത്തിനു തൊട്ടു മുൻപാണ് ചിക്കൻ പോക്‌സ് വരുന്നതെങ്കിൽ, അത് കുഞ്ഞിന് നിയോനേറ്റൽ വാരിസെല്ല (neonatal varicella) എന്ന അസുഖത്തിന് കാരണമാകുന്നു. അങ്ങനെയുള്ള സാഹചര്യങ്ങളിൽ കുഞ്ഞിന് ഇമ്മ്യൂണോഗ്ലോബലിൻ ഇഞ്ചക്ഷൻ എടുക്കേണ്ടി വരും.

ഇനി ഗർഭകാലത്ത് ചിക്കൻ പോക്‌സ് പകരാനുള്ള സാഹചര്യങ്ങൾ ഉണ്ടാവുകയാണെങ്കിൽ, നാലു ദിവസത്തിനുള്ളിൽ തന്നെ ഇമ്മ്യൂണോഗ്ലോബലിൻ ഇഞ്ചക്ഷൻ എടുക്കുക. ഇത് ലഭ്യമല്ലാത്ത സാഹചര്യമാണെങ്കിൽ, ഡോക്ടറുടെ നിർദേശ പ്രകാരം 'അസൈക്ലോവിർ' ഗുളികകൾ കഴിക്കുക.

കാലാകാലങ്ങളായി വളരെയധികം അശാസ്ത്രീയ/മിഥ്യാ ധാരണകള്‍ ഈ രോഗവും ചികിത്സയുമായി ബന്ധപ്പെട്ടു പ്രചാരത്തിലുണ്ട്.

ചില സംശയങ്ങളും അവയ്ക്ക് ഉള്ള വസ്തുതാപരമായ ഉത്തരവും.

1. ചിക്കൻപോക്സ് വന്നാൽ കുളിക്കാമോ?

കുളിക്കാതെയിരുന്നാൽ ശരീരം അശുദ്ധമാവും, അസ്വസ്ഥകള്‍ ചൊറിച്ചില്‍ ഒക്കെ കൂടും എന്നു മാത്രമല്ല ചൊറിഞ്ഞു പൊട്ടിയ വൃണങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ രോഗാണുബാധ ഉണ്ടായി പഴുക്കാനുള്ള സാധ്യതയും കൂടുന്നു. ദിവസവും കുളിക്കണം. സോപ്പ് ഉപയോഗിക്കാം തോര്‍ത്ത് ഉപയോഗിക്കുന്ന സമയത്ത് കഴിയുന്നതും പൊട്ടാതെ ഇരിക്കാന്‍ മൃദുവായ തുണി ഉപയോഗിക്കുകയും വെള്ളം ഒപ്പി എടുക്കുകയും ചെയ്യുന്നതില്‍ ശ്രദ്ധിക്കാം.

2. തൈരും പച്ചച്ചോറും മാത്രമേ എനിക്ക് ചിക്കൻ വന്നപ്പോൾ കിട്ടിയുള്ളൂ!! ഉപ്പും എരിവുമില്ലാത്ത ഭക്ഷണമേ കഴിക്കാന്‍ പാടുള്ളൂ അത്രേ?!

ഉപ്പു തീരെ ഒഴിവാക്കുന്നത് ശരീരത്തിൽ സോഡിയത്തിന്റെ അളവ് അപകടകരമായ രീതിയിൽ കുറയാൻ കാരണമാകുന്നു. ഇത് മസ്തിഷ്‌കമുൾപ്പെടെ ഉള്ള ശരീരഭാഗങ്ങളെ ബാധിക്കുകയും രോഗിയുടെ നില കൂടുതൽ സങ്കീർണമാക്കുകയും ചെയ്യുന്നു. ഉപ്പിട്ട് കഞ്ഞിവെള്ളം, നാരങ്ങാവെള്ളം ഒക്കെ കുടിക്കുന്നത് വേഗം ക്ഷീണം മാറാൻ സഹായിക്കും.

ആളുകളെ പട്ടിണിക്കിടുന്നത് രോഗാവസ്ഥ മോശമാക്കാനേ ഉതകൂ. ഏതു അണുബാധയെയും തുരത്താൻ ശരീരത്തിന് നല്ല ഊർജ്ജം വേണം. അതുകൊണ്ടുതന്നെ ആദ്യ ദിവസങ്ങളിൽ ലഘുവായ ചെറു ചൂടുള്ള ഭക്ഷണങ്ങളും, ഒപ്പം നല്ലതുപോലെ വെള്ളവും കുടിക്കണം. സാധാരണ വെള്ളവും, കഞ്ഞി വെള്ളവും, കരിക്കുംവെള്ളവും, സൂപ്പും ഒക്കെ കഴിക്കാം. പഴങ്ങളും സാലഡുകളും കഴിക്കണം. പനിയൊക്കെ ഒന്ന് കുറഞ്ഞു കഴിയുമ്പോൾ സാധാരണ രീതിയിൽ ഉള്ള ഭക്ഷണം കഴിക്കണം.

3. “നേരത്തെ ചിക്കൻപോക്സ് വന്ന ആളുടെ ദർശനം” കിട്ടിയാൽ അസുഖം വേഗം കുറയും?

നേരത്തെ അസുഖം വന്നതായതുകൊണ്ടു അയാൾക്കു പ്രതിരോധം ഉണ്ട്. അതുകൊണ്ടു വന്നു കണ്ടാലും അയാൾ സുരക്ഷിതനാണ്. നിങ്ങളെ നോക്കി സഹതപിക്കാം എന്നല്ലാതെ ആള്‍ വന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. പിന്നെ നിർബന്ധമാണേൽ വരുമ്പോൾ ഇത്തിരി ഫ്രൂട്ട്സ് ഒക്കെ വാങ്ങിക്കൊണ്ടു പോരാൻ പറഞ്ഞാൽ കുറച്ചു പൈസ ലാഭിക്കാം.

4. അസുഖം വന്നയാൾ പതിനാലാം ദിവസം കുളിച്ചു കഴിഞ്ഞാൽ വീട്ടിലെ അടുത്തയാൾക്കു അസുഖംവരും?

ദേഹത്ത് വെള്ളം വീഴുമ്പോളേ വൈറസ് അയാളുടെ ദേഹത്തുനിന്നും അടുത്തയാളുടെ ദേഹത്തേക്ക് ചാടില്ല കേട്ടോ. എല്ലാം സമയത്തിന്‍റെ കളികളാണ് ദാസാ. ചിക്കൻപോക്സിന്റെ ഇൻകുബേഷൻ പീരീഡ് 10-21 ദിവസം വരെ ആണെന്ന് പറഞ്ഞല്ലോ. ഒരാളുടെ ദേഹത്തു കുമിളകൾ പൊങ്ങുന്ന ദിവസത്തിനു ഏതാനും ദിവസം മുൻപും ശേഷവുമാണ് രോഗാണുക്കൾ മറ്റുള്ളവരിലേക്ക് പകരാൻ ഏറ്റവും സാധ്യത. കുമിളകൾ ഉണങ്ങി ഇല്ലാതാവുന്നതുവരെ രോഗം പകരാനുള്ള സാധ്യതയുണ്ട്. അതായത് നമ്മുടെ ദേഹത്ത് കുമിളകൾ പൊങ്ങിയ അന്ന് വീട്ടിലെ ആരുടെയെങ്കിലും ദേഹത്തേക്ക് വൈറസ് കയറിയാൽ അയാൾക്ക് പ്രതിരോധം ഇല്ലെങ്കിൽ ഏകദേശം 14 ദിവസം ആകുമ്പോൾ അയാളുടെ ശരീരത്തിൽ കുമിളകൾ വരും. അത് മാത്രമാണ് ഈ 14 ദിവസത്തെ കണക്കിന് പിന്നില്‍, കുളിയുമായി യാതൊരു ബന്ധവും ഇല്ല.

5. ചിക്കൻപോക്സ് വന്നാൽ മരുന്ന് കഴിക്കരുത്, അത് പുറത്തേക്കു വന്നുപോയാൽ മാത്രമേ വീണ്ടും ഉണ്ടാവാതെ ഇരിക്കൂ.

മുതിര്‍ന്നവരില്‍ മരുന്നു കഴിച്ചില്ല എങ്കില്‍ കുമിളകള്‍ കൊണ്ട് വടുക്കള്‍ ഉണ്ടാവുന്നതിന്റെ സാധ്യതകള്‍ കൂടും. മരുന്ന് കഴിക്കുന്നതിന്‍റെ പ്രധാന ലക്ഷ്യം ഗുരുതരമായ രോഗാവസ്ഥകൾ ഉണ്ടാവാതെ തടയുകയാണ്.

6. ഒരിക്കൽ വന്നാൽ വീണ്ടും വരും?

രോഗം വന്നാല്‍ ജീവിതകാലം മുഴുവൻ പ്രതിരോധമുണ്ടാകുമെന്നു പറഞ്ഞല്ലോ. രോഗപ്രതിരോധ ശക്തി കുറഞ്ഞവരിൽ ഏതെങ്കിലും ഒരു നാഡിയുടെ ഭാഗത്തു മാത്രമായി തൊലിപ്പുറത്തു കുമിളകൾ വരാം. വളരെ വേദനയുള്ള ഈ അവസ്ഥയെ ഹെർപ്പസ് സോസ്റ്റർ എന്നാണ് പറയുക.

ചിക്കന്‍പോക്സ് വാക്സിനെ കുറിച്ച്.

കയ്യുടെ മേല്‍ഭാഗത്തു തൊലിക്ക് ഉള്ളിലായാണ് കുത്തിവെപ്പ് നൽകുക.

∙ കുട്ടികളിൽ 12-16 മാസത്തിനിടയിൽ ആദ്യ കുത്തിവെപ്പും 4-6 വയസിനിടയിൽ രണ്ടാം കുത്തിവെപ്പും നൽകും.

∙ മുതിർന്നവരിൽ രണ്ടു കുത്തിവെപ്പുകൾ ഒരു മാസം ഇടയിട്ടു നൽകാം.

രണ്ടു കുത്തിവെപ്പും എടുക്കുന്നവരിൽ അസുഖം വരാനുള്ള സാധ്യത തീരെയില്ല. ചെറിയ ഒരു ശതമാനം പേരില്‍ രോഗം വന്നാല്‍ പോലും അതില്‍ ഗുരുതരാവസ്ഥയിലെത്താന്‍ സാധ്യതയില്ല. ഒറ്റ കുത്തിവെപ്പ് എടുക്കുന്നവരില്‍ ഏകദേശം 85-90 ശതമാനം സംരക്ഷണവും, രണ്ടു കുത്തിവെപ്പും എടുത്തവരില്‍ 100 ശതമാനത്തിനടുത്ത് സംരക്ഷണവുമുണ്ട്.

7. വാക്സിൻ എടുക്കാൻപാടില്ലാത്തത് എപ്പോഴൊക്കെ?

∙ മുന്‍പ് ചിക്കന്‍പോക്സ് വാക്സിനോട് അല്ലര്‍ജി ഉണ്ടായിട്ടുള്ളവര്‍.

∙ HIV അണുബാധ ഉള്ളവർ.

∙ രോഗപ്രതിരോധം കുറക്കുന്ന അസുഖങ്ങൾ ഉള്ളവർ.

∙ രോഗപ്രതിരോധം കുറക്കുന്ന മരുന്നുകൾ കഴിക്കുന്നവർ.

∙ ഗർഭിണികൾ /മൂന്നു മാസത്തിനുള്ളില്‍ ഗർഭം ധരിക്കാൻ പ്ലാൻ ചെയ്യുന്നവർ.

∙ കാന്‍സര്‍ രോഗത്തിന് റേഡിയേഷന്‍/കീമോ ചികിത്സ എടുക്കുന്നവര്‍.

8. കുത്തിവെപ്പിന്‍റെ പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയാണ്?

കുത്തിവെപ്പ് എടുത്ത ഭാഗത്ത്‌ തടിപ്പും വേദനയും ചിലരില്‍ ഉണ്ടാകാറുണ്ട്. ചിലരില്‍ രണ്ടാമത്തെ ആഴ്ചയില്‍ ചെറിയ പനിയും ശരീരത്തില്‍ അവിടിവിടെയായി 10ല്‍ താഴെ കുമിളകളും വരാം. അത് തനിയെ അപ്രത്യക്ഷമാകും. കുത്തിവെപ്പ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ ലക്ഷണമാണ് അത്. ഏതു മരുന്നിനും ഉള്ളതുപോലെ അലര്‍ജി സാധ്യതയാണ് മറ്റൊന്ന് (സാധ്യത വിരളമാണ്). കടുത്ത പനിയും അതുമൂലം ജന്നിവരാനുള്ള സാധ്യതയും വളരെ വിരളമാണ്.

9. പ്രതിരോധം ഇല്ലാത്ത ഒരാള്‍ക്ക് രോഗാണുവുമായി സംസര്‍ഗ്ഗം ഉണ്ടായാല്‍ എന്ത് ചെയ്യണം?

വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് ഇത്. ഞങ്ങള്‍ എന്ത് ചികിത്സയെടുക്കണമെന്ന്. ആദ്യമേ തന്നെ രോഗം വന്നയാളെ ഡോക്ടറെ കാണിച്ചു മരുന്ന് തുടങ്ങണം. മരുന്ന് കഴിച്ചു തുടങ്ങുന്നതോടെ രോഗപ്പകര്‍ച്ച സാധ്യത കുറയുന്നു.

പ്രതിരോധ മാര്‍ഗ്ഗങ്ങൾ:

∙ വാക്സിന്‍: രോഗം വരുന്നത് സാധ്യതകള്‍ തടയാനായി ഉപയോഗിക്കാം. 

രോഗിയോട് സംസര്‍ഗ്ഗം ഉണ്ടായ ഉടനെ ആണെങ്കില്‍ മാത്രമേ ഇത് രോഗം തടയാന്‍ പ്രാപ്തമാവൂ എന്നത് ഓര്‍ക്കണം. ആദ്യ 3-5 ദിവസങ്ങളില്‍ എടുത്താല്‍ രോഗം വരാനുള്ള സാധ്യത നല്ലതുപോലെ കുറയും. രോഗം വന്നാലും അതുമൂലം തലച്ചോറിലും ശ്വാസകോശത്തിലും അണുബാധ പോലെയുള്ള ഗുരുതരാവസ്ഥ തടയാന്‍ വാക്സിന്‍ പ്രയോജനം ചെയ്യും എന്നാണു പഠനങ്ങള്‍ തെളിയിക്കുന്നത്. വളരെ വേഗത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിരോധം പടുത്തുയര്‍‍ത്താനുള്ള വാക്സിന്‍റെ കഴിവുമൂലമാണ് ഇത് സാധ്യമാകുന്നത്.

∙ ചിക്കന്‍പോക്സ് ഇമ്മ്യുണോഗ്ലോബുലിന്‍: വൈറസിനെ നശിപ്പിക്കുന്ന antibody കൃത്രിമമായി ഉണ്ടാക്കി ഉപയോഗിക്കുന്നതാണ് ഈ രീതി. വാക്സിന്‍ എടുക്കാന്‍ സാധിക്കാത്ത ആരോഗ്യസ്ഥിതി ഉള്ളവര്‍ക്കും, പെട്ടെന്നുള്ള സംരക്ഷണം വേണ്ടവര്‍ക്കും ഈ കുത്തിവെപ്പ് എടുക്കാം. പക്ഷേ വില കൂടുതലാണ്.

Read More : ആരോഗ്യവാർത്തകൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.