Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെലിനും ഇസബെലിനും ഇത് ദൈവം നൽകിയ ജീവിതം; ഇവരുടെ കഥ കേട്ടാൽ കരളലിയും

selin-child സെലിൻ, ഇസബെൽ

ആറു മാസമായ ഗർഭത്തിന്റെ ആലസ്യങ്ങൾക്കിടയിലും വീട്ടിൽ ചടഞ്ഞുകൂടിയിരിക്കാൻ സെലിൻ ആഗ്രഹിച്ചില്ല. പിഎസ്‍സി പരീക്ഷയ്ക്കുള്ള കോച്ചിങ്ങിനു മുടങ്ങാതെ പോകും. ഭർത്തൃഗൃഹമായ ചേർത്തല നെടുമ്പ്രക്കാട്ടെ തേവർപറമ്പിൽ വീട്ടിൽനിന്നാണു യാത്ര. കുത്തിയതോടു പൊലീസ് സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫിസറാണ് ഭർത്താവ് ജോബി കുര്യാക്കോസ്. 

2017 ഓഗസ്റ്റ് 18. അന്നും പതിവുപോലെ സെലിൻ കോച്ചിങ് ക്ലാസി‍ൽ പോയി. തലേന്നു ഭർത്തൃമാതാവ് ലിസ്സമ്മയ്ക്കൊപ്പം ഇടവകപ്പള്ളിയിലെ വികാരിയച്ചനെ കണ്ടു സുഖപ്രസവത്തിനായി പ്രാർഥനാവരം തേടിയിരുന്നു. ആ സന്തോഷമുള്ളതിനാൽ ക്ലാസ് കഴിഞ്ഞിട്ടും വലിയ ക്ഷീണമൊന്നും തോന്നിയില്ല. അതുകൊണ്ട് വീട്ടിലേക്കുള്ള മടക്കയാത്ര കൂട്ടുകാരിക്കൊപ്പം സ്കൂട്ടറിലാക്കി. 

ഏറെ ശ്രദ്ധിച്ചാണു കൂട്ടുകാരി വണ്ടിയോടിച്ചത്. പക്ഷേ, ചേർത്തല ടൗൺ വിടും മുൻപ് അതു സംഭവിച്ചു. ഒരു സൈക്കിൾ യാത്രക്കാരൻ സ്കൂട്ടറിനു കുറുകെ ചാടി. സ്കൂട്ടറിൽനിന്നു സെലിൻ തലയടിച്ചു വീണു. ചെറിയ പരുക്കുമാത്രമുണ്ടായിരുന്ന കൂട്ടുകാരി ചാടിയെണീറ്റു സെലിനെ എഴുന്നേൽപിക്കാൻ നോക്കി. ഇതുകണ്ടു ജനക്കൂട്ടം ഓടിയടുത്തു.

 അപകടത്തിൽപെട്ടതു ഗർഭിണിയാണെന്നറിഞ്ഞതോടെ കിട്ടിയ വണ്ടിയിൽ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക്. ആദ്യ പരിശോധനയിൽ കാര്യമായ കുഴപ്പങ്ങളൊന്നും തോന്നിയില്ല. വിവരമറിഞ്ഞു വീട്ടുകാർ പാഞ്ഞെത്തി. അപകടമില്ലെന്നു കണ്ടതോടെ എല്ലാവരും സമാധാനത്തിലായി. പെട്ടെന്നാണു സെലിൻ ഛർദിക്കുകയും അബോധാവസ്ഥയിലാകുകയും ചെയ്യുന്നത്. കൂടുതൽ പരിശോധനകൾ നടത്തിയപ്പോൾ തലയ്ക്കുള്ളിൽ രക്തസ്രാവമുണ്ടെന്നു മനസ്സിലായി. പരിഭ്രമിച്ചുപോയ ബന്ധുക്കളോടു ഡോക്ടർ ഒന്നേ പറഞ്ഞുള്ളു, എത്രയും വേഗം കൊച്ചി ലേക് ഷോർ ആശുപത്രിയിൽ എത്തിക്കുക. പിന്നെ സെലിനെയും വഹിച്ച് ആംബുലൻസ് കൊച്ചിയിലേക്കു പറന്നു. 

ജീവിതമോ മരണമോ

ലേക്‌ഷോർ ആശുപത്രിയിൽ സെലിനെ പരിശോധിച്ചതു ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മനാണ്. അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നു സെലിൻ. തലച്ചോറിനുള്ളിൽ രക്തസ്രാവമുണ്ട്. അടിയന്തര ശസ്ത്രക്രിയയാണു പരിഹാരം. ഒന്നര മണിക്കൂറിനുള്ളിൽ തന്നെ ശസ്ത്രക്രിയ തുടങ്ങി. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും അതിന്റെ ഫലം പൂർണമായി പറയാറായിരുന്നില്ല. ആദ്യ ദിവസങ്ങളിൽ സെലിൻ അബോധാവസ്ഥയിലായിരുന്നു. മൂന്നാം ദിവസമാണു സെലിൻ കണ്ണുതുറന്നത്. മൂന്നു ദിവസം കൂടി തീവ്രപരിചരണ വിഭാഗത്തിൽ തുടർന്നു. 

ഗർഭത്തിലുള്ള കുഞ്ഞിന്റെ ആരോഗ്യനിലയെ കരുതി അതിതീവ്രതയുള്ള മരുന്നുകൾ ഒഴിവാക്കിയിരുന്നു. എന്നാൽപോലും സെലിനു പരുക്കു തലച്ചോറിനായതിനാൽ സ്ട്രെസ് ഹോർമോണുകൾ (stress hormones) കൂടുതലായി ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടാം. അങ്ങനെ സംഭവിച്ചാൽ കുഞ്ഞിന്റെ ഹൃദയത്തിനോ ശ്വാസകോശത്തിനോ തകരാർ ഉണ്ടാകാനിടയുണ്ട്. മുൻപുണ്ടായ സമാനമായ പല കേസുകളിലും ഗർഭത്തിലെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായിരുന്നില്ല. അതിനാൽ അങ്ങേയറ്റം ശ്രദ്ധിച്ചായിരുന്നു തുടർചികിത്സകൾ. ഗർഭകാലത്തു രക്തസ്രാവ സാധ്യത മറ്റുള്ളവരിലെക്കാൾ മൂന്നു മടങ്ങാണ്. അതെക്കുറിച്ചും ഏറെ ആശങ്ക ഉണ്ടായിരുന്നെങ്കിലും കാര്യമായ പ്രശ്നങ്ങളുണ്ടായില്ല. 

dr-arun ഡോ.അരുൺ ഉമ്മൻ

ആരോഗ്യനില മെച്ചപ്പെട്ടപ്പോൾ മുറിയിലേക്കു മാറ്റി. പക്ഷേ, സെലിൻ ആരെയും തിരിച്ചറിയുന്നതായി തോന്നിയില്ല. സംസാരിക്കാനും കഴിയുന്നില്ല. ഓർമകൾ നഷ്ടമായതുപോലെ. ഗർഭിണിയെന്ന കാര്യം മറന്നു പലപ്പോഴും കമഴ്ന്നു കിടക്കും. പരിചരിക്കാൻ കൂടെ നിൽക്കുന്നവർ ഓടിയെത്തി ചെരിച്ചുകിടത്തും. പിറ്റേന്നു ഫിസിയോതെറപ്പിസ്റ്റ് എത്തി നടത്തിക്കാൻ ശ്രമിച്ചു. സെലിന് അതിനാകുന്നില്ല. വലതു കയ്യും കാലും വഴങ്ങുന്നില്ല. 

റൂമിലെത്തി രണ്ടാം ദിനം രാത്രി. പെട്ടെന്നാണ് സെലിൻ അപസ്മാരബാധിതയെപ്പോലെ വെട്ടിവിറച്ചത്. കൃഷ്ണമണികൾ മുകളിലേക്കു മറിഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ ഓടിയെത്തി. ഡോ. അരുൺ ഉമ്മനെ വിവരമറിയിച്ചു. അപ്പോഴേക്കും സെലിൻ പൂർണമായി അബോധാവസ്ഥയിൽ (coma stage) ആയിരുന്നു. അതിവേഗം വെന്റിലേറ്ററിലാക്കി. നില അതീവ ഗുരുതരം. ജീവൻ തുലാസിലാടിയ ദിവസങ്ങൾ. ചികിത്സയിൽ അതുവരെ പരീക്ഷിക്കാത്ത പലതും പരീക്ഷിച്ചു. ദൈവം കൂടെയുണ്ട് എന്ന വിശ്വാസം മാത്രമായിരുന്നു തുണ. 

സെലിന്റെ കുടുംബക്കാർക്കു കുഞ്ഞിന്റെ കാര്യത്തിൽ ഡോക്ടർ വലിയ പ്രതീക്ഷ കൊടുത്തില്ല. പക്ഷേ, കുഞ്ഞിന്റെ കാര്യം പൂർണമായി തള്ളിക്കളയാനും തോന്നിയില്ല. അതുകൊണ്ട് സെലിനു നൽകുന്ന മരുന്നുകളുടെ കാര്യത്തിൽ അപ്പോഴും നിയന്ത്രണം പാലിച്ചു. 

ഏതാണ്ടു മൂന്നാഴ്ചകൾ കടന്നുപോയി. സെലിനു ബോധം തെളിയുകയും മെല്ലെ ജീവിതത്തിലേക്കു തിരികെ വരികയും ചെയ്തു. ഓർമ കുറെയൊക്കെ തിരികെക്കിട്ടി. അവസ്ഥ മെച്ചപ്പെട്ടതോടെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തു.

പിച്ച വച്ച്...

27–ാം വയസ്സിൽ സെലിൻ വീണ്ടും പിച്ചവച്ചു, ഭർത്താവിന്റെ കൈപിടിച്ച്. ഫിസിയോതെറപ്പിയും മരുന്നുകളും സുഖപ്പെടലിനു വേഗം കൂട്ടി. എങ്കിലും നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പല വാക്കുകളും സെലിൻ മറന്നുപോയിരുന്നു. വെള്ളം കുടിക്കാൻ ഗ്ലാസിനു നേർക്കു കൈനീട്ടും. പക്ഷേ പറയാനാകില്ല. ഓരോന്നും പറഞ്ഞുപഠിപ്പിച്ച്, വീണ്ടും അത് ഉരുവിടുവിച്ചു കുടുംബം കൂടെനിന്നു. അങ്ങനെ വാക്കുകൾ വീണ്ടും വഴിക്കുവന്നു. ആ കാലങ്ങളിൽ സെലിൻ ഉറങ്ങുമ്പോൾ ജോബി ഉറങ്ങാതെ കാവലിരുന്നു. കാരണം ഉറക്കത്തിൽ സെലിൻ തലയിലെ ശസ്ത്രക്രിയയുടെ മുറിപ്പാടിൽ മാന്തും. പൊറ്റ വന്നു മൂടിയെങ്കിലും പൂർണമായി ഉണങ്ങാത്ത മുറിവ് അതോടെ വീണ്ടും തുറന്നു വെള്ളമൊലിക്കും. ജോബിയുടെ ശ്രദ്ധമൂലം അണുബാധയോ മറ്റു പ്രശ്നങ്ങളോ ഉണ്ടായില്ല.

ജോബിയുടെ അമ്മ ലിസമ്മയും സെലിന്റെ അമ്മ ഫിലോമിനയും അടുത്തുനിന്നു മാറാതെ കൂടെയുണ്ടായിരുന്നു. ഇരുവരും പ്രാർഥനകളിലൂടെ സെലിന് ആത്മവിശ്വാസം പകർന്നു. പോഷകപ്രദമായ ഭക്ഷണം കഴിപ്പിച്ചു. പതിയെ ,  നഷ്ടമായ ആരോഗ്യം സെലിൻ വീണ്ടെടുത്തു തുടങ്ങി. ആശുപത്രിയിൽ ഇടയ്ക്കിടെ പോയി കൃത്യമായ പരിശോധനകൾ നടത്തി. അങ്ങനെ മൂന്നു മാസങ്ങൾ. പ്രസവത്തോടടുത്തപ്പോൾ ലേക്‌ഷോർ ആശുപത്രിയിൽ തന്നെ എത്തിച്ചു. 

ദൈവത്തിന്റെ മുഖവുമായി അവൾ

സെലിന്റെ പ്രസവത്തിനായി എല്ലാ മുൻകരുതലുകളോടെയുമാണു ഡോക്ടർമാർ കാത്തിരുന്നത്. അപകടമുണ്ടായശേഷം സെലിന്റെ ഗർഭസംബന്ധമായ കാര്യങ്ങൾ നോക്കിയിരുന്നതു ലേക്‌ഷോറിലെ ഡോ. സ്മിത ജോയിയായിരുന്നു. ആദ്യ നാളുകളിൽ കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ചുണ്ടായിരുന്ന ആശങ്കകൾ ഒട്ടൊക്കെ പിന്നീട് ഒഴിഞ്ഞുപോയിരുന്നു. സ്കാനിങ് റിപ്പോർട്ടുകളിലൊന്നും അപാകതകളില്ല.

 സിസേറിയൻ വേണ്ടിവരരുതെന്നു മാത്രം ഡോക്ടർ സ്മിത ആഗ്രഹിച്ചു. എന്നാൽ, പ്രസവവേദനയ്ക്കിടെ സെലിനു വീണ്ടും അപസ്മാരബാധ ഉണ്ടാകുമോയെന്ന ഭയം ന്യൂറോ സർജനെ അലട്ടുന്നുണ്ടായിരുന്നു. അതിനാൽ ഏത് അടിയന്തര ഘട്ടത്തെയും നേരിടാൻ ഡോക്ടർമാർ തയാറെടുത്തു. സെലിനെ ലേബർ റൂമിലെത്തിച്ചു വേദന വരാനുള്ള മരുന്നു നൽകി. പ്രാർഥനകളോടെ കുടുംബം ലേബർ റൂമിനു പുറത്തു കാത്തിരുന്നു. 

selin-family ജോബി, ഇസബെൽ, സെലിൻ,

ആശങ്കയുടെ മണിക്കൂറുകൾക്കൊടുവിൽ ഡിസംബർ ഒന്നിനു സാധാരണ പ്രസവത്തിലൂടെ അവൾ പിറവിയെടുത്തു – ഇസബെൽ. കുഞ്ഞിന്റെ പരിചരണത്തിനായി ഒരുങ്ങിനിന്ന ശിശുരോഗ വിദഗ്ധൻ ഡോക്ടർ ദീപു ഏബ്രഹാം അവളെ സ്വീകരിച്ചു. യാതൊരു കുറവുകളുമില്ലാത്ത ഒരോമന പെൺകുഞ്ഞ്. വിവരമറിഞ്ഞു ഡോ. അരുൺ ഉമ്മൻ അവളെ കാണാനെത്തി. ആ കുഞ്ഞുവിരലുകളിൽ അദ്ദേഹം മെല്ലെ തൊട്ടു, ദൈവത്തെ തൊടുംപോലെ.

ചേർത്തല വാരനാട്ടെ സെലിന്റെ വീട്ടിൽ അമ്മയും കുഞ്ഞും ഇപ്പോൾ സുഖമായിരിക്കുന്നു. അപകടത്തിന്റെ ഭാഗമായുള്ള അസ്വാസ്ഥ്യങ്ങൾ സെലിനെ പൂർണമായി വിട്ടൊഴിഞ്ഞിട്ടില്ല. കൈകൾക്കു തരിപ്പുണ്ട്, ഗന്ധങ്ങൾ തിരിച്ചറിയാനുള്ള ശേഷി വീണ്ടെടുക്കാനായിട്ടില്ല. ചികിത്സ കുറെക്കാലം തുടരണമെന്നു ഡോക്ടർമാർ പറയുന്നു. 

പ്രസവവേദനയോ അപകടത്തിന്റെ വേദനയോ കൂടുതൽ കടുത്തത് എന്ന ചോദ്യത്തിനു സെലിൻ വിടർന്നു ചിരിച്ചു. ‘അപകടത്തിന്റെ വേദനകളൊന്നും ഞാൻ അറിഞ്ഞിട്ടില്ല. അല്ലെങ്കിൽ അതെന്റെ ഓർമയിൽ ഇല്ല. പക്ഷേ, പ്രസവത്തിന്റെ എല്ലാ വേദനയും ഞാനറിഞ്ഞു. എങ്കിലും ഇവളുടെ മുഖം കണ്ടപ്പോൾ ആ വേദനകൾ മറന്നു...’ ഇസബെലിനെ വാരിയെടുത്തു സെലിൻ പറഞ്ഞു. ഒരു നിമിഷം സെലിന്റെ കൈകളൊന്ന് ഇടറി. അപ്പോഴേക്കും താങ്ങായി ഒരു ജോഡി കരങ്ങൾ എത്തി, ജോബിയുടെ കരങ്ങൾ...