Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവി പറക്കുന്ന ഐസ്ക്രീം ഇനി ഇല്ല

ice-cream

ദ്രവീകരിച്ച നൈട്രജൻ ചേർത്ത് ഐസ്ക്രീമും ശീതളപാനീയങ്ങളും വിൽക്കുന്നതു സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ നിരോധിച്ചു. ഇത്തരം ഭക്ഷ്യസാധനങ്ങൾ സംഭരിക്കുന്നവരും വിൽക്കുന്നവരും പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരുമെന്നു കമ്മിഷണർ എം.ജി രാജമാണിക്യം പറഞ്ഞു.

ഗുരുതരമായ ആരോഗ്യപ്രശ്നം ഒഴിവാക്കുന്നതിനു വേണ്ടിയാണു നിരോധനം. യുവാക്കളെയും കുട്ടികളെയും ലക്ഷ്യമിട്ടാണു ദ്രവീകരിച്ച നൈട്രജൻ ഉപയോഗിക്കുന്നത്. കഴിക്കുമ്പോൾ നല്ല തണുപ്പ് അനുഭവപ്പെടുന്നതിനൊപ്പം കൂടുതൽ പുകയും വരും. ഈ കൗതുകത്തിൽ നൈട്രജൻ ഉപയോഗിക്കുന്ന ഐസ്ക്രീമിനും ശീതളപാനീയങ്ങൾക്കും വിൽപന ഏറിയിട്ടുണ്ട്.

ദ്രവീകരിച്ച നൈട്രജനു–196 ഡിഗ്രിയാണു താപനില. രണ്ടുതുള്ളി ഒഴിച്ചാൽ ഫ്രിജിൽ വയ്ക്കുന്നതിനെക്കാൾ തണുപ്പുണ്ടാകും. വൈദ്യുതിച്ചെലവിലെ ലാഭംകൂടി കണ്ടാണു വ്യാപാരികൾ ദ്രവീകരിച്ച നൈട്രജൻ ചേർക്കുന്നത്. ദ്രവീകരിച്ച നൈട്രജൻ ഉപയോഗിച്ചാൽ ഭക്ഷ്യസുരക്ഷാ വിഭാഗം ജില്ലാ ഓഫിസുകളിൽ വിവരം അറിയിക്കാം. കമ്മിഷണറേറ്റിലെ ടോൾഫ്രീ നമ്പർ: 1800 425 1125

വ്യവസായ ആവശ്യത്തിനുള്ള ഐസിന് ഇനി നീലനിറം

മീൻ കേടുകൂടാതെ സുക്ഷിക്കുന്നതിന് ഉൾപ്പടെ വ്യവസായ ആവശ്യങ്ങൾക്കുവേണ്ടി നിർമിക്കുന്ന ഐസിനു ജൂൺ ഒന്നു മുതൽ നീലനിറം. ഭക്ഷ്യാവശ്യങ്ങൾക്കുള്ളവയ്ക്കു നിറവ്യത്യാസമില്ല. ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടേതാണു തീരുമാനം. 

ഭക്ഷ്യസാധനങ്ങളിൽ ഉപയോഗിക്കാനുള്ള ഐസ് കുടിവെള്ളത്തില്‍ നിന്നു നിർമിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. വ്യവസായ ആവശ്യത്തിന് ഐസ് നിർമിക്കുമ്പോൾ ജലത്തിന്റെ ഗുണം നോക്കാറില്ല. 

ജലപരിശോധന നടത്താത്തതിനാൽ ഇങ്ങനെ ഉൽപാദിപ്പിക്കുന്ന ഐസ് കുറഞ്ഞ വിലയ്ക്കു ഭക്ഷ്യോൽപാദന–വിതരണക്കാർക്കു വാങ്ങാനാകും. ജ്യൂസിലും ശീതളപാനീയങ്ങളിലും ഈ ഐസ് ഉപയോഗിക്കുന്നുവെന്നു നേരത്തേതന്നെ കണ്ടെത്തിയിട്ടുണ്ട്.

‌അതോറിറ്റിയുടെ തീരുമാനം മഹാരാഷ്ട്രയിൽ നേരത്തേ നടപ്പാക്കിയിരുന്നു. ഇതു ഫലപ്രദമെന്നു കണ്ടാണു രാജ്യമാകെ ബാധകമാക്കുന്നത്. 

Read More : Healthy Food