Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞിന് ബുദ്ധി കുറയാൻ കാരണം അമ്മയോ?

pregnancy

മക്കൾ ബുദ്ധിമാന്മാരും മിടുക്കരും ആകണം എന്നാണ് മിക്കരക്ഷിതാക്കളും ആഗ്രഹിക്കുന്നത്. എന്നാൽ എല്ലാവരും ഒരേപോലെ മിടുക്കരാകണം എന്നില്ലല്ലോ. എന്നാൽ കുഞ്ഞിന് ബുദ്ധികുറയാൻ അറിയാതെയെങ്കിലും കാരണമാകുന്നത് സ്വന്തം അമ്മ ആണെങ്കിലോ? ഇത് എങ്ങനെയെന്നല്ലേ.

വില്ലൻ മറ്റാരുമല്ല. അമ്മമാരുടെ മധുരപ്രിയം തന്നെ. കുട്ടികൾ മധുരം കൂടുതൽ കഴിക്കുന്നതു മൂലമോ അവരുടെ അമ്മമാർ ഗർഭകാലത്ത് മധുരം കൂടുതൽ കഴിച്ചതു കാരണമോ കുട്ടികളിൽ ബുദ്ധികുറയാമെന്ന് ഒരു പഠനം പറയുന്നു. 

ഹാർവാർഡ് സർവകലാശാല നടത്തിയ പഠനത്തിൽ, പ്രോസസ് ചെയ്ത ഭക്ഷണങ്ങളും മധുരപാനീയങ്ങളും സോഡയും ഗർഭകാലത്തു കഴിച്ച അമ്മമാരുടെ കുട്ടികൾക്ക്  ഒാർമശക്തിയും ബുദ്ധിശക്തിയും കുറവാണെന്നു കണ്ടു. ഈ കുട്ടികൾക്ക് കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവും വാക്കുകൾ പ്രയോഗിക്കാനുള്ള കഴിവും കുറവാണ്. 

രക്ഷിതാക്കളിൽ നിന്നുപകർന്നു കിട്ടിയ ഇത്തരത്തിലുള്ള ഭക്ഷണശീലം പിന്തുടരുന്ന കുട്ടികൾക്കും ബുദ്ധികുറവാണ്. എന്നാൽ പഴങ്ങൾ ധാരാളം കഴിച്ച അമ്മമാർക്കും അവരുടെ മക്കൾക്കും ബുദ്ധിപരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. 

പഴങ്ങൾ കൂടുതൽ കഴിച്ചവരിൽ ആരോഗ്യകരമായ പഞ്ചസാര അടങ്ങിയതിനാൽ പരീക്ഷയിൽ മികച്ച സ്കോർ നേട‍ാനായി. 

ഒരു ദിവസം പത്ത് ടീസ്പൂണിലധികം പഞ്ചസാര കഴിക്കരുതെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദേശിക്കുന്നത്. പഞ്ചസാര കൂടുതൽ അടങ്ങിയ ഭക്ഷണം പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദം, ഹൃദയസംബന്ധമായ രോഗങ്ങൾ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. 

അമേരിക്കൻ ജേണൽ ഒാഫ് പ്രിവന്റീവ് മെ‍ഡിസിനിൽ ഈയാഴ്ച പ്രസിദ്ധീകരിച്ച പഠനം പറയുന്നത് മധുരം കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ ഒരു കുഞ്ഞ് ജനിക്കുന്നതിനു മുൻപേതന്നെ തുടങ്ങുന്നു എന്നാണ്. 

ദിവസം 50 ഗ്രാമിലധികം മധുരം കഴിച്ച അമ്മമാരുടെ കുട്ടികൾക്ക്, സാധാരണ ഭക്ഷണം കഴിച്ച അമ്മാരുടെ കുട്ടികളെ അപേക്ഷിച്ച് ബുദ്ധിശക്തിയും ഒാർമശക്തിയും പ്രശ്നപരിഹാരത്തിനുള്ള കഴിവും കുറവാണെന്നു കണ്ടു. കാർബണേറ്റഡ് പാനീയങ്ങൾ ഗർഭകാലത്ത് കഴിക്കുന്നതും കുട്ടിയുടെ ബുദ്ധിശക്തിയുമായി ബന്ധുമുണ്ടെന്നും പഠനത്തിൽ തെളിഞ്ഞു. മധുര സോഡ കഴിക്കുന്ന എഴുവയസ്സുള്ള കുട്ടികളിൽ ബുദ്ധിശക്തി വളരെ കുറവാണ്. എന്നാൽ പഴങ്ങൾ കൂടുതൽ കഴിക്കുന്ന കുട്ടികൾക്ക് ബുദ്ധിപരമായി മികച്ച സ്കോർ നേടാനായി. ഇവർക്ക് വെർബൽ ഇന്റലിജൻസും ഉണ്ടെന്നു കണ്ടു. എന്നാൽ പഴങ്ങൾ കഴിക്കുമ്പോഴുള്ള അതേ ഗുണങ്ങൾ പഴച്ചാറുകൾ ഉപയോഗിക്കുന്നവരിൽ കണ്ടില്ല എന്നും പഠനം പറയുന്നു.

Read More : ആരോഗ്യവാർത്തകൾ