Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാലാഖമാരെന്നു പുകഴ്ത്തണ്ടാ, മനുഷ്യരായി കണ്ടുകൂടേ...

nurses-day-2018 Representative Image

ഒന്നോർക്കുക... ഞങ്ങളും മനുഷ്യരാണ്... നിങ്ങളെപ്പോലെ തന്നെ സന്തോഷങ്ങളും സങ്കടങ്ങളും വികാരങ്ങളുമെല്ലാമുള്ള, നിങ്ങളെപ്പോലെ ഒരു സമൂഹത്തിൽ ജീവിക്കുന്ന അതേ മനുഷ്യർ... ഈ പറയുന്നത് നമ്മുടെ നഴ്സുമാരുടെ ഒരു പ്രതിനിധിയാണ്. അവളെ നമുക്ക് മായ എന്നു വിളിക്കാം. സമൂഹത്തിൽ നേരിട്ട, നേരിട്ടു കൊണ്ടിരിക്കുന്ന, നേരിടേണ്ടി വരുന്ന അനുഭവങ്ങളുടെ തീച്ചൂടിൽ ചവിട്ടി നിന്നാണ് മായ നമ്മോടു സംസാരിക്കുന്നത്. 

ചിലർക്ക് നിസ്സാരമായി തോന്നാം, മറ്റു ചിലർക്ക് തമാശയായും. എന്നാൽ ഈ പറയുന്നത് ചിലരുടെയെങ്കിലും ഉള്ളു പൊള്ളിക്കും- ആ ഉറപ്പിലാണ് നഴ്സസ് ദിനത്തോടനുബന്ധിച്ച് ഞാൻ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത്.

കുട്ടിക്കാലം മുതലേ മനസ്സിൽ ജനിച്ച ആഗ്രഹമാണ് വലുതാകുമ്പോൾ ഒരു നഴ്സ് ആകുകയെന്നത്. അമ്മയുടെ കയ്യും പിടിച്ച് ആശുപത്രിയിലൂടെ പലവട്ടം സഞ്ചരിച്ചിട്ടുണ്ട്. അന്നൊക്കെ കൂടുതലും കണ്ടിട്ടുള്ളത് വെള്ളസാരിയുടുത്ത മാലാഖമാരെത്തന്നെയാണ്. എന്റെ കുഞ്ഞു ശരീരത്തിൽ സിറിഞ്ച് ഇറക്കുമ്പോൾ ‘വാവയ്ക്ക് വേദനിക്കില്ലെടാ.. ഉറുമ്പ് കടിക്കുന്ന പോലെയേ ഉണ്ടാകൂ’ എന്നു പറഞ്ഞ് ഇൻജക്‌ഷന്റെ പേടി ഇല്ലാതാക്കിയതും ഈ മാലാഖ ആന്റിമാർ തന്നെ. അങ്ങനെയാകാം ആശുപത്രിയിൽ പോകുമ്പോൾ മരുന്നിനെക്കാൾ കൂടുതൽ ഞാൻ ഇൻജക്‌ഷനെ സ്നേഹിച്ചു തുടങ്ങിയത്.

പത്താം ക്ലാസ്സിൽ അത്യാവശ്യം ഉയർന്ന മാർക്കിൽ ജയിച്ചപ്പോഴേ ഞാൻ നഴ്സിങ് എന്ന പ്രഫഷനും ഉറപ്പിച്ചു കഴിഞ്ഞു. പ്ലസ്ടുവിനു ശേഷം അത്യാവശ്യം പേരു കേട്ട നഴ്സിങ് കോളജിൽതന്നെ പ്രവേശനവും ലഭിച്ചു. ഹോസ്റ്റലിലെ ആദ്യ നാളുകൾ കയ്പേറിയ പല അനുഭവങ്ങളും സമ്മാനിച്ചെങ്കിലും അവയ്ക്കൊന്നും നഴ്സിങ് മോഹത്തിനു തടയിടാൻ കഴിഞ്ഞില്ല. നഴ്സിങ് പഠനത്തിനു ചേർന്ന ശേഷമാണ് വിദേശജോലി എന്ന സ്വപ്നം മനസ്സിൽ ഉണ്ടായത്. കൂടെയുള്ളവരൊക്കെ വിദേശത്തു ലഭിക്കുന്ന ജോലിസാധ്യതകളും വലിയ ശമ്പളക്കണക്കും കൃത്യമണിക്കൂറിൽ മാത്രമുള്ള ജോലിസമയവുമൊക്കെ പറഞ്ഞപ്പോൾ എന്റെ മനസ്സിലും ആ സ്വപ്നം നിറഞ്ഞു.

പഠനം കഴിഞ്ഞ് ഇറങ്ങിയ ഉടൻ വീടിനടുത്തുള്ള ആശുപത്രിയിൽ പരിശീലനത്തിനു കയറി. അപ്പോഴാണ് ശരിക്കും നഴ്സ്മാരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് ഏറെക്കുറെ മനസ്സിലായത്. ഞാൻ മനസ്സിൽ കരുതിയ മാലാഖ പരിവേഷമൊന്നും പലർക്കുമില്ല. അധികം താമസിയാതെ ആ ആശുപത്രിയിൽത്തന്നെ സ്റ്റാഫ് നഴ്സ് ആയി ജോലി ലഭിച്ചു. അമ്മയും അച്ഛനും രോഗബാധിതരായതോടെ വിദേശജോലി എന്ന സ്വപ്നം ഈ ഒറ്റമകൾക്ക് ഉപേക്ഷിക്കേണ്ടിയും വന്നു.

അതുകൊണ്ടുതന്നെ വീടിനടുത്തു ലഭിച്ച ജോലി ഏറെക്കുറെ ആശ്വാസകരമായിരുന്നു. പറഞ്ഞ് ഉറപ്പിച്ചിരുന്ന ജോലിസമയം കഴിഞ്ഞ് മണിക്കൂറുകളോളം തീരെ തുച്ഛമായ ശമ്പളത്തിൽ പണിയെടുക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴും എന്റെ സഹോരങ്ങൾക്കു വേണ്ടിയാണല്ലോ എന്നു കരുതി ക്ഷമിച്ചിട്ടേയുള്ളു. പക്ഷേ മിനിമം വേതനം നടപ്പാക്കണമെന്നു വാദിച്ച് ഞാനും എന്റെ സഹപ്രവർത്തകരും തെരുവിലിറങ്ങിയപ്പോൾ ശരിക്കും നമ്മളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മനസ്സിലാക്കാൻ കഴിഞ്ഞു. നികൃഷ്ട ജീവികളോടെന്ന പോലെ പെരുമാറിയവർ മുതൽ ‘അയ്യോ... ഇത്രയും കഷ്ടപ്പാടു സഹിച്ചാണോ നിങ്ങൾ ഞങ്ങളെ പരിചരിച്ചിരുന്നത്’ എന്നു ചോദിച്ചവർ വരെ അക്കൂട്ടത്തിലുണ്ട്.

ഒന്നു പറഞ്ഞോട്ടെ, ഞങ്ങൾക്ക് ശമ്പളം കിട്ടിയില്ലെങ്കിൽപ്പോലും ഒരു ജീവൻ രക്ഷപ്പെടുത്താൻ ഞങ്ങളെക്കൊണ്ട് ആകുന്നതൊക്കെ ഇനിയും ചെയ്യും. വേദന കണ്ടു നിൽക്കാൻ എനിക്കോ എന്റെ സഹപ്രവർത്തകർക്കോ സാധിക്കില്ല. ഒരിക്കലെങ്കിലും ഞങ്ങളുടെ കരുണയുടെ കരങ്ങൾ നിങ്ങളെയും സ്പർശിച്ചിട്ടുണ്ടാകില്ലേ... മിക്ക ജീവനുകളും ഭൂമിയിലേക്കു പിറന്നു വീഴുന്നത് ഒരു നഴ്സിന്റെ കരങ്ങളിലൂടെയാണ്. പലരും ഇവിടം വിട്ടു പോകുന്നതും ആ ശുശ്രൂഷയും സേവനവും അനുഭവിച്ചിട്ടുമാകും. ജീവനെയും മരണത്തെയും തടുക്കാൻ കഴിവുള്ളവരല്ലല്ലോ നമ്മളാരും.

എനിക്കു പറയാനുള്ളത് ഇത്രയേയുള്ളു... ദയവു ചെയ്ത് അവജ്ഞയോടെയുള്ള ആ നോട്ടം അവസാനിക്കുക... സേവനം ചെയ്ത് ജീവിക്കുന്നവർ തന്നെയാണ് ഞങ്ങളും.

Read More : ആരോഗ്യവാർത്തകൾ