Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'മാം, യുവർ പ്രെഗ്നൻസി ടെസ്റ്റ് റിസൾട്ട് ഈസ് നെഗറ്റീവ്'! പിന്നെ സംഭവിച്ചത്

infertility-baby

പ്രതീക്ഷകൾ അസ്തമിക്കുന്നിടത്ത്, പ്രാർത്ഥനകൾ വിഫലമാകുന്നിടത്ത്, നെയ്തു കൂട്ടിയതെല്ലാം പാഴ്ക്കിനാവുകളായിരുന്നു എന്ന് തോന്നുന്നിടത്ത്...ദൈവം അത്ഭുതം പ്രവർത്തിക്കും. കൊട്ടിയടക്കപ്പെട്ട വാതിലുകൾ നമുക്കായ് തുറക്കപ്പെടും. ഒരു പക്ഷേ ജീവിതം നമുക്ക് സമ്മാനിക്കുന്ന നാടകീയതയും ട്വിസ്റ്റുമെല്ലാം അങ്ങനെയൊക്കെ തന്നെയായിരിക്കാം.

അമേരിക്കയിലെ ലൂസിയാനയിൽ നിന്നുള്ള ആംഗ്ലോ–ഇന്ത്യൻ ദമ്പതികളായ പൂജയ്ക്കും ഹാംപ്റ്റൻ റുറ്റ്ലാൻറിനും ദൈവം സമ്മാനിച്ചത് ഇതേ നാടകീയതയാണെന്ന് പറയാതെ വയ്യ. വരണ്ടുണങ്ങിയ ജീവിതത്തിൽ പ്രതീക്ഷയുടെ പുൽനാമ്പ് വിരിഞ്ഞത് ഒരൽപ്പം വൈകിയാണെന്ന് മാത്രം. പക്ഷേ കാത്തിരുന്ന് കിട്ടിയ അവരുടെ സന്തോഷത്തിന് പത്തരമാറ്റിന്റെ തിളക്കമുണ്ട്.

എട്ടു വർഷത്തോളം നീളുന്ന അവരുടെ ജീവിതത്തെ ദൈവം ആദ്യം കടാക്ഷിച്ചത് മൂത്തമകൻ ഹെൻ‌റിയുടെ രൂപത്തിൽ. സന്തോഷം കളിയാടിയിരുന്ന നാളുകളായിരുന്നു പിന്നീടങ്ങോട്ട്. ഹെൻ‌റിക്ക് അഞ്ചു വയസ് പ്രായമുള്ളപ്പോഴാണ് സ്വാഭാവികമായും അവനൊരു കുഞ്ഞനിയൻ വേണമെന്ന ചിന്ത പൂജയ്ക്കും ഹാപ്റ്റനുമുണ്ടാകുന്നത്. എന്നാൽ നിനച്ചിരുന്നപ്പോൾ ഹെൻറിയെ അവർക്ക് സമ്മാനിച്ച വിധി അൽപ്പമൊന്ന് പിന്നാക്കം വലിഞ്ഞു. സന്തോഷം കളിയാടിയിരുന്ന ജീവിതത്തിൽ പിന്നീട് കണ്ടത് പരീക്ഷണ പർവ്വം.

ക്ലിനിക്കുകൾ, ഇൻഫെർട്ടിലിറ്റി സെൻററുകൾ, കൺസൾട്ടിംഗ് എന്നിങ്ങനെ ഒരു പിടി സംഗതികൾ പിന്നീടങ്ങോട്ട് അവരുടെ ജീവിതത്തിന്റെ ടൈം ടേബിൾ നിശ്ചയിച്ചു. മരുന്നും മന്ത്രവുമൊക്കെയായി കഴിച്ചു കൂട്ടിയ നാളുകൾ ഓർക്കുമ്പോൾ ഹാംപ്റ്റന് ഇന്നും ഒരു നെടുവീർപ്പാണ്. രണ്ടാമത്തെ കുഞ്ഞെന്ന അവരുടെ പ്രതീക്ഷയുടെ ആഴം അളന്നത് 81 പ്രെഗ്നൻസി ടെസ്റ്റുകൾ. ക്ലിനിക്കുകളുടെ പടിവാതിൽക്കൽ ഫലം അറിയാൻ കാത്തു നിൽക്കുന്ന പൂജയ്ക്കു ഹാംപ്റ്റനും പിന്നെ ആ വാക്കുകൾ ഒരു ശീലമായി. `മാം യുവർ പ്രെഗ്നൻസി ടെസ്റ്റ് റിസൾട്ട് ഈസ് നെഗറ്റീവ്`.

പക്ഷേ തോറ്റു കൊടുക്കാൻ അവർ തയ്യാറായിരുന്നില്ല. സ്വപ്നങ്ങളെ കൂടെക്കൂട്ടി, ശുഭാപ്തി വിശ്വാസം നൽകിയ കരുത്തുമായി മുന്നോട്ട് പോയി. മാറി വരുന്ന ടെസ്റ്റ് റിസൾട്ടുകൾ കേട്ട് നെടുവീർപ്പിട്ടില്ല. മറിച്ച് കാത്തിരുന്നു. ആ നല്ല വാർത്തയ്ക്കായ്. ദൈവം തയ്യാറാക്കിയ ആ തിരക്കഥയ്ക്ക് പക്ഷേ ഉണ്ടായിരുന്നത് ‘ഹാപ്പി എൻഡിങ്’. മുഖം ചുളിച്ച് അവരോട് അശുഭവർത്തമാനം പറഞ്ഞിരുന്ന ക്ലിനിക്ക് ജീവനക്കാരിക്ക് ഒരു ദിവസം അവരോട് പറയാനൊരു നല്ല വർത്തമാനം ഉണ്ടായിരുന്നു. `മാം, ഫൈനലി യുവർ പ്രെഗ്നൻസി ടെസ്റ്റ് ഈസ് പോസിറ്റീവ്`.

പരീക്ഷണ പർവ്വങ്ങൾക്കൊടുവിൽ ലഭിക്കുന്ന നല്ലവാർത്തകളുടെ മധുരം കൂടുമെന്ന് പറയുന്നത് വെറുതെയായില്ല. പിന്നീടങ്ങോട്ടുള്ള ദിനങ്ങൾക്ക് ഒരു യുഗത്തിന്റെ വഴിദൂരമായിരുന്നു. വീട്ടിലെ രണ്ടാമത്തെ അതിഥിക്കായ് ഹാംപ്റ്റനും പൂജയും കൺചിമ്മാതെ കൂടു കൂട്ടി. തനിക്കൊരു കുഞ്ഞനിയനെ കിട്ടുന്നതിന്റെ ത്രില്ലിലായിരുന്നു ഹെൻറി. യുഗങ്ങളോളം പോന്ന ഒമ്പതു മാസത്തെ കാത്തിരിപ്പിനൊടുവിൽ പുതിയ അതിഥിയെത്തി. അവർ ആ സന്തോഷത്തിന് പേരുവച്ചു, വില്യം.

നിരാശയും കദന കഥകളും ആഘോഷമാക്കുന്ന സൈബർ കാലഘട്ടത്തിൽ തങ്ങളുടെ അതിജീവനത്തിന്റെ കഥയ്ക്ക് തിളക്കമേറെയെന്ന് ഹാംപ്റ്റൻ പറയുന്നു. ഒപ്പം എല്ലാം അവസാനിച്ചുവെന്ന് തോന്നുന്നിടത്ത് നിന്ന് ഉയർന്നു വരാൻ കഴിയുമെന്നുള്ള നിശ്ചയദാർഢ്യവും ആ കുടുംബം നമ്മോട് പങ്കുവയ്ക്കുന്നു. പരീക്ഷണ പർവ്വം താണ്ടിയുള്ള ഹാംപ്റ്റണിന്റെയും പൂജയുടെയും സന്തോഷയാത്ര അവർ ഇന്ന് ലോകത്തോട് പങ്കുവച്ചിട്ടുമുണ്ട്. `എ ചൈൽഡ് ഈസ് ബോൺ: ഔവർ ഇൻഫെർട്ടിലിറ്റി സ്റ്റോറി` എന്ന യൂ ട്യൂബ് വീഡിയോയിലൂടെ . ആ സന്തോഷയാത്ര ഹൃദയത്തിലേറ്റു വാങ്ങാൻ, പിന്തുടരാൻ ഇന്ന് ലക്ഷങ്ങൾ അവർക്കു പിന്നാലെയുണ്ട്. അവരുടെയും സ്വപ്നങ്ങൾക്ക് ഹാംപ്റ്റൺ–പൂജ ദമ്പതികളുടെ അതിജീവനം വളമാകും, ഉറപ്പ്.

Read More : Vanitha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.