Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക് ഉപയോഗവും ഓട്ടിസവും

autism

സമൂഹമാധ്യമങ്ങൾ അമിതമായി ഉപയോഗിച്ചാൽ അത് ശാരീരികവും മാനസികവുമായ അനാരോഗ്യത്തിനു കാരണമാകും. എന്നാൽ ഫെയ്സ്ബുക് ഉപയോഗം ഓട്ടിസം ബാധിച്ചവരെ സന്തോഷമുള്ളവരാക്കും എന്നു പഠനം പറയുന്നു. സൗഖ്യമേകുന്നതോടൊപ്പം വിഷാദം പോലുള്ള മാനസികാവസ്ഥകൾ വരാതിരിക്കാനും മിതമായ ഫെയ്സ്ബുക് ഉപയോഗത്തിനു സാധിക്കുമത്രെ.

ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ബാധിച്ചവർക്ക് ഫെയ്സ്ബുക്കിലൂടെ മറ്റുള്ളവരോട് ഇടപെടുമ്പോൾ നേരിട്ട് ആളുകളെ മുഖാമുഖം കണ്ടു സംസാരിക്കുന്നതിനേക്കാൾ വിഷാദം ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണമേകുമെന്ന് കലിഫോർണിയയിലെ ഫീൽഡിങ് ഗ്രാഡുവേറ്റ് സർവകലാശാലയിലെ ഡെബോറ വാർഡ് പറയുന്നു,

ഓട്ടിസം ബാധിച്ചവർക്ക് മുഖത്തോടു മുഖം നോക്കിയുള്ള ഇടപെടലിന് പ്രയാസം ഉണ്ട്. ചിന്തകളും വികാരങ്ങളും എല്ലാം മനസ്സിലാക്കാനും പെട്ടെന്ന് പ്രതികരിക്കാനും അവർക്ക് കഴിയില്ല. ഓട്ടിസം ബാധിച്ചവർക്ക് സാമൂഹ്യമായ ഇടപെടലുകളോട് താൽപ്പര്യം ഇല്ല എന്നു തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഓട്ടിസം ബാധിച്ച നിരവധി ആളുകൾ സൗഹൃദം ആഗ്രഹിക്കുന്നവരും ഏകാന്തത അനുഭവിക്കുന്നവരുമാണ്. ഇവർക്ക് സമൂഹമാധ്യമങ്ങൾ സാമൂഹ്യ ബന്ധങ്ങൾക്കുള്ള ഒരു പ്ലാറ്റ്ഫോം ആയി മാറുന്നു. ആലോചിച്ച് പ്രതികരിക്കാനും വാക്കുകളും ഇമോട്ടിക്കോണുകളും ഉപയോഗിക്കാനും കൂടുതൽ സമയം ലഭിക്കുന്നു.

ഓട്ടിസം ബാധിച്ച 106 പേരിലാണ് പഠനം നടത്തിയത്. ഇവർ ഫെയ്സ്ബുക്, ട്വിറ്റർ എന്നിവ ദിവസം ശരാശരി 2.3 മണിക്കൂറും രണ്ടും കൂടി ദിവസം ശരാശരി 4.5 മണിക്കൂറും ഉപയോഗിച്ചു. ഫെയ്സ്ബുക് ഉപയോഗിച്ചവരില്‍ 50 ശതമാനം പേരും ഫെയ്സ്ബുക് ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് സന്തുഷ്ടരാണെന്നു കണ്ടു. സൈബർ സൈക്കോളജി ബിഹേവിയർ ആൻഡ് സോഷ്യൽ നെറ്റ്‌വർക്കിങ് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

ഓട്ടിസം ബാധിച്ചവരിൽ വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങൾ സാധാരണയാണ്. ഇവരിൽ ഫെയ്സ്ബുക് ഉപയോഗത്തിന്റെ ഫലങ്ങളെക്കുറിച്ച് മനസിലാക്കാൻ പഠനങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു.

Read More: ആരോഗ്യവാർത്തകൾ