Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലി സ്ഥലത്തെ ശബ്ദം നിങ്ങളെ ഹൃദ്രോഗിയാക്കും

noise

അതെ കേള്‍ക്കുമ്പോള്‍ ഞെട്ടേണ്ട... എല്ലാ ജോലി സ്ഥലങ്ങലെയുമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ശബ്ദമുഖരിതമായ ചില ജോലിസ്ഥലങ്ങളാണ് ആരോഗ്യം കവരുന്നത്. അമിതമായി ശബ്ദമുഖരിതമായ ജോലിയിടങ്ങളില്‍ പണിയെടുക്കുന്നവര്‍ക്ക് ഹൃദ്രോഗസാധ്യത ഇരട്ടിക്കുമെന്നു പഠനം. 

അമേരിക്കന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലേബറിന്റെ കണക്കുകള്‍ പ്രകാരം 22 മില്യന്‍ ആളുകളാണ് അമേരിക്കയില്‍ മാത്രം ഇത്തരം സാഹചര്യങ്ങളില്‍ ജോലി നോക്കുന്നത്. ശബ്ദം അധികമായ ഇടങ്ങള്‍ കേള്‍വിക്ക് ദോഷമാണെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. പക്ഷേ അത് ഹൃദ്രോഗസാധ്യത കൂട്ടുന്നു എന്നത് മിക്കവര്‍ക്കും പുതിയ അറിവാണ്. ഇത്തരത്തില്‍ കേള്‍വി ശക്തിക്ക് തകരാറുകള്‍ സംഭാവിക്കുന്നവരും അധികമാണ്.

National Institute for Occupational Safety and Health (NIOSH) നടത്തിയൊരു പഠനത്തിലാണ് ശബ്ദത്തിന്റെ മറ്റൊരു അപകടസാധ്യതയെ കുറിച്ചു പറയുന്നത്. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നിവ കൂട്ടാന്‍ അമിതമായ ശബ്ദത്തിന് സാധിക്കും, NIOSH ഡയറക്ടര്‍ ഡോക്ടര്‍ ജോണ്‍ ഹോവാര്‍ഡ് പറയുന്നു. 

ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, ടെന്‍ഷന്‍ എന്നിവയെല്ലാം ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ ആണ്. ഇതുകൊണ്ട് തന്നെയാണ് ജോലിസ്ഥലങ്ങളിലെ ഈ ശബ്ദമാലിന്യം ഒരാളെ രോഗിയാക്കാം എന്നു പറയാന്‍ കാരണം.

മൈനിങ്, കെട്ടിടനിര്‍മാണം, മറ്റു നിര്‍മാണയൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്കാണ് ഈ സാധ്യത അധികമുള്ളത്. ഇവരില്‍ നിരവധി ആളുകളില്‍ നടത്തിയ പഠനപ്രകാരം മിക്കവര്‍ക്കും കേള്‍വി പ്രശ്നങ്ങള്‍, ടെന്‍ഷന്‍, രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നിവ ഉണ്ട് എന്നതും എടുത്തു പറയേണ്ടതാണ്. ജോലിയിടങ്ങളിലെ ഈ ശബ്ദത്തിന്റെ തോത് കുറയ്ക്കാന്‍ സാധിച്ചാല്‍ തന്നെ കേള്‍വിയുമായി ബന്ധപ്പെട്ട നിരവധിപ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. 

ഇത്തരം തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന ആളുകളില്‍ ഇടയ്ക്കിടെ ആരോഗ്യസംബന്ധമായ പരിശോധനകള്‍ നടത്തേണ്ടതിന്റെ ആവശ്യകത കൂടുതലാണെന്നും ഈ പഠനം പറയുന്നു.

Read More : Health News