Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്യൂബുകളിട്ട ഈ പിഞ്ചുകുഞ്ഞിനെ അച്ഛൻ നെഞ്ചിൽ കിടത്തിയതെന്തിന്?

kangaroo-mother-care

അച്ഛനായാൽ ഇങ്ങനെ വേണം. മാസം തികയാതെ ജനിച്ച കുഞ്ഞിന് ജീവവായു നൽകാൻ സ്വന്തം നെഞ്ചു തുളച്ച് ശ്വാസം നൽകുന്ന അച്ഛൻ എന്നു പറഞ്ഞ് കഴിഞ്ഞ ദിവസം ഒരു വാർത്ത പ്രത്യക്ഷപ്പെട്ടു. കണ്ടവരൊക്കെ ആ അച്ഛനെ വാനോളം പുകഴ്ത്തി അതു ഷെയർ ചെയ്യുകയും ചെയ്തു. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ അടക്കമുള്ളവർ ചിത്രം ഷെയർ ചെയ്തിരുന്നു. എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്തായിരുന്നു. ഈ പറഞ്ഞതുപോലെ അച്ഛന്റെ നെഞ്ചു തുളയ്ക്കുകയായിരുന്നോ? ഇവിടെ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല കേട്ടോ. കാംഗരൂ മദർ കെയർ എന്ന പരിചരണ രീതി മാത്രമാണ് ഇത്. ഈ പരിചരണരീതിയെക്കുറിച്ച് ഇൻഫോക്ലിനിക്കിൽ ഡോ. മനു മുരളീധരൻ, ഡോ. മോഹൻദാസ് നായർ, ഡോ. നെൽസൺ ജോസഫ്, ഡോ. പി എസ് ജിനേഷ് എന്നിവർ എഴുതിയത് വായിക്കാം

ഈ ദിവസങ്ങളിൽ ചില ഫേസ്ബുക്ക് പോസ്റ്റുകളിലും മാധ്യമങ്ങളിലും പ്രചാരത്തിലുള്ള ഒരു ചിത്രം: കേവലം ഒരു ചാൺ മാത്രം വലിപ്പമുള്ള ഒരു പിഞ്ചുകുഞ്ഞ്; മാസം തികയാതെ, ഭാരക്കുറവോടെ ജനിച്ചതാണെന്നു വ്യക്തം. അച്ഛനാവണം, ഒരു മനുഷ്യന്റെ നെഞ്ചിൽ കമിഴ്ന്നുകിടക്കുന്നു. കുഞ്ഞിന്റെ മുഖത്തുനിന്നും രണ്ടു ട്യൂബുകൾ അയാളുടെ വലതുതോളിനു മുകളിലൂടെ പിന്നോട്ടു പോകുന്നു. മൂത്രം പോകാനുള്ള കത്തീറ്ററും, വലത്തുകാലിൽ ഒരു സെൻസറും ഘടിപ്പിച്ചിരിക്കുന്നത് കാണാം.

"അച്ഛന്റെ നെഞ്ച് തുളച്ച് മകൾക്ക് ശ്വാസം.." ഇതാണ് പോസ്റ്റിൽ തലക്കെട്ട്. ഇതിൽ എത്രത്തോളം സത്യമുണ്ട്? ഒന്നു പരിശോധിക്കാം.

മേൽപ്പറഞ്ഞ 'അച്ഛൻ ശ്വാസം കൊടുക്കുന്നു' എന്ന വാചകം അസംബന്ധം മാത്രം. അങ്ങനെ ഒരു ചികിത്സാവിധി ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല.

നെഞ്ചിനുള്ളിൽ എന്തൊക്കെയുണ്ട് എന്ന് നോക്കാം. വാരിയെല്ലുകൾ, നെഞ്ചെല്ല്, നട്ടെല്ല് എന്നീ എല്ലുകളാലും അടിയിൽ ഡയഫ്രം എന്ന മാംസപേശിയാലും ചുറ്റപ്പെട്ട ഒരു അറയാണ് നെഞ്ച്. അതിൽ രണ്ടുവശത്തും ഓരോ ശ്വാസകോശവും നടുക്ക് ഇടതു മാറി ഹൃദയവും ഉണ്ട്. ശ്വാസകോശത്തെ ലളിതമായി ഒരു ബലൂൺ എന്ന് കരുതുക. ശ്വാസകോശത്തിന് ഉള്ളിൽ മാത്രമേ വായു കടക്കുന്നുള്ളൂ. അതായത് ഓക്സിജൻ ഉള്ളത് ശ്വാസകോശത്തിന് ഉള്ളിലാണ്, ശ്വാസകോശത്തിന് ഉള്ളിലെ ആൽവിയോലസുകൾക്കുള്ളിൽ. ചിത്രത്തിൽ കാണുന്നതുപോലെ കുട്ടിയെ നെഞ്ചോട് ചേർത്ത് പരിപാലിച്ചാൽ ശ്വാസകോശത്തിൽ ഉള്ള ഓക്സിജൻ കുട്ടിക്ക് ലഭിക്കില്ല എന്നത് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമല്ല.

എന്നാൽ, ആ കുറിപ്പിനോടൊപ്പമുള്ള ചിത്രം: അത് തികച്ചും യഥാർഥ്യമാണ്. മാസം തികയാതെ ജനിച്ചതിനാലും, ഭാരക്കുറവിനാലും, വെന്റിലേറ്ററിന്റെ സഹായത്താൽ ശ്വസിക്കുന്ന ഒരു കുഞ്ഞ്; അതിനെ സ്വന്തം നെഞ്ചിലേറ്റി പരിചരിക്കുന്ന ഒരു പുരുഷൻ; ഇവരാണ് ചിത്രത്തിൽ. 'കംഗാരൂ കെയർ' അഥവാ 'കംഗാരൂ മദർ കെയർ' (KMC) എന്ന പേരിൽ പ്രചാരത്തിലുള്ള ഒരു പരിചരണരീതിയാണ് ഇത്.

നവജാതശിശുക്കളുടെ ആരോഗ്യകരമായ നിലനിൽപ്പിന്, ശ്വസനം, രക്തചംക്രമണം എന്നിവയ്ക്കൊപ്പം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ശരീരോഷ്മാവ്. ശരീരഭാരം കുറഞ്ഞും, മാസം തികയാതെയും (37 ആഴ്ചകൾക്കുമുൻപ്) ജനിക്കുന്ന ശിശുക്കളിൽ, ശരീരോഷ്മാവ് നിശ്ചിത അളവിൽ ക്രമീകരിക്കുന്നത് അവരുടെ ദീർഘകാല അതിജീവനത്തിന് അത്യന്താപേക്ഷിതമാണെന്നത് ശാസ്ത്രസത്യമാണ്. ഇതിനായി കൃത്രിമമായി ചൂട് നൽകുന്ന ഇൻക്യുബേറ്റർ പോലെയുള്ള ഉപകരണങ്ങൾ വളരെ നാളായി ഉപയോഗത്തിലുണ്ട്. എന്നാൽ വികസ്വര രാജ്യങ്ങളിൽ, ആരോഗ്യമേഖലയിലെ ചുരുങ്ങിയ ചുറ്റുപാടിൽ എല്ലാ കുഞ്ഞുങ്ങൾക്കും മേൽപ്പറഞ്ഞ രീതിയിലെ പരിചരണം ലഭ്യമാക്കുക പ്രായോഗികമായിരുന്നില്ല.

1970-കളിൽ കൊളംബിയയിലാണ് 'skin to skin care' എന്ന രീതി ആദ്യമായി പരീക്ഷിക്കപ്പെട്ടത്. ഇൻക്യുബേറ്ററുകളുടെ ദൗർലഭ്യവും, അന്നത്തെ ആശുപത്രികളിലെ വൻതിരക്കുമൂലമുള്ള അണുബാധയുമാണ് ഈ കണ്ടുപിടിത്തതിന് ഇടയാക്കിയത് എന്നു പറയാം. ക്രമേണ ഇതിനു പ്രചാരമേറുകയും 1996-ൽ ഇറ്റലിയിൽ നടന്ന ആദ്യ അന്താരാഷ്ട്ര ശിൽപ്പശാലയിൽ 'കംഗാരൂ മദർ കെയർ' എന്ന പേര് ആദ്യമായി അംഗീകരിക്കപ്പെടുകയും ചെയ്തു.

ഏറ്റവും നിരാലംബരായി പിറക്കുന്ന കുഞ്ഞ് മനുഷ്യന്റെതാണ് എന്ന് പൊതുവെ പറയാറുണ്ട്. ഒന്നു പറക്കമുറ്റാൻ നാളുകളെത്ര കഴിയണം!!! എന്നാൽ അതിനെക്കാൾ കഷ്ടമാണ് കംഗാരുവിന്റെത്. മുതിർന്ന കംഗാരുവിന്റെ വലിപ്പവുമായി തട്ടിച്ചു നോക്കുമ്പോൾ വളരെ വളരെ ചെറുതാണ് കുഞ്ഞ്. അതിനെ വലുതാക്കി എടുക്കുക ഒട്ടും എളുപ്പമല്ല. ലഭിക്കുന്ന മുലപ്പാലിൽ നിന്നുമുള്ള ഊർജ്ജത്തിന്റെ ഏറിയ പങ്കും ചെലവഴിക്കേണ്ടുന്നത് ശരീരോഷ്മാവ് നിലനിർത്താനാണ്. അത് കഴിഞ്ഞ് വല്ലതുമുണ്ടെങ്കിലേ തൂക്കം കൂടാൻ ഉപയോഗപ്പെടുത്താനാവൂ. കുഞ്ഞിനെ വയറിലുള്ള സഞ്ചിയിൽ നിക്ഷേപിച്ച് പരിപാലിക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ കംഗാരുവിന് കഴിയുന്നു

അമ്മ കംഗാരുവിന്റെ ശരീരോഷ്മാവ് കുഞ്ഞിന് അതേപടി പകർന്നു കിട്ടുന്നതിനാൽ ഊർജ്ജ നഷ്ടം കുറവ്... വേഗത്തിൽ തൂക്കം കൂടി ഓടിച്ചാടി നടക്കാനാവുന്നു...

എന്നാൽ കംഗാരു കുഞ്ഞിനെക്കാൾ എത്രയോ കഷ്ടമാണ് മാസം തികയാതെ, തൂക്കമെത്താതെ ജനിക്കുന്ന മനുഷ്യക്കുഞ്ഞിന്റെ കാര്യം. നവജാതശിശു ICU വിൽ എത്രയേറെ സങ്കീർണ്ണമായ, ലക്ഷങ്ങൾ വിലമതിക്കുന്ന ഉപകരണങ്ങൾ കൊണ്ടുപോലും ഗർഭാശയത്തിനകത്തെ സൗകര്യങ്ങളും, സംരക്ഷണവും ഉറപ്പുവരുത്താനാവില്ല... ജനിച്ചു കഴിഞ്ഞ കുരുന്നിനെ തിരിച്ച് ഗർഭാശയത്തിൽ നിക്ഷേപിക്കുന്ന വഴികളും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഈ പ്രശ്നത്തിനുള്ള ഒരു പോംവഴി എന്ന നിലയ്ക്കാണ് കാംഗരുവിനെ അനുകരിച്ച്, കുഞ്ഞിനെ അമ്മയോട് ഏറ്റവും അടുത്ത്, ഏറ്റവും കൂടുതൽ നേരം കിടത്തുക എന്ന രീതി അവലംബിച്ചു തുടങ്ങിയത്.

നവജാതശിശുവിനെ, മാതാവിനൊപ്പം 'skin to skin contact' അഥവാ രണ്ടുപേരുടെയും ത്വക്കുകൾ ചേർന്നിരിക്കുന്ന വിധത്തിൽ പരിചരിക്കുന്ന രീതിയാണ് KMC. മാതാവിനെപ്പോലെ, പിതാവിനും പരിചരിക്കുന്ന മറ്റാർക്കും ഈ രീതിയിൽ കുഞ്ഞിനെ ശുശ്രൂഷിക്കാം എന്നത് ചിത്രത്തിൽ വ്യക്തമാണ്.

KMC എന്ന രീതിയുടെ പ്രധാന ഘടകങ്ങൾ:

∙ Skin to skin contact അഥവാ കുഞ്ഞിന്റെയും പരിചാരകന്റെയും ത്വക്കുകൾ തമ്മിൽ ചേർന്നിരിക്കുന്ന അവസ്ഥ. 

∙ കുഞ്ഞിന് ആഹാരമായി മുലപ്പാൽ മാത്രം നൽകൽ.

∙ ആശുപത്രിയിൽ വച്ച് ചെയ്തുതുടങ്ങുന്ന KMC, ഡിസ്ചാർജ് ആയി വീട്ടിലെത്തിയാലും തുടരണം. ഇതിനുള്ള മാനസിക പിന്തുണ ആശുപത്രിയിലെന്നപോലെ വീട്ടിലും ലഭ്യമാവണം.

∙ KMC മൂലം, ശരീരഭാരം കുറവുള്ള കുഞ്ഞുങ്ങളെ തീവ്രപരിചരണ വിഭാഗങ്ങളിൽ നിന്നും വേഗം തന്നെ വീടുകളിലേക്ക് മാറ്റാൻ സാധിക്കുന്നു. എന്നിരുന്നാലും, കലാകാലങ്ങളിലുള്ള വൈദ്യപരിശോധനകളും, വീടിനടുത്തുള്ള ആരോഗ്യപ്രവർത്തകരുടെ സഹായവും ഉപദേശങ്ങളും അവശ്യം ഉണ്ടായിരിക്കണം.

KMC യുടെ ഗുണങ്ങൾ:

∙ ശരീരോഷ്മാവിന്റെ പരിപാലനം, അത് ക്രമാതീതമായി താഴ്ന്നുപോകുന്നത് തടയുന്നു.

∙ മുലപ്പാൽ നൽകുന്നത് അനായാസമാക്കുന്നു.

∙ ആശുപത്രിയിൽനിന്ന് വേഗത്തിൽ വീട്ടിലേക്ക് പോകുവാൻ സാധിക്കുന്നു.

∙ അണുബാധ, ശ്വസനത്തിലെ തകരാറുകൾ എന്നിവ കുറയ്ക്കുന്നു.

∙ അമ്മയ്ക്കും (കുഞ്ഞിനും) മനസികസംഘർഷം കുറയ്ക്കുന്നു.

∙ അമ്മയും കുഞ്ഞുമായുള്ള വൈകരികബന്ധം ബാലപ്പെടുത്തുന്നു.

KMC: ആർക്കെല്ലാം?

∙ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിൽ Low birth weight (2.5 kg യിൽ കുറവ് ഭാരമുള്ള) ആയ എല്ലാ കുഞ്ഞുങ്ങൾക്കും KMC നൽകേണ്ടതാണ്. 1.2 kg യിൽ താഴെ ഭാരമുള്ള കുഞ്ഞുങ്ങളിൽ സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാൻ വലിയ സാധ്യതയുണ്ട്. ആയതിനാൽ അവർക്ക് KMC ചെയ്തു തുടങ്ങാൻ ഏതാനം ആഴ്ചകൾ കാത്തിരിക്കണം. 

∙ 1.2kg മുതൽ 1.8 kg വരെ ഭാരമുള്ള കുഞ്ഞുങ്ങളിൽ, അവരുടെ ആദ്യ ദിവസങ്ങളിലെ സങ്കീർണ്ണതകൾ കുറയുന്ന മുറയ്ക്ക്, KMC യിലേക്ക് മാറ്റുവാൻ സാധിക്കും. 

∙ 1.8 kg ക്ക് മുകളിൽ ഭാരമുള്ള കുഞ്ഞുങ്ങൾക്ക് സാധാരണ ജനനത്തിനു ശേഷം അധികം താമസിയാതെ തന്നെ KMC ചെയ്തുതുടങ്ങാം.

∙ വെന്റിലേറ്റർ പോലെയുള്ള സങ്കീർണ്ണമായ ചികിത്സകൾക്കിടയിലും KMC ചെയ്യുവാൻ കഴിയും; അധികം ശ്രദ്ധ നൽകണമെന്നുമാത്രം.

KMC യ്ക്കായുള്ള ഒരുക്കം:

KMC നൽകുന്നത് ആരാണെങ്കിലും അവരുടെ മാനസികമായ തയ്യാറെടുപ്പ് പ്രധാനമാണ്. അതോടൊപ്പം തന്നെ, പിന്തുണ നൽകേണ്ട കുടുംബാംഗങ്ങളും ഇതിനെക്കുറിച്ച് മനസ്സിലാക്കി, ഉണ്ടായേക്കാവുന്ന സംശയങ്ങൾ മാറ്റിയിരിക്കണം. മുൻപ് KMC നൽകിയിട്ടുള്ള മറ്റാരെങ്കിലും സംസാരിക്കുന്നത് ആത്മവിശ്വാസം നൽകും.

മുൻപിൽ തുറക്കാവുന്ന, അയഞ്ഞ ഏതെങ്കിലും വസ്ത്രമാണ് KMC യ്ക്ക് യോജിച്ചത്. ഇന്ന് നാട്ടിൽ കാണുന്ന മുൻപിൽ തുറക്കാവുന്ന നൈറ്റി ഉപയോഗിക്കാം.

കുഞ്ഞിന്റെ തലയിൽ വയ്ക്കാനുള്ള ഒരു തുണിത്തൊപ്പി, കാലുറ, മുൻപിൽ തുറന്ന കുഞ്ഞുടുപ്പ്, അരയിൽ കെട്ടുന്ന തുണി എന്നിവ ഉപയോഗിക്കാം.

KMC യുടെ രീതി:

∙ സൗകര്യപ്രദമായി 45° ചാരിയിരിക്കുന്ന രീതിയാണ് KMC യ്ക്ക് നല്ലത്. എന്നാൽ കസേരയിൽ ഇരുന്നും KMC നൽകാം.

∙ അമ്മയുടെ സ്‌തനങ്ങൾക്കിടയിലായി കുഞ്ഞിനെ കമിഴ്ത്തി കിടത്തുന്നു.

∙ തല ഒരു വശത്തേക്കും അൽപ്പം മുകളിലേക്കും ചരിഞ്ഞിരിക്കാൻ ശ്രദ്ധിക്കണം. ഇത് ശ്വാസനാളം തുറന്നിരിക്കാൻ സഹായിക്കും.

∙ കുഞ്ഞിന്റെ കാലുകൾ 'W' ആകൃതിയിൽ വളഞ്ഞ് അമ്മയുടെ ഉദരഭാഗത്ത് ഇരുവശത്തെക്കുമാണെന്ന് ഉറപ്പുവരുത്തണം. 

∙ കുഞ്ഞിന്റെ അരമുതൽ കീഴോട്ട് വീതിയുള്ള ഒരു തുണികൊണ്ട് അമ്മയോടൊപ്പം ചുറ്റിവയ്ക്കുന്നത് നല്ലതാണ്.

∙ ഇതിനുശേഷം അമ്മയെയും കുഞ്ഞിനെയും ഒരുമിച്ച് മൂടുന്ന രീതിയിലെ വസ്ത്രം ധരിക്കാവുന്നതാണ്. കുഞ്ഞിന്റെ തലഭാഗം മൂടതിരിക്കാൻ ശ്രദ്ധിക്കണം.

∙ KMC ചെയ്യുന്ന സമയം, അമ്മയ്ക്ക് അർഹമായ സ്വകാര്യത ഉറപ്പുവരുത്തണം.

∙ ആദ്യ ദിവസങ്ങളിൽ ആരോഗ്യപ്രവർത്തകർ സമയാസമയങ്ങളിൽ സന്ദർശിക്കുകയും, കുഞ്ഞിന്റെ കഴുത്ത് മടങ്ങിപ്പോകുക പോലെയുള്ള സങ്കീർണ്ണതകൾ പരിശോധിക്കുകയും, അമ്മയ്ക്കുവേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയും വേണം.

KMC എത്ര സമയം നൽകണം?

ഏറ്റവും കുറഞ്ഞത് ഒരു മണിക്കൂർ നേരമെങ്കിലും തുടർച്ചയായി നൽകിയാൽ മാത്രമേ KMC ഫലപ്രദമാവുകയുള്ളൂ. സമയം ക്രമേണ കൂട്ടി, ദിവസേന 24 മണിക്കൂർ ആകാവുന്നതാണ്. അമ്മ അവശ്യകാര്യങ്ങൾക്ക് മാറിനിൽക്കുമ്പോൾ അച്ഛനോ, മറ്റു ബന്ധുക്കൾക്കോ KMC തുടരാം.

പേര് കാംഗരൂ മദർ കെയർ (KMC) എന്നാണെങ്കിലും, ചെയ്യാൻ തയ്യാറുള്ള ആർക്കും ആകാം... പരമാവധി നേരം ചെയ്യേണമെങ്കിൽ അമ്മയ്ക്ക് ഒറ്റക്ക് സാധിച്ചു എന്ന് വരില്ല. ഇരട്ട കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ കുട്ടികളുടെ തൂക്കം കുറയാൻ സാധ്യതയുണ്ട്.

ഇത് ചെയ്യുമ്പോളും അമ്മക്ക് ഉറങ്ങുകയോ, നടക്കുകയോ, വർത്തമാനം പറയുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യാം.

അമ്മക്കും കുഞ്ഞിനും എളുപ്പം ആശുപത്രി വിടാൻ സാധിക്കുന്നതിൽ ഈ രീതി വളരെയേറെ സഹായിച്ചിട്ടുണ്ട്. വേഗത്തിൽ ശരീരഭാരം കൂടുക, കുഞ്ഞിനെ പരിചരിക്കുന്നതിൽ (അൽഭുതപ്പടേണ്ട, തീരെ ഭാരമില്ലാത്ത കുഞ്ഞിനെ തൊടാൻ പോലും മിക്ക അമ്മമാർക്കും പേടിയാണ്) അമ്മക്ക് വേഗത്തിൽ ആത്മവിശ്വാസമുണ്ടാക്കുവാനും ഈ രീതി കൊണ്ട് സാധിക്കുന്നു. അമ്മ കൂടുതൽ മുലപ്പാൽ ചുരത്താനും ഇതുവഴി ഇടവരും.

നമ്മുടെ നാട്ടിൽ വേണ്ടത്ര പ്രചാരത്തിൽ വരാത്ത ശ്രേഷ്ഠമായ ഒരു പരിചരണരീതിയാണ് KMC. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി സർക്കാർ ഇക്കാര്യങ്ങൾക്ക് നൽകുന്ന പ്രാധാന്യം പ്രതീക്ഷയ്ക്കു വക നൽകുന്നു. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെയും ചില സ്വകാര്യ ആശുപത്രികളിലേയും നവജാതശിശു വിഭാഗങ്ങളിൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഈ രീതി അവലംബിക്കുന്നുണ്ട്. നവജാതശിശുക്കളെ പരിചരിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകർക്കും NSSK (നവജാത ശിശു സുരക്ഷാ കാര്യക്രം) പോലെയുള്ള പരിശീലനങ്ങളിൽ KMC പഠിപ്പിക്കുന്നുണ്ട്. വരുംകാലങ്ങളിൽ നവജാതശിശു പരിചരണത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ KMC യ്ക്ക് സാധിക്കും.

Read More : Health Magazine