Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊട്ടാസ്യം കുറഞ്ഞാൽ?

potassium

ശരീരത്തിലെ മൊത്തം പൊട്ടസ്യത്തിന്റെ 90 ശതമാനവും കോശങ്ങൾക്കകത്തുള്ള ദ്രാവകത്തിലാണ്. ഹൃദയവും തലച്ചോറും കരളും ധമനികളും ഉൾപ്പെടുന്ന എല്ലാ പ്രധാന അവയവകോശങ്ങളിലും പൊട്ടാസ്യം സന്തുലനം നിർണായകമാണ്. അതുകൊണ്ട് ത‍െന്ന പൊട്ടാസ്യം കൂടിയാലും കുറഞ്ഞാലും അതീവ ഗുരുതരമായി മാറാം. കൂടുന്നതും കുറയുന്നതും ഹൃദയത്തിന്റെ പ്രവർത്തനത്തെ ഗുരുതരമ‍ായി ബാധിക്കും. മരണം വരെ സംഭവിക്കാം. രക്ത പരിശോധനയിൽ സിറം പൊട്ടാസ്യം 3.5 മുതൽ 5.3 mmpl/L വരെ ആയിരിക്കുന്നതാണ് സാധാരണ (നോർമൽ) നില. 

ശരീരത്തിലെ പൊട്ടാസ്യം സന്തുലനം നില നിർത്തുന്നതിനാൽ വലിയ പങ്കും വൃക്കകൾക്കാണുള്ളത്. അതിനാൽ വൃക്ക രോഗികളിലാണ് പൊട്ടാസ്യം അസുന്തലനം കൂടുതൽ കാണുക. ഛർദി, വയറിളക്ക രോഗങ്ങൾ ഉള്ളവരിലും പൊട്ടാസ്യം അസന്തുലനം വരാം. രക്ത പരിശോധയ്ക്കു പുറമേ ഇസിജി വ‍‍്യതിയാനം നേ‍ാക്കിയും പൊട്ടാസ്യം കൂടുന്നതും കൃത്യമായി അറിയാനാകും. കാരണം പൊട്ടാസ്യം ഹൃദയത്തിന്റെ പ്രവർത്തനത്തെ അത്രമാത്രം നേരിട്ട് ബാധിക്കുന്നുണ്ട്. 

പൊട്ടാസ്യം കുറഞ്ഞാൽ 

രക്തത്തിലെ സിറം പൊട്ടാസ്യം നില 3.5 mmpl/L –ൽ കുറയുന്ന അവസ്ഥായാണ് ഹൈപ്പോകലീമിയ (Haponatreemia), പൊട്ടാസ്യം 2.5 mmpl/L –ൽ അവസ്ഥ അതീവ ഗുരുതരമാണ്. പൂർണാരോഗ്യമുള്ളവരിൽ‌ പൊട്ടാസ്യം അല്പം കുറയുന്നത് കാര്യമായ പ്രശ്നമാകാറില്ല. എന്നാൽ രക്താതിസമ്മർദം, ഹൃദയരോഗങ്ങൾ, സിറോസിസ് പോലുള്ളകരൾ രോഗങ്ങൾ തുടങ്ങിയവ ഉള്ളവരിൽ മാരകമായി മാറാം. ഇത്തരം രോഗികളിൽ ഹൃദയതാളപ്പിഴയുണ്ടാക്കുന്ന കാർഡിയാക് അരിത്മിയ സംഭവിച്ച് മരണത്തിലേക്ക് പോകാം. സിറോസിസ് രോഗികളിൽ ഹെപ്പാറ്റിക് കോമ എന്ന അതീവ ഗുരുതരാവസ്ഥയും വരാം. 

Read More : യൂറിക് ആസിഡ് കൂടിയാൽ?

ഹൃദയ പേശ‍ീ കോശങ്ങളിൽ വരുന്ന പൊട്ടാസ്യത്തിന്റെ കുറവ് ഹൃദയത്തിലെ സ്വാഭാവിക വൈദ്യുത സ്പന്ദനങ്ങളെ തകിടം മറിച്ചു കളയും. അത് ടാക്കികാർഡിയ, ബ്രാഡികാർഡിയ, ഫിബ്രിലേഷൻ, ഹൃദയമിടിപ്പിലെ  അപാകത മുതൽ ചിലപ്പോൾ ഹൃദയാഘാതം തന്നെ വരുത്താം. അതിനാലാണ് പൊട്ടാസ്യം നില മൂന്നിൽ താഴെയാണങ്കിൽ നിർബന്ധമായി ഇ സി ജി പരിശോധന നടത്തണമെന്ന് പറയുന്നത്. 

നേരിയ തോതിൽ പൊട്ടാസ്യം കുറയുന്നത് കാര്യമായ ലക്ഷണം കാണിക്കില്ല. ക്ഷീണവും ബലക്കുറവുമായിരിക്കും ആദ്യ സൂചനകൾ. എന്നാൽ പൊട്ടാസ്യത്തിന്റെ കുറവ് തീവ്രമാകുന്നതിനനുസരിച്ച് ഹൃദത്തിലുണ്ടാകുന്ന തകരാറ് ഹൃദയസ്തഭനം വരെ നീളാം. 

പേശികളുടെ ബലക്കുറവ്, സ്നായുക്കളുടെ പ്രതികരണമില്ലായ്മ, ഒാക്കാനം, ഛർദി, മലബന്ധം, ശ്വസനത്തകരാറുകൾ, ചിന്താക്കുഴപ്പം, ഒാർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും കാണിക്കാം. ശരീരം തളർന്നുപോകുന്ന അവസ്ഥയും (പരാലിസിസ്)വരാം. 

ഡൈയൂറിറ്റിക്സ് മരുന്നകൾ (തയാസൈഡ് ഡൈയൂറിറ്റിക്സ്) ഉപയോഗിക്കുന്ന വൃക്കരോഗികളിൽ സോഡിയം കുറവ് പൊതുവെകാണാറുണ്ട് ഉയർന്ന അളവിൽ ഇൻസുലിൻ വേണ്ടി വരുന്ന പ്രമേഹരോഗികൾക്കും പൊട്ടാസ്യം കുറഞ്ഞു പോകാനിടയുണ്ട്. ചിലതരം ആന്റി സൈക്കോട്ടിക്ക് മരുന്നുകൾ, കോർട്ടിക്കോ സ്റ്റിറോയിഡുകൾ, മലശോധന സുഗമമാക്കാനുളള ലാക്സേറ്റീവ് മരുന്നുകളുടെ അമിതോപയോഗം എന്നിവയൊക്കെ ഹൈപ്പോക്കലീമിയ വരുത്താം ഈ മരുന്നുകളിൽ മിക്കതും മൂത്രത്തിന്റെ തോതും അതിലൂടെ പൊട്ടാസ്യം നഷ്ടപ്പെടുന്നതിന്റെ തോതും വർധിപ്പിക്കുന്നതാണ് പ്രശ്ന കാരണം.

Read More : രക്തത്തിൽ സോഡിയം കുറഞ്ഞ‍ാൽ?

പൊട്ടാസ്യം കുറയ‍ുന്നവരിൽ മഗ്നീഷ്യം കുറയാനുള്ള സാധ്യത കൂടിയുണ്ട്. അതിനാൽ അതും പരിശോധിക്കേണ്ടിവരും. 

പൊട്ടാസ്യം കുറയാനിടയാകുന്ന മരുന്നും മറ്റും നിർത്തി സുരക്ഷിതമായ മരുന്നുകളിലേക്കു മാറുകയെന്നതാണ് ചികിത്സയുടെ ആദ്യപടി പൊട്ടാസ്യം നഷ്ടപ്പെടുന്നത് തടയ‍ുകയാണ് ചികിത്സയിൽ ചെയ്യുന്നത്. എന്നാൽ അത്യാഹിത വിഭാഗത്തിൽ ഗുരുതരാവസ്ഥയിലെത്തുന്ന രോഗിക്ക‍് ജീവൻ രക്ഷിച്ച ശേഷമായിരിക്കും മറ്റു ചികിത്സകളിലേക്കു കടക്കുക. പൊട്ടാസ്യം ക്ലോറൈഡ് നൽകുന്നതാണ് ചികിത്സയിലെ പ്രധാന നടപടി. വൃക്ക ധമനിയിലെ ചുരുക്കം, അഡ്രിനൽ അഡിനോമ തുടങ്ങിയ ചില കാരണങ്ങൾക്ക് ശസ്ത്രക്രിയ വേണ്ടി വരാം. 

പൊട്ടാസ്യം കൂടിയാൽ 

കഴിക്കുന്ന മരുന്നുകളുടെയോ മറ്റേതെങ്കിലും രോഗത്തിന്റെയോ ഫലമായാണ് പലപ്പോഴും പൊട്ടാസ്യം നില ഉയരുന്നത്. പൊട്ടാസ്യത്തിന്റെ നില 5.3mmpl/L  എന്ന നിലയിൽ നിന്നും കൂടുന്ന അവസ്ഥയാണ്ഹൈപ്പർകലീമിയ. സിറം പൊട്ടാസ്യം നില ഏഴിൽ അധികമാകുന്നത് അതീവ ഗുരുതരാവസ്ഥയാണ്. പൊട്ടാസ്യം നില 5.4 കഴിയുമ്പോൾ ഇസിജിയിൽ മാറ്റങ്ങൾ കാണിക്കാൻ തുടങ്ങും. 

പൊട്ടാസ്യം കുറയുന്നതിനു സമാനമായ ലക്ഷണങ്ങൾ തന്നെയാണ് ഹൈപ്പർ കലീമിയയിലും കാണുക. ഹൃദയമിടിപ്പിലെ അപാകതയും ശ്രദ്ധയിൽപെടാം. 

വൃക്ക രോഗം ഉറപ്പാക്കണം

ഹൈപ്പർ കലീമിയ കണ്ടാൽ വൃക്കരോഗം ഉണ്ടായിരുന്നോയെന്ന് ഉറപ്പാക്കണം. ക്രമേണയുള്ള വൃക്കപരാജയം പൊട്ടാസ്യം ഉയരുവാനുള്ള പ്രധാന കാരണമാണ്. പൊട്ടാസ്യം കൂടുതലുള്ള ഭക്ഷണ പദാർഥങ്ങൾ പത‍ിവായി അമിതമായി കഴിക്കുന്നത് ചിലരിൽ പൊട്ടാസ്യം അളവ് ഉയർത്താൻ കാരണമാകും. ഉണക്കിയ പഴങ്ങൾ, നട്സ്, ഏത്തപ്പഴം ധാന്യങ്ങളുടെ തവിട് എന്നിവയാണ് അവയിൽ പ്രധാനം അവയാണ് കാരണമെങ്കിൽ ഭക്ഷണത്തിൽ മാറ്റം വരുത്തുന്നതിലൂടെ തന്നെ നേരിയ തോതിലുള്ള ഹൈപ്പർകലീമിയ മാറും. 

ACE- ഇൻഹിബിറ്റേഴ്സ്, NSAID, െഹപ്പാറിൻ, അമിലോറൈഡ് തുടങ്ങിയ മരുന്നുകൾ പൊട്ടാസ്യം കൂടാൻ കാരണമാകാറുണ്ട്. വൃക്കരോഗികളില്ലാത്തവരിൽ പൊട്ടാസ്യം കൂടുന്നതിന്റെ നല്ലൊരു പങ്കും മരുന്നുകൾക്കുണ്ട്. ഉയർന്നു നിൽക്കുന്നവരിൽ അത്യാഹിത വിഭാഗത്തിലെ അടിയന്തിര ചികിത്സ തന്നെ വേണം. അടിയന്തിര ഡയാലിസിസിനു വിധേയമാക്കി പൊട്ടാസ്യം അളവു കുറച്ചാൽ രോഗിയുടെ ജീവൻ രക്ഷിക്കാം. പ്രത്യേകിച്ച് വൃക്ക പരാജയം സംഭവിച്ചവരിൽ‌.

Read More : Health News