Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കാനിങ്ങിനിടെ ഇനി എന്തും ചെയ്യാം; ബ്രെയ്ൻ സ്കാനറുമായി ഗവേഷകർ

brain-scaner

സ്കാനിങ്ങിനിടെ ഒരു ചായ കുടിക്കണമെന്നു തോന്നിയാലോ? കുറച്ചു കൂടെ കടന്നു ചിന്തിച്ചാൽ ഒന്നു ടേബിൾ ടെന്നീസ് കളിക്കണം എന്ന് ആഗ്രഹം തോന്നിയാലോ? ഈ ആഗ്രഹങ്ങളൊക്കെ സാധിക്കുന്ന കാലം വിദൂരമല്ല.

കാരണം ഹെൽമറ്റ് പോലെ ധരിക്കാവുന്ന ബ്രെയ്ൻ സ്കാനർ ബ്രിട്ടീഷ് ശാസ്ത്രജ്ഞർ വികസിപ്പിച്ചു. ഇത് വച്ചു കൊണ്ട് രോഗിക്ക് സ്വാഭാവികമായി യഥേഷ്ടം സഞ്ചരിക്കാൻ സാധിക്കും. ഭാരം കുറഞ്ഞ എന്നാൽ വളരെയധികം സെൻസിറ്റീവ് ആയ ഈ ബ്രെയിന്‍ ഇമേജിങ് ഡിവൈസ് ധരിച്ചു കൊണ്ട് തലയാട്ടാനും ചായ കുടിക്കാനും എന്തിനേറെ ടെബിൾ ടെന്നീസ് കളിക്കാൻ വരെ സാധിക്കും എന്നാണ് ഗവേഷകർ പറയുന്നത്. ഈ സമയം അവരുടെ തലച്ചോറിന്റെ പ്രവർത്തനം, മാഗ്‌നറ്റോ എൻസെഫലോഗ്രഫി (MEG) ഉപയോഗിച്ച് റെക്കോർഡ് ചെയ്യപ്പെടുകയായിരിക്കും.

സാധാരണ ഉപയോഗിക്കുന്ന, ഒരിടത്ത് ഉറപ്പിച്ചിരിക്കുന്ന എം ഇജി സ്കാനർ ഉപയോഗിക്കാൻ സാധിക്കാത്ത രോഗികളിൽ, അതായത് ചുഴലി രോഗം (epilepsy) ബാധിച്ച കുട്ടികളിലും പാർക്കിൻസൺ രോഗികളിലും നടത്തുന്ന ചികിത്സയും ഗവേഷണങ്ങളും മെച്ചപ്പെടുത്താൻ ഈ പുതിയ സ്കാനർ സഹായിക്കും എന്ന് നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ബ്രെയ്ൻ ഇമേജിങ് മേഖലയിൽ വിപ്ലവകരമായ മാറ്റം വരുത്താൻ ഈ കണ്ടുപിടിത്തത്തിനാവുമെന്ന് യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ പ്രൊഫസറും പഠനത്തിനു നേതൃത്വം നൽകിയവരിലൊരാളുമായ ഗരേത് ബാൺസ് പറയുന്നു.

ഇന്ന് നിലവിലുള്ള എം ഇ ജി സ്കാനറുകളെല്ലാം സങ്കീർണവും അര ടണ്ണോളം ഭാരമുള്ളതുമാണ്. തലച്ചോറിന്റെ മാഗ്‌നറ്റിക് ഫീൽഡ് അളക്കാൻ ഉപയോഗിക്കുന്ന സെൻസറുകൾ ആകട്ടെ വളരെ താഴ്ന്ന താപനിലയില്‍ അതായത് മൈനസ് 269 ഡിഗ്രി സെൽഷ്യസിൽ ആണ് സൂക്ഷിക്കേണ്ടത്. അനങ്ങാതെ നിൽക്കാൻ രോഗികൾക്കു സാധിക്കാതെ വരുന്ന സന്ദർഭങ്ങളിൽ ഇത് പ്രവർത്തിപ്പിക്കാൻ വളരെ പ്രയാസവുമാണ്. വെറും 5 മില്ലി മീറ്റർ ചലിച്ചാൽ പോലും ഇമേജ് ഉപയോഗ ശൂന്യമായി പോകും എന്നതിനാൽ ചെറിയ കുട്ടികൾക്കും ചലനപ്രശ്നങ്ങളുള്ള രോഗികൾക്കും സ്കാനിങ് പ്രയാസകരമാവും.

ഹെൽമറ്റ് സ്കാനറിൽ ക്വാണ്ടം സെൻസർ ഉപയോഗിക്കുക വഴിയാണ് ഈ പ്രശ്നങ്ങളെയെല്ലാം ഗവേഷകർ മറികടന്നത്. ഇവ ലൈറ്റ് വെയ്റ്റ് ആണെന്നു മാത്രമല്ല റൂം ടെംപറേച്ചറിൽ വയ്ക്കാവുന്നതുമാണ്. ഇത് അവയ്ക്ക് പിടിച്ചെടുക്കാവുന്ന സിഗ്‌നലുകളുടെ അളവും കൂട്ടും.

ദൈനംദിന ജോലികൾക്കിടയിലും സാമൂഹ്യ ഇടപെടലുകൾ നടത്തുമ്പോഴും ആളുകളുടെ തലച്ചോറിന്റെ പ്രവർത്തനം അളക്കാൻ സാധ്യത തുറന്നിടുകയാണ് ഈ ഹെൽമറ്റ് സ്കാനർ. ആരോഗ്യമുള്ള തലച്ചോറിന്റെ പ്രവർത്തനം മാത്രമല്ല, നാഡീസംബന്ധമായതും നാഡീവൈകല്യമുള്ളതും വ്യത്യസ്ത മാനസികാരോഗാവസ്ഥ ഉള്ളവരിലും തലച്ചോറിന്റെ പ്രവർത്തനം മനസിലാക്കാനുള്ള കഴിവും ഈ സ്കാനറിനുണ്ടെന്ന് ബാൺസിനൊപ്പം പ്രവർത്തിച്ച മാറ്റ് ബ്രൂക്ക്സ് പറയുന്നു.

Read More : ആരോഗ്യവാർത്തകൾ