Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാതാപിതാക്കള്‍ ജാഗ്രത; ഈ കൗമാരക്കാരന്റെ ജീവനെടുത്തത് ഫുട്ബോള്‍ പ്രേമം

football

കലിഫോര്‍ണിയ സ്വദേശിയായിരുന്ന 13 കാരന്‍ ജയിംസ്‌ റാന്‍സണ്‍ സ്കൂള്‍ ഫുട്ബോള്‍ ടീമിലെ നല്ലൊരു കളിക്കാരനായിരുന്നു. എന്നാല്‍ ഇന്ന് ജയിംസ്‌ ജീവനോടില്ല. 2016 നവംബറില്‍ ജയിംസ്‌ ആരോടുമൊന്നും പറയാതെ ഈ ലോകത്തോട്‌ വിടപറഞ്ഞു; ഒരു മുഴം കയറില്‍.

എന്തായിരുന്നു ഈ കൗമാരക്കാരനെ മരണത്തിലേക്കു നയിച്ചത് ? അതിനു കാരണം അവന്റെ ഫുട്ബോള്‍ ഭ്രമം തന്നെയായിരുന്നെന്ന് മാതാപിതാക്കള്‍ പറയുന്നു. 'ഫുട്ബോള്‍ എന്റെ മകനെ കൊന്നു' വേദനയോടെ ജയിംസിന്റെ അച്ഛനും അമ്മയും പറയുന്നു.  2015 സെപ്റ്റംബറിലാണ് ജയിംസിന്റെ ജീവിതം തകിടം മറിച്ച സംഭവം നടക്കുന്നത്. സ്കൂള്‍ ഫുട്ബോള്‍ ടീമിനൊപ്പം കളിക്കുന്നതിനിടയില്‍ മറ്റൊരു കളിക്കാരനുമായി കൂട്ടിയിടിച്ചു ജയിംസിന്റെ തലയ്ക്കു പരുക്കു പറ്റിയിരുന്നു. എന്നാല്‍ ചെവിയില്‍നിന്നു ചെറുതായി രക്തം പൊടിഞ്ഞതല്ലാതെ കാര്യമായ പരുക്കുകള്‍ അവനുണ്ടായിരുന്നില്ലെന്ന് പിതാവ് ഗ്രെഗ് ഓര്‍ക്കുന്നു. 

എന്നാല്‍ ആ സംഭവത്തോടെ ജയിംസ്‌ മറ്റൊരാളായി മാറുകയായിരുന്നു. പെട്ടന്ന് അവന്റെ ഓര്‍മ നശിച്ചു തുടങ്ങി. സ്വഭാവം വല്ലാതെ മാറുകയും അക്രമാസക്തനാകുകയും ചെയ്തു. മൂന്നു മാസത്തിനിടയില്‍ മൂന്നു തവണയാണ് ജയിംസ്‌ ആത്മഹത്യക്കു ശ്രമിച്ചത്. വൈകാതെ അവനെ ഒരു മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. അവിടെ ചികിത്സ തുടരുന്നതിനിടയില്‍ ജയിംസ്‌ തൂങ്ങി മരിക്കുകയായിരുന്നു.

Chronic Traumatic Encephalopathy CTE) ആണ് ജയിംസിന്റെ ഈ അവസ്ഥയ്ക്ക് കാരണമായതെന്ന് പിന്നീട് ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നടന്നൊരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. വളരെ ചെറുപ്പമായ കളിക്കാരില്‍ ഈ അവസ്ഥ കണ്ടുവരുന്നുണ്ടെന്നും 12 വയസ്സിനു മുമ്പ് ഇത്തരം കളികളില്‍ ഏര്‍പ്പെടുന്ന കുട്ടികളില്‍ മൂഡ്‌ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ CTE ലക്ഷണങ്ങളും കാണപ്പെടുന്നുണ്ട്. കുട്ടികളില്‍ വളര്‍ച്ചയുടെ ഏറ്റവും പ്രധാനപ്പെട്ട ഈ ഘട്ടത്തില്‍, തലയില്‍ ശക്തമായ അടിയോ പര‌ുക്കുകളോ ഉണ്ടാകുന്നത് അവരുടെ വളര്‍ച്ചയെത്തന്നെ ബാധിക്കുമെന്ന് പഠനം പറയുന്നു.

ഒന്‍പതാമത്തെ വയസ്സിലാണ് ജയിംസ്‌ ഫുട്ബോള്‍ കളിക്കാന്‍ ആരംഭിച്ചതെന്ന് പിതാവ് ഗ്രെഗ് പറയുന്നു. അന്ന് ആ പരുക്കിനു ശേഷം അവന്റെ കാഴ്ചയ്ക്ക് പ്രശ്നങ്ങള്‍ നേരിടുകയും തലകറക്കവും ഛര്‍ദ്ദിയും ഉണ്ടാകുകയും ചെയ്തതായി ഗ്രെഗ് ഓര്‍ക്കുന്നു. ഇപ്പോള്‍ തന്റെ മകനുണ്ടായ ദുരന്തത്തെപ്പറ്റി കൂടുതല്‍ ആളുകള്‍ക്കു ബോധവല്‍ക്കരണം നടത്താന്‍ ശ്രമിക്കുകയാണ് ഗ്രെഗ്. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്നതു തടയാനുള്ള നടപടികള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് അദ്ദേഹത്തിന്റെ ശ്രമം.

Read More : Health News